ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജൂലൈ നാലിന് നടന്ന തിരഞ്ഞെടുപ്പിനെ തുടർന്ന് അധികാരത്തിലെത്തിയ ലേബർ പാർട്ടി സർക്കാർ ഒട്ടേറെ വിപ്ലവകരമായ മാറ്റങ്ങളാണ് മന്ത്രിസഭാ രൂപീകരണത്തിൽ വരുത്തിയിരിക്കുന്നത്. ഇത്രയും കാലത്തിനിടെ യുകെ മന്ത്രിസഭയിൽ അധികാരം ഏൽക്കുന്ന ആദ്യത്തെ വനിതാ ചാൻസലർ ആണ് റേച്ചൽ റീവ്സ് . സ്ത്രീ പ്രാതിനിധ്യത്തിലും കെയർ സ്റ്റാർമർ മന്ത്രിസഭയും പാർലമെന്റും വളരെ മുന്നിലാണ്. ബ്രിട്ടീഷ് ജനസംഖ്യയുടെ 18 ശതമാനം വരുന്ന വെള്ളക്കാരല്ലാത്ത വംശീയ ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്ന 87 എം പി മാരാണ് പുതിയ പാർലമെൻറിൽ ഉള്ളത്. അവരിൽ 66 പേരും ലേബർ പാർട്ടിയെയാണ് പ്രതിനിധീകരിക്കുന്നത്.
യുവ എംപിമാരെ നേതൃത്വനിരയിലേയ്ക്ക് കൊണ്ടു വരുന്നതിന് പ്രത്യേക പ്രാധാന്യമാണ് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ നടത്തിയിരിക്കുന്നത്. ഈ പാർലമെന്റിൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട 5 എംപിമാർക്കാണ് സ്റ്റാർമർ തന്റെ മന്ത്രിസഭയിൽ സ്ഥാനം നൽകിയത്. പാർലമെൻറിൽ മുൻ പരിചയമില്ലാത്ത എംപിമാർക്ക് മന്ത്രിസ്ഥാനം നൽകുന്നത് അസാധാരണമായ നടപടിയാണ്. അതിൽ പ്രധാനപ്പെട്ടതാണ് മുൻകാല ലേബർ നേതാവായിരുന്ന ലോർഡ് ഫിലിപ്പ് ഗൗൾഡിൻ്റെ മകളുമായ ജോർജിയ ഗൗൾഡിനെ കാബിനറ്റ് ഓഫീസിൽ പാർലമെൻ്ററി സെക്രട്ടറിയായി നിയമിച്ചത് .
എനർജി സെക്യൂരിറ്റി ആൻഡ് നെറ്റ് സീറോയിലെ ജൂനിയർ മിനിസ്റ്റർ ആയി സ്ഥാനമേറ്റ മിയാറ്റ ഫാൻബുള്ളെ , മിനിസ്റ്റർ ഓഫ് വെറ്ററൻസ് ആയ കേണൽ അലിസ്റ്റർ കാർൺസ് എന്നിവരെല്ലാം ആദ്യമായി പാർലമെൻറിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവരാണ് .ആസൂത്രണ നിയമ വിദഗ്ധയായ സാറാ സാക്ക്മാൻ ആണ് പുതിയ സോളിസിറ്റർ ജനറൽ. ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട കിർസ്റ്റി മക്നീൽ ആണ് സ്കോട്ട്‌ലൻഡ് ഒഫീഷ്യൽ ജൂണിയർ മന്ത്രി. ജൂണിയർ മന്ത്രിമാരുടെ നിയമനം ഇതുവരെ പൂർത്തിയാട്ടില്ല . മന്ത്രി തലത്തിൽ യുവരക്തത്തെ ഉൾപ്പെടുത്തി തലമുറ മാറ്റത്തിനും കെയർ സ്റ്റാർമർ മുൻ കൈ എടുക്കുന്നതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Leave a Reply