ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെനിസ്വേലയ്ക്കെതിരായ അമേരിക്കൻ സൈനികാക്രമണം അന്താരാഷ്ട്ര നിയമലംഘനമാണോ എന്ന കാര്യത്തിൽ പ്രതികരിക്കാൻ യുകെ പ്രധാനമന്ത്രി സർ കിയർ സ്റ്റാർമർ തയ്യാറായില്ല. ബി.ബി.സി.യുടെ സണ്ടേ വിത്ത് ലോറ ക്യൂൻസ്‌ബർഗ് പരിപാടിക്ക് നൽകിയ അഭിമുഖത്തിലാണ് വിഷയത്തിൽ വ്യക്തമായ നിലപാട് എടുക്കാൻ അദ്ദേഹം വിസമ്മതിച്ചത്. സംഭവവുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും സ്ഥിരീകരിച്ചതിന് ശേഷം മാത്രമേ പ്രതികരിക്കൂവെന്ന് സ്റ്റാർമർ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമത്തിന് എല്ലാ പിന്തുണയും നൽകുന്ന രാജ്യമാണ് യുകെ എന്ന് അദ്ദേഹം പറഞ്ഞു.

വെനിസ്വേലയിലുണ്ടായ വൻതോതിലുള്ള സൈനികാക്രമണത്തിൽ യുകെയ്ക്ക് പങ്കില്ലെന്ന് സ്റ്റാർമർ വ്യക്തമാക്കി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ട അമേരിക്കൻ സൈനിക നടപടി സംബന്ധിച്ച് ട്രംപുമായി താൻ ഇതുവരെ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ആക്രമണത്തെ തുടർന്ന് വെനിസ്വേലയിലെ പ്രസിഡന്റ് നിക്കോളാസ് മദൂറോ പിടിയിലായെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്. എന്നാൽ അമേരിക്കയുടെ നടപടി അന്താരാഷ്ട്ര നിയമം ലംഘിച്ചോ എന്ന ചോദ്യത്തിൽ പ്രധാനമന്ത്രി പ്രതികരണം ഒഴിവാക്കി.

അതേസമയം, മദൂറോയെ അനധികൃത പ്രസിഡന്റായി യുകെ കാണുന്നുവെന്ന് സ്റ്റാർമർ പിന്നീട് സാമൂഹിക മാധ്യമമായ എക്സിൽ വ്യക്തമാക്കി. മദൂറോയുടെ ഭരണകാലാവധി അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കുറിച്ചു. വെനിസ്വേലയിലെ സാഹചര്യങ്ങൾ വിലയിരുത്താൻ അമേരിക്കൻ പ്രതിനിധികളുമായി യുകെ സർക്കാർ ചർച്ച നടത്തുമെന്നും, ജനങ്ങളുടെ താൽപര്യത്തെ പ്രതിഫലിപ്പിക്കുന്ന നിയമാനുസൃത ഭരണത്തിലേക്കുള്ള സമാധാനപരമായ മാറ്റമാണ് ലക്ഷ്യമെന്നും സ്റ്റാർമർ വ്യക്തമാക്കി. കരാക്കസിലെ ബ്രിട്ടീഷ് എംബസിയുമായി ചേർന്ന് ഏകദേശം 500 ബ്രിട്ടീഷ് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.











Leave a Reply