ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമേരിക്കൻ സ്ഥാനപതി പീറ്റർ മാൻഡൽസണെ പുറത്താക്കിയ സംഭവം ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ കത്തി പടരുകയാണ് . ഇതോടെ ലേബർ പാർട്ടി നേതാവും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ സർ കീർ സ്റ്റാർമറിന്റെ നേതൃത്വം കടുത്ത സമ്മർദ്ദത്തിലാണ്. ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഈ മെയിൽ വിവാദം പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് മാൻഡൽസണെ പുറത്താക്കിയത്. പക്ഷേ, ഈ നീക്കം പാർട്ടിക്കുള്ളിൽ തന്നെ സ്റ്റാർമറിന്റെ കസേര ചോദ്യം ചെയ്യപ്പെടുന്ന തരത്തിലേക്ക് മാറിയിരിക്കുകയാണ്.
പാർട്ടി എംപിമാരുടെ വിമർശനങ്ങൾ വിഴുപ്പലക്കലുകളിലേയ്ക്ക് മാറി കഴിഞ്ഞു . ഇടതുപക്ഷ നേതാവായ റിച്ചാർഡ് ബർഗൺ വരെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ലേബർ മോശം പ്രകടനം കാഴ്ചവെച്ചാൽ സ്റ്റാർമറുടെ രാജി അനിവാര്യമാകും എന്ന് വ്യക്തമാക്കി. കൂടാതെ ഡെപ്യൂട്ടി പ്രധാനമന്ത്രി ആഞ്ചല റെയ്നറുടെ രാജിക്കു പിന്നാലെ വന്ന മാൻഡൽസൺ വിവാദം, സർക്കാരിനുള്ളിലെ പ്രവർത്തന രീതിയെ കുറിച്ചും എംപിമാർക്ക് ആശങ്കകൾ ഉയർത്തിയിരിക്കുകയാണ്.
സംഭവം ചൂടുപിടിച്ചിരിക്കുന്ന സാഹചര്യത്തിൽ ഡൗണിംഗ് സ്ട്രീറ്റിന്റെ പ്രധാന പ്രതീക്ഷ വരുന്ന ലേബർ പാർട്ടി കോൺഫറൻസും, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യുകെ സന്ദർശനവുമാണ്. എന്നാൽ പ്രതിപക്ഷ കൺസർവേറ്റിവുകളും വലതുപക്ഷ നേതാക്കളും സ്റ്റാർമറുടെ വിധിനിർണ്ണയ ശേഷിയെ ചോദ്യം ചെയ്യുന്നതിനൊപ്പം മാൻഡൽസൺ നിയമനവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പുറത്തു വിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന കുടിയേറ്റ വിരുദ്ധ റാലികളുൾപ്പെടെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ സർക്കാർ കടുത്ത അങ്കലാപ്പിലാണ് എന്നാണ് പുറത്തുവരുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
Leave a Reply