ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ കെയർ സ്റ്റാർമർ അമേരിക്ക – ഇസ്രായേൽ സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണത്തെ തുടർന്ന് ബ്രിട്ടൻ സ്വീകരിച്ച നിലപാട് പാർലമെന്റിൽ വിശദീകരിച്ചു. ആദ്യഘട്ട ആക്രമണങ്ങൾക്ക് ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നിഷേധിച്ചതായി അദ്ദേഹം പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ തീരുമാനത്തിൽ അസന്തുഷ്ടി പ്രകടിപ്പിച്ചെങ്കിലും ബ്രിട്ടന്റെ ദേശീയ താൽപര്യമാണ് താൻ മുൻനിർത്തിയതെന്ന് സ്റ്റാർമർ വ്യക്തമാക്കി. ഇറാഖ് യുദ്ധത്തിലെ പാഠങ്ങൾ പരിഗണിച്ചാണ് തീരുമാനമെടുത്തതെന്നും വ്യക്തമായ ലക്ഷ്യവും , നിയമപരമായ സാധുതയും ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശനിയാഴ്ച യുഎസും ഇസ്രായേലും ഇറാനിൽ നടത്തിയ ആക്രമണത്തിൽ പരമോന്നത നേതാവ് അലി ഖമേനി കൊല്ലപ്പെട്ടതിനെ തുടർന്ന് മേഖലയിൽ സംഘർഷം രൂക്ഷമായി കൊണ്ടിരിക്കുകയാണ് . മറുപടിയായി ഇറാൻ ഇസ്രായേൽ, ബഹ്റൈൻ, ഖത്തർ, കുവൈത്ത്, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കും ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച കപ്പലുകളിലേക്കും മിസൈൽ–ഡ്രോൺ ആക്രമണം നടത്തി. തുടർന്നു ബ്രിട്ടീഷ് പൗരന്മാർക്കും താൽപര്യങ്ങൾക്കും ഭീഷണി ഉയർന്ന സാഹചര്യത്തിൽ പ്രതിരോധ ലക്ഷ്യത്തോടെ ഇറാന്റെ മിസൈൽ സൗകര്യങ്ങളെ ലക്ഷ്യമിട്ട ആക്രമണങ്ങൾക്ക് ബ്രിട്ടീഷ് താവളങ്ങൾ പരിമിതമായി ഉപയോഗിക്കാൻ അനുമതി നൽകിയതായി സ്റ്റാർമർ വ്യക്തമാക്കി. എന്നാൽ ബ്രിട്ടൻ യുദ്ധത്തിൽ പങ്കുചേരുന്നില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

ഇതിനിടെ പ്രതിപക്ഷ നേതാവ് കെമി ബാഡെനോക്ക് സർക്കാർ നിലപാട് “ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ് എന്ന് ” വിമർശിച്ചു . റീഫോം യുകെയുടെ ഉപനേതാവ് റിച്ചാർഡ് ടൈസ് അമേരിക്കയെ പിന്തുണയ്ക്കാത്തത് അന്താരാഷ്ട്ര വേദിയിൽ ബ്രിട്ടനെ ദുർബലമാക്കുന്നതാണെന്ന് ആരോപിച്ചു. മറുവശത്ത് ലിബറൽ ഡെമോക്രാറ്റ് നേതാവ് എഡ് ഡേവിയും ഗ്രീൻ പാർട്ടി വിദേശകാര്യ വക്താവ് എല്ലി ചൗൺസും യുഎസ്–ഇസ്രായേൽ നടപടി നിയമവിരുദ്ധമാണെന്ന് വിമർശിക്കുകയും യുകെയുടെ പങ്കാളിത്തത്തിന് പാർലമെന്ററി വോട്ടെടുപ്പ് വേണമെന്നും ആവശ്യപ്പെട്ടു. സ്‌കോട്ട്ലൻഡ് പ്രഥമ മന്ത്രി ജോൺ സ്വിന്നിയും നിലവിലെ സ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ചു. മിഡിൽ ഈസ്റ്റിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന്മാർ സർക്കാർ രജിസ്ട്രേഷനിൽ പേര് ചേർക്കണമെന്ന് വിദേശകാര്യ വകുപ്പ് നിർദ്ദേശിച്ചിരിക്കുകയാണ്. ഇതിനകം ഒരു ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു.











Leave a Reply