ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡോക്ടർമാരുടെ സമര മുന്നറിയിപ്പിനെതിരെ കടുത്ത നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി കെയർ സ്റ്റാർമർ രംഗത്തുവന്നു . ഏപ്രിൽ 7 മുതൽ ആറുദിവസം നീണ്ടുനിൽക്കുന്ന സമരത്തിൽ നിന്ന് പിന്മാറാൻ 48 മണിക്കൂർ സമയം ആണ് ഡോക്ടർമാർക്ക് അനുവദിച്ചിരിക്കുന്നത് . 2023 മുതൽ തുടർന്നു കൊണ്ടിരിക്കുന്ന വേതന തർക്കത്തിന്റെ ഭാഗമായി ഇത് 15-ാമത്തെ സമരമാണ് ഡോക്ടർമാർ പ്രഖ്യാപിക്കുന്നത് . ഈ സമരം ഈസ്റ്റർ അവധിക്ക് പിന്നാലെ നടക്കുന്നതും ആരോഗ്യ സേവനങ്ങൾക്ക് കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുമെന്ന് ആശങ്കയുണ്ട്. സർക്കാർ നൽകിയ ഓഫർ നിരസിച്ച സാഹചര്യത്തിൽ, സമരം തുടരുകയാണെങ്കിൽ പുതിയ നിയമനങ്ങളും അവസരങ്ങളും പിൻവലിക്കുമെന്ന് സ്റ്റാർമർ മുന്നറിയിപ്പ് നൽകി.

സർക്കാർ മുന്നോട്ടുവച്ച “ചരിത്രപരമായ” കരാറിൽ 3.5% അധിക ശമ്പള വർധനയും, മൂന്നു വർഷംകൊണ്ട് മൊത്തം 35% വരെ ശമ്പള വർധനയും ഉൾപ്പെടുന്നു. കൂടാതെ ശമ്പള പുരോഗതി മെച്ചപ്പെടുത്തൽ, കൂടുതൽ പരിചയം നേടുന്ന ഡോക്ടർമാർക്ക് മികച്ച പ്രതിഫലം, റോയൽ കോളേജ് പരീക്ഷാ ഫീസ് തിരിച്ചടവ്, അടുത്ത മൂന്ന് വർഷത്തിൽ 4,500 അധിക സ്പെഷ്യാലിറ്റി ട്രെയിനിംഗ് അവസരങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ സമരവും എൻഎച്ച്എസിന് ഏകദേശം £250 മില്യൺ വരെ അധിക ചെലവ് ഉണ്ടാക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതോടെ രോഗികളുടെ ശസ്ത്രക്രിയകളും പരിശോധനകളും വൈകാൻ ഇടയാകുമെന്നും, വെയിറ്റിംഗ് ലിസ്റ്റ് കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ്റെ റെസിഡന്റ് ഡോക്ടർസ് കമ്മിറ്റിയുടെ നിലപാട് വ്യത്യസ്തമാണ്. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ വിലക്കയറ്റം വീണ്ടും ഉയരുമെന്ന പ്രവചനങ്ങൾ നിലനിൽക്കുന്നതിനാൽ, ഈ കരാർ അംഗീകരിച്ചാൽ ഡോക്ടർമാരുടെ യഥാർത്ഥ വരുമാനം കുറയാൻ സാധ്യതയുണ്ടെന്ന് അവർ പറയുന്നു. ഇതിനകം തന്നെ പല ഡോക്ടർമാരും വിദേശ രാജ്യങ്ങളിലേക്ക് മാറുന്ന സാഹചര്യത്തിൽ, കുറഞ്ഞ ശമ്പള വർധന തുടരുകയാണെങ്കിൽ എൻഎച്ച്എസിൽ സ്റ്റാഫ് ക്ഷാമം രൂക്ഷമാകുമെന്നും അവർ മുന്നറിയിപ്പ് നൽകി. എന്നാൽ, പ്രശ്നപരിഹാരത്തിനായി സർക്കാരുമായി ചർച്ചകൾ തുടരാൻ തങ്ങൾ തയ്യാറാണെന്നും, നല്ലൊരു കരാർ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്മിറ്റിയുടെ നേതാക്കൾ വ്യക്തമാക്കി.











Leave a Reply