മാഞ്ചസ്റ്റർ:- യൂറോപ്പിലെ ആദ്യത്തെ ക്നാനായ മിഷനായ സെന്റ്.മേരീസ് മിഷനിൽ ഇടവകയുടെ പ്രധാനപ്പെട്ട തിരുന്നാളായ ഇടവക മദ്ധ്യസ്ഥയായ അമലോത്ഭവ മാതാവിന്റെ തിരുന്നാൾ ഒക്ടോബർ 12 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് നോർത്തേൻഡണിലെ സെന്റ്. ഹിൽഡാസ് ദേവാലയത്തിൽ ഭക്തിപൂർവ്വം ആഘോഷിക്കും. കോട്ടയം അതിരൂപതയുടെ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി മുഖ്യകാർമ്മികനാകുന്ന തിരുനാൾ കുർബാനയിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാളും മിഷൻ ഡയറക്ടറുമായ മോൺസിഞ്ഞോർ ഫാ. സജി മലയിൽ പുത്തൻപുരയിൽ, രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ ഫാ.ആന്റണി ചുണ്ടെെലിക്കാട്ട് യു കെയിൽ സേവനമനുഷ്ടിക്കുന്ന ക്നാനായ വൈദികർ, മാഞ്ചസ്റ്ററിലുള്ള മറ്റ് സീറോ മലബാർ വൈദികർ തുടങ്ങിയവർ സഹകാർമികരാകും.

രാവിലെ 9.30ന് ബഹുമാനപ്പെട്ട ജോസഫ് പണ്ടാരശ്ശേരി പിതാവിനേയും ബഹുമാനപ്പെട്ട വൈദികരെയും മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കുന്നതോടെ ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് തുടക്കമാകും. മാഞ്ചസ്റ്റർ ക്നാനായ മിഷനിലെ ജോസ് പടപുരയ്ക്കലിന്റെയും റോയ് മാത്യുവിന്റേയും നേതൃത്വത്തിലുള്ള ഗായക സംഘം ദിവ്യബലിയിൽ ഗാനങ്ങൾ ആലപിക്കും. ദിവ്യബലിക്ക് ശേഷം ആഘോഷമായ പ്രദിക്ഷണം നടക്കും. പൊന്നിൻ കുരിശും വെള്ളിക്കുരിശും പതാകകളും മുത്തുക്കുടകളുമേന്തിയും വാദ്യമേളങ്ങളുടെയും ഐറിഷ് ബാൻന്റിന്റേേയും അകമ്പടിയോടെ പരിശുദ്ധ അമലോത്ഭ മാതാവിന്റേയും മറ്റ് വിശുദ്ധരുടേയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ടുള്ള നഗരവീഥികളിലൂടെയുള്ള ആഘോഷമായ പ്രദിക്ഷണം നടക്കും. പ്രദക്ഷിണം തിരികെ ദേവാലയത്തിൽ പ്രവേശിച്ച ശേഷം വാഴ് വും സമാപന ആശീർവാദവും നടക്കുന്നതോടെ തിരുന്നാളിന് സമാപനം കുറിക്കും. അമ്പ് എഴുന്നള്ളിക്കുന്നതിനും, അടിമ വയ്ക്കുന്നതിനുമുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

തിരുനാളിനോടനുബന്ധിച്ചുള്ള 10 ദിവ സത്തെ ജപമാലയാചരണവും ആരാധനയും ഒക്ടോബർ മൂന്നാം തീയ്യതി (വ്യാഴം) മുതൽ പീൽ ഹാളിലുള്ള സെന്റ്. എലിസബത്ത് ദേവാലയത്തിൽ വൈകുന്നേരം 7 മണിക്ക് നടത്തപ്പെടും. ഓരോ ദിവസത്തെയും വി.കുർബാനയും ജപമാലയും മിഷനിലെ വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. തിരുനാളിന്റെ പ്രസുദേന്തി വാഴ്ച ഒക്ടോബർ ആറാം തീയ്യതി സെൻറ്. എലിസബത്ത് ദേവാലയത്തിൽ വൈകുന്നേരം 4.30 ന് ദിവ്യബലിയോടുനുബന്ധിച്ച് നടക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പെരുനാളിന്റെ വിജയത്തിനായി ട്രസ്റ്റിമാരുടെയും പാരീഷ് കൗൺസിൽ അംഗങ്ങളുടെയും കൂടാരയോഗങ്ങളുടെയും നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തിച്ച് വരുന്നു.

തിരുന്നാളിന് ശേഷം ഉച്ചകഴിഞ്ഞ് രണ്ട് മുതൽ വിഥിൻഷോ ഫോറം സെൻററിൽ സൺഡേ സ്കൂൾ വാർഷികവും ഇടവക ദിനാഘോഷവും നടക്കും. കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. സൺഡേ സ്കൂൾ കുട്ടികൾ മുതിർന്നവർ, മിഷനിലെ മറ്റ് ഭക്ത സംഘടനകളുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും.

മാഞ്ചസ്റ്ററിൽ നടക്കുന്ന തിരുനാളിൽ സംബന്ധിച്ച് മാതാവിൽ നിന്നും പ്രത്യേകം അനുഗ്രഹം പ്രാപിക്കുവാൻ മാഞ്ചസ്റ്ററിലും പരിസരങ്ങളിലും താമസിക്കുന്ന എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ.ഫാ.സജി മലയിൽ പുത്തൻപുരയിൽ അറിയിച്ചു.