ഒലിവുമല താഴ് വരയിൽ ഓർശ്ലേമിൻ വീഥികളിൽ ദാവീദിൻ സുതനോശാന .. ഓശാന ഗീതികളുമായി സെന്റ് മേരീസ് സീറോ മലബാർ മിഷൻ ഹാമിൽട്ടൺ,ഗ്ലാസ്ഗോ വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്ക് തുടക്കം കുറിച്ചു.
മിഷൻ ഡയറക്ടർ ഫാ.ജോണി വെട്ടിക്കലിന്റെ കാർമ്മികത്വത്തിൽ ഓശാനാ ഞായർ തിരുക്കർമ്മങ്ങൾ സെന്റ് കത്ബർട്ട് ചർച്ച് ഹാമിൽട്ടണിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 02:30 ന് ഭക്ത്യാദരപൂർവ്വം നടത്തപെട്ടു .
പെസഹാ വ്യാഴം : തന്റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്‍റെ ഓര്‍മ്മയിലാണ് പെസഹ ആചരിക്കുന്നത്.
പെസഹ എന്ന വാക്കിന് അര്‍ത്ഥം ‘കടന്നുപോക്ക്’ എന്നാണ്. ഈ ദിവസം ഓരോ ഇടവകയില്‍ നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന 12 പേരുടെ കാല്‍ കഴുകുന്ന ചടങ്ങാണ് ഏറ്റവും പ്രധാനം.
സെന്റ് മേരിസ് സീറോ മലബാർ കാത്തലിക്ക് മിഷൻ ഹാമിൽട്ടണിൽ വ്യാഴാഴ്ച വൈകുന്നേരം 4 മണി മുതൽ പെസഹാ ദിന ശുശ്രൂഷകൾക്ക് ആരംഭം കുറിക്കും. ആദ്യകുർബാന സ്വീകരണം കഴിഞ്ഞ 12 ആൺകുട്ടികളുടെ കാലുകഴുകൽ, ആരാധന, അപ്പം മുറിക്കൽ എന്നീ ശുശ്രൂഷകൾക്ക് ഫാ. ജോണി വെട്ടിക്കൽ വി.സി കാർമ്മികത്വം വഹിക്കും.
ദു:ഖവെള്ളി : അപ്പോള്‍ ഭൂമി കുലുങ്ങി, സൂര്യന്‍ ഇരുണ്ടു. ദേവാലയത്തിലെ തിരശ്ശീല രണ്ടായി കീറി. ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു. ”പിതാവേ, അങ്ങേ കൈകളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു എന്നു നിലവിളിച്ചുകൊണ്ട് ഈശോ മരിച്ചു. ലോക ചരിത്രത്തിലെ ഏറ്റവും വലിയ ത്യാഗം അങ്ങനെ പൂര്‍ത്തിയായി. മറ്റുള്ളവര്‍ക്കു വേണ്ടി പീഡകള്‍ സഹിച്ചു യേശു കുരിശില്‍ മരിച്ചു. കുരിശുമരണത്തിലൂടെ ഈശോ മാനവരാശിക്കു നല്‍കിയ പുതുജീവിതത്തിന്റെ ഓര്‍മയാചരണമാണ് ദുഃഖ വെള്ളി. വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് പീഡാനുഭവ ചരിത്ര പാരായണം, പരിഹാര പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും.
ഉയിർപ്പു തിരുനാൾ : ജീവിതത്തിൽ നിരവധിയായ പ്രശ്നങ്ങള്‍ നേരിടുമ്പോഴും ദുഃഖസാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോഴും ആത്മവിശ്വാസവും പ്രത്യാശയും പകരുന്നതാണ് യേശുവിൻ്റെ പുനരുത്ഥാനം. മരണത്തെ കീഴടക്കി യേശു ഉയര്‍ത്തെഴുന്നേറ്റതിൻ്റെ ആഹ്ളാദവുമായി ഈ ദിനത്തിന്റെ തിരുക്കർമ്മങ്ങൾ ശനിയാഴ്ച വൈകിട്ട് 9 മണിക്ക് സെന്റ് കത്ത് ബർട്ട് പള്ളിയിൽ ആരംഭിക്കും തുടർന്ന് പ്രാർത്ഥനാ യൂണിറ്റുകളുടെ നേതൃത്വത്തിൽ സേനഹവിരുന്നും നടത്തും. ഈസ്റ്റർ ഞായറാഴ്‌ച കുർബ്ബാന രാവിലെ 11 മണിയ്ക്ക് .
പീഡാനുഭവ വാര തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് ആത്മീയ സന്തോഷം നേടാൻ എല്ലാ വിശ്വാസികളേയും സെന്റ് മേരീസ് സീറോ മലബാർ കാത്തലിക്ക് മിഷൻ ഹാമിൽട്ടണിലേയ്ക്ക് ക്ഷണിക്കുന്നതായി മിഷൻ ഡയറക്ടർ ഫാ. ജോണി വെട്ടിക്കൽ വി.സി. അറിയിച്ചു
Leave a Reply