സിബി ജോസ്

ആയിരങ്ങൾ പങ്കെടുത്ത ഓണാഘോഷം നാളികേരത്തിന്‍റെ നാട്ടിലല്ലെങ്കിലും ഓര്‍മയില്‍ സൂക്ഷിച്ചുവെക്കാൻ ഒരുപിടി നല്ല ഓർമകളുമായി സ്റ്റോക്ക് ഓൺ ട്രെന്റിലെ സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷൻ എസ്.എം.എയുടെ ഓണാഘോഷം ആവണിപുലരി പ്രൗഡഗംഭീരമായി.

യുകെയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ സ്റ്റോക്ക് ഓൺ ട്രെന്റിലെ സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷൻ എസ്.എം.എയുടെ ഓണാഘോഷം കോപ്പറേറ്റീവ് അക്കാദമിയിൽ ശനിയാഴ്ച രാവിലെ 11 മണി മുതല്‍ രാത്രി ഒന്‍പതു മണി വരെ വിപുലമായ പരിപാടികളോടെ നടത്തി.

ജാതി-മത ഭേദമില്ലാതെ എസ്.എം.എയുടെ കുടുംബാഗംങ്ങള്‍ എല്ലാവരും ഒരുമിച്ച് ഓണപൂക്കളം ഒരുക്കി കൊണ്ടാണ് ഓണാഘോഷങ്ങൾക്ക് തുടക്കം. അതിനുശേഷം നാടിന്റെ ഓർമകളിലേക്ക് ചേക്കേറി ഓണത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണമായ വിഭവസമൃദ്ധമായ ഓണസദ്യ, പായസത്തിന്റെ മധുരഗന്ധവും, അവിയലിന്റെയും പുളിയും, സാമ്പാറും കൂട്ടുകറിയും പച്ചടിയും കിച്ചടിയും ഉപ്പേരി, പപ്പടം, പഴം, അച്ചാർ, പായസങ്ങൾ പലതടക്കം വിഭവസമൃദ്ധമായ ഓണസദ്യ. വൈകീട്ട് എല്ലാവർക്കും ചായയും പഴം പൊരിയും നൽകിയപ്പോൾ ഇങ്ങനെയും ആഘോഷങ്ങൾ ഉണ്ട് എന്ന് സ്റ്റോക്ക് മലയാളികൾ തിരിച്ചറിയുകയായിരുന്നു.

ഒരുമയുടെയും മാനവികതയുടെയും സന്ദേശവുമായി വയനാട് ദുരന്തത്തിൽ മരിച്ചവർക്കും ദുരിതമനുഭവിക്കുന്നവർക്കും അനുശോചനം അറിയിച്ച് ഈശ്വര പ്രാർഥനയോടെ സാംസ്കാരിക പരിപാടികൾ ആരംഭിച്ചു. സദസ്സിനെ ആകെ കോരിത്തരിപ്പിക്കുന്ന വിവിധയിനം കലാപരിപാടികള്‍ ആയിട്ടായിരുന്നു പിന്നീടുള്ള മണിക്കുറുകള്‍ കടന്ന് പോയത്. മുതിർന്നവരും കുട്ടികളും ഉൾപ്പെടെ 69 പേർ പങ്കെടുത്ത മെഗാ തിരുവാതിര കാണികളുടെ കൈയ്യടി നേടി.

പൈതൃക തനിമ കാത്ത് ഓണക്കാലത്ത് തൻ്റെ രാജ്യത്തെയും ജനങ്ങളെയും സന്ദർശിക്കാന മഹാമനസ്കനായ അസുര രാജാവായ മഹാബലിയുടെ വരവ്, വേഷംകൊണ്ടും ഭാവംകൊണ്ടും ചിരിപ്പിച്ച് രസിപ്പിക്കുന്ന നാട്യവും കൊച്ചു കൊച്ചു തമാശകളുമായി മാവേലി ഫുൾ കളർ ആയി.

ഓണപ്പാട്ടും ഡാന്‍സും, എസ് എം എയിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫാഷൻഷോ, കുട്ടികളുടെയും മുതിർന്നവരുടെയും നൃത്ത കലാപരിപാടികൾ, ചെണ്ടമേളം, എസ്.എം.എയുടെ ഓണാഘോഷ പരിപാടിയുടെ യക്ഷസ് വാനോളം ഉയർത്തി. എസ്.എം.എ അംഗങ്ങളുടെ പൂർണ പിന്തുണയോടെ ഓണാഘോഷങ്ങളുടെ രജിസ്ട്രേഷനും പേയ്‌മെന്റും പൂർണ്ണമായും ഓൺലൈനായി, ക്യാഷ് ലെസ്സ് ആയി നടന്നു. ഇത് ഓണാഘോഷം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കി.

പ്രസിഡന്റ് എബിൻ ബേബിയുടെ  അധ്യക്ഷതയിൽ ചേർന്ന സാംസ്ക്കാരിക സമ്മേളനത്തിൽ സെക്രട്ടറി ജിജോ ജോസഫ് സ്വാഗതവും, ട്രഷറർ ആന്റണി സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. കൂടാതെ ജയാ വിബിൻ ഓണസന്ദേശവുമായി വേദിയിൽ എത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബേസിൽ ജോയ്, ജയ വിബിൻ , ഐനിമോൾ സാജു ആർട്സ് കോർഡിനേറ്റർ രാജലക്ഷ്മിരാജൻ , മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും കള്‍ച്ചറല്‍ പ്രോഗ്രാമിനും ഓണാഘോഷ പരിപാടികൾക്കും നേതൃത്വം കൊടുത്തു.

ഒൻപത് മണിയോടെ പരിപാടികൾ അവസാനിക്കുമ്പോൾ പ്രതിഫലിച്ചു നിന്നതു ഒന്ന് മാത്രം… സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികൾ ഇന്ന് വരെ കാണാത്തതരത്തിലുള്ള ഒരു ഒരു ജനപങ്കാളിത്തം… സ്റ്റോക്കിലെ “ബാഹുബലിയായി” ഇന്നലെയും  ഇന്നും എന്നും തുടരും എന്ന സത്യം… ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.