സ്റ്റാന്‍സ്‌റ്റെഡ്: പ്രക്ഷോഭകര്‍ വിമാനം വളഞ്ഞതിനെത്തുടര്‍ന്ന് സ്റ്റാന്‍സ്‌റ്റെഡ് വിമാനത്താവളത്തിന്റെ റണ്‍വേ അടച്ചിട്ടു. ചൊവ്വാഴ്ചയാണ് സംഭവം. അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്ന വിമാനം തടയാനാണ് തങ്ങള്‍ ശ്രമിച്ചതെന്നാണ് പ്രക്ഷോഭകര്‍ പറഞ്ഞത്. ജനങ്ങള്‍ അതിക്രമിച്ചു കയറിയതിനാല്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇപ്രകാരം ചെയ്തതെന്ന് വിമാനത്താവളം അധികൃതര്‍ പറഞ്ഞു.
സംഭവത്തേത്തുടര്‍ന്ന് നിരവധി സര്‍വീസുകള്‍ വഴിതിരിച്ചു വിടേണ്ടി വന്നു. അഭയാര്‍ത്ഥികളെ നാട് കടത്തുന്നതിനെതിരെ പ്രവര്‍ത്തിക്കുന്നതും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നതുമായ സന്നദ്ധ സംഘടനകളുടെ എട്ട് പ്രതിനിധികളാണ് വിമാനം വളഞ്ഞതെന്ന് ആക്ടിവിസ്റ്റുകളുടെ പ്രസ്താവന പറയുന്നു.
നൈജീരിയ, ഘാന എന്നിവിടങ്ങളിലേക്ക് അഭയാര്‍ത്ഥികളെ പറ്റത്തോടെ അയക്കാന്‍ ചാര്‍ട്ടര്‍ ചെയ്ത വിമാനമാണ് തങ്ങള്‍ തടയാന്‍ ശ്രമിച്ചതെന്നാണ് പ്രസ്താവന. സ്റ്റോപ്പ് ചാര്‍ട്ടര്‍ ഫ്‌ളൈറ്റ്‌സ് എന്‍ഡ് ഡിപോര്‍ട്ടേഷന്‍ എന്ന ഫേസ്ബുക്ക് പേജിലാണ് പ്രസ്താവന പ്രത്യക്ഷപ്പെട്ടത്.