സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആർക്കൊക്കെയാവും പുരസ്കാര നേട്ടമെന്ന് കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. അവാർഡുകളെ കുറിച്ച് ചില സൂചനകൾ ഇന്നലെ ചാനലുകളിൽ വന്നെങ്കിലും അതൊന്നും വാസ്തമല്ലെന്നാണ് സർക്കാരിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. മികച്ച നടൻ, നടി, സംവിധായകൻ, ചിത്രം തുടങ്ങിയ വിഭാഗങ്ങളിൽ പുരസ്കാരത്തിനായി കനത്ത മത്സരമാണ് നടക്കുന്നത്.
മോഹൻലാൽ (ഒപ്പം), ഫഹദ് ഫാസിൽ (മഹേഷിന്റെ പ്രതികാരം), വിനായകൻ (കമ്മട്ടിപ്പാടം) എന്നിവരാണ് മികച്ച നടനുള്ള അവസാന പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ഇതിൽ വിനായകന്റെ പേര് സഹനടനുള്ള കാറ്റഗറിയിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സമർപ്പിച്ചിരിക്കുന്നത്. മികച്ച നടനുള്ള മത്സരത്തിൽ വിനായകൻ രംഗത്തുണ്ടെങ്കിലും സഹനടനുള്ള പുരസ്കാരത്തിനാണ് അണിയറക്കാർ പേരു സമർപ്പിച്ചിരിക്കുന്നതെന്ന വൈരുദ്ധ്യം നിലനിൽക്കുന്നതിനാൽ ജൂറി അംഗങ്ങളിൽ പലർക്കും അഭിപ്രായവ്യത്യാസമുണ്ട്.

സാധ്യതകൾ ഏറെയും മോഹൻലാലിലെക്കാണ് വിരൽ ചൂണ്ടുന്നതെങ്കിലും അതെല്ലാം മറികടന്ന് ചിലപ്പോൾ അയാൾ ശശിയിലെ അഭിനയത്തിന് ശ്രീനിവാസനോ കറുത്ത ജൂതൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് സലിംകുമാറോ അവാർഡ് നേടിയാലും അത്ഭുതപ്പെടാനില്ല. മുൻവർഷങ്ങളിലേതു പോലെ യുവത്വത്തിന് പരിഗണന നൽകിയാൽ ഫഹദിനാവും നറുക്ക് വീഴുക.

കാംബോജിയിലെ അഭിനയത്തിന് ലക്ഷ്മി ഗോപാലസ്വാമിയും പിന്നെയും എന്ന ചിത്രത്തിലെ അഭിനയത്തിന് കാവ്യ മാധവനുമാണ് മികച്ച നടിമാർക്കുള്ള അവസാനപട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. കാടു പൂക്കുന്ന നേരത്തിലെ അഭിനയത്തിന് റിമ കല്ലിങ്കലും മത്സരരംഗത്തുണ്ട്.

മികച്ച സംവിധായകനുള്ള മത്സരത്തിൽ അടൂർ ഗോപാലകൃഷ്ണൻ, ദിലീഷ് പോത്തൻ, വിധു വിൻസെന്റ്, ഡോ: ബിജു എന്നിവരാണുള്ളത്. ഇതിൽ ദിലീഷും വിധുവും നവാഗത സംവിധായകരാണ്. നവാഗത സംവിധായകർക്കുള്ള പുരസ്കാരത്തിനായി ഇവർക്കിരുവർക്കും പുറമെ ഗപ്പി എന്ന ചിത്രം ഒരുക്കിയ ജോൺ പോളും മത്സരിക്കുന്നു. മഹേഷിന്റെ പ്രതികാരമാണ് മികച്ച ചിത്രത്തിനായുള്ള മത്സരത്തിൽ മുൻപന്തിയിലുള്ളത്. പുലിമുരുകൻ ജനപ്രിയ ചിത്രമായേക്കും. ബാലതാരത്തിനുള്ള പുരസ്കാരം ഗപ്പിയിലെ അഭിനയത്തിന് മാസ്റ്റർ ചേതനു ലഭിച്ചേക്കും. ഛായാഗ്രഹകനുള്ള പുരസ്കാരത്തിനായി ഷൈജു ഖാലിദും (മഹേഷിന്റെ പ്രതികാരം) ഗിരീഷ് ഗംഗാധരൻ(ഗപ്പി) തമ്മിലാണ് മത്സരം. മികച്ച തിരക്കഥാകൃത്ത് ആരാകുമെന്ന സൂചനകൾ ഇപ്പോഴില്ല.

ശ്രീനിവാസൻ നായകനായി അഭിനയിച്ച അയാൾ ശശിയും സലിം കുമാർ സംവിധാനം ചെയ്ത് അഭിനയിച്ച കറുത്ത ജൂതനും അവാർഡ് നേട്ടത്തിലെ കറുത്ത കുതിരകളാകാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. സംവിധായകനായ സുന്ദർദാസ് ഒഴികെയുള്ള ജൂറി അംഗങ്ങളെല്ലാവരും ആർട്ട് സിനിമകളുടെ വക്താക്കളാണെന്നതും അവാർഡ് നിർണയത്തെ സ്വാധീനിച്ചേക്കാം.

പ്രശസ്ത ഒഡീഷ സംവിധായകനും ക്യാമറാമാനുമായ എ.കെ.ബിർ അധ്യക്ഷനായ പത്തംഗ ജൂറിയിൽ‌ സംവിധായകരായ പ്രിയനന്ദനൻ, സുന്ദർദാസ്, സുദേവൻ, തിരക്കഥാകൃത്ത് പി.എഫ്.മാത്യൂസ്, നടി ശാന്തികൃഷ്ണ, സംഗീത സംവിധായകനും ഗായകനുമായ വി.ടി.മുരളി, സൗണ്ട് ഡിസൈനർ അരുൺ നമ്പ്യാർ, നിരൂപക ഡോ. മീന ടി.പിള്ള, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു(മെംബർ സെക്രട്ടറി) എന്നിവരാണുള്ളത്.