ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിൻഡർ ഫ്യൂവൽ പെയ്മെൻറ് ധനസഹായം വെട്ടി കുറയ്ക്കാനുള്ള നടപടികളിൽ നിന്ന് സർക്കാർ പിന്മാറുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. 80 വയസ്സിന് താഴെയുള്ള പെൻഷൻകാരുള്ള കുടുംബങ്ങൾക്ക് 200 പൗണ്ട് അല്ലെങ്കിൽ 80 വയസ്സിനു മുകളിലുള്ള പെൻഷൻകാരുള്ള കുടുംബങ്ങൾക്ക് 300 പൗണ്ട് എന്ന തോതിലാണ് ശൈത്യകാല ഇന്ധന പേയ്മെന്റ് പ്രതിവർഷം നൽകുന്നത്. സ്വന്തം പാർട്ടിയിൽ നിന്നു തന്നെയുള്ള കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് സർക്കാർ മുൻ തീരുമാനത്തിൽ നിന്ന് പിന്നോക്കം പോയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഇത് മുമ്പ് എല്ലാ പെൻഷൻകാർക്കും നവംബർ അല്ലെങ്കിൽ ഡിസംബർ മാസങ്ങളിൽ നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം സർക്കാർ പെൻഷൻ ക്രെഡിറ്റിനും മറ്റ് വരുമാനവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾക്കും യോഗ്യത പരിമിതപ്പെടുത്തിയതിനെ തുടർന്ന് 10.3 ദശലക്ഷം പേർക്ക് ഈ അനൂകൂല്യം നഷ്ടപ്പെട്ടു. ഇത് വഴി 1.4 ബില്യൺ പൗണ്ട് സർക്കാരിന് ലഭിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനെതിരെ സ്വന്തം പാർട്ടിയിൽ നിന്നും പ്രതിപക്ഷത്തു നിന്നും കടുത്ത പ്രതിഷേധങ്ങളും ഉയർന്നു വന്നിരുന്നു. കഴിഞ്ഞ ജൂലൈയിൽ ലേബർ പാർട്ടി അധികാരമേറ്റതിന് തൊട്ടുപിന്നാലെ പ്രഖ്യാപിച്ച ഈ നീക്കം യൂണിയനുകളിൽ നിന്നും പെൻഷൻകാരുടെ ചാരിറ്റികളിൽ നിന്നും കടുത്ത വിമർശനത്തിന് കാരണമായി.
കഴിഞ്ഞമാസം ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ തോൽവി നയം മാറ്റാൻ ഒരു കാരണമാണ്. ജനവിധി എതിരായതിൻറെ പേരിൽ ലേബർ എംപിമാരും കൗൺസിലർമാരും സർക്കാരിൻറെ വിൻ്റർ ഫ്യുവൽ പെയ്മെൻറ് കട്ടിനെ കുറ്റപ്പെടുത്തിയിരുന്നു. ജീവിതകാലം മുഴുവൻ രാജ്യത്തെ സേവിച്ച ഒരാളെയും ദാരിദ്ര്യത്തിലേയ്ക്ക് തള്ളി വിടരുതെന്നാണ് ഇതേ കുറിച്ച് നേരത്തെ ധനസഹായം നടപ്പിലാക്കാൻ മുൻകൈയെടുത്ത മുൻ ലേബർ പ്രധാനമന്ത്രി ഗോർഡൻ ബ്രൗൺ പ്രതികരിച്ചത്.
Leave a Reply