തിരുവനന്തപുരം: റോഡ് വെട്ടിപ്പൊളിക്കുന്നത് മൂലം സംസ്ഥാനത്തിന് നഷ്ടമാകുന്നത് 3,000 കോടി രൂപയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. അയ്യായിരത്തോളം സ്ഥലങ്ങളില്‍ ഓരോ വര്‍ഷവും റോഡ് വെട്ടിപ്പൊളിക്കുന്നുണ്ട്. റോഡ് പൊളിക്കുന്ന വകുപ്പ് നിശ്ചിത തുക പുനര്‍നിര്‍മ്മാണത്തിന് കെട്ടിവെക്കണം. എന്നാല്‍ പിന്നീട് റോഡ് പഴയതു പോലെ ആകുന്നില്ല. വലിയ ക്രമക്കേടുകള്‍ ഇതില്‍ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റോഡ് പൊളിക്കുന്ന ചില സ്വകാര്യ കമ്പനികള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും വ്യാഴാഴ്ച്ച മന്ത്രി നിയമസഭയില്‍ അറിയിച്ചു.
പൊതുമരാമത്ത് വകുപ്പിന് കീഴില്‍ സംസ്ഥാനത്ത് ഉടനീളം സോഷ്യല്‍ ഓഡിറ്റിങ് ഘട്ടംഘട്ടമായി നടപ്പാക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. പ്രവൃത്തികളുടെ ഗുണനിലവാരം, ജനകീയത, സുതാര്യത എന്നിവയും സമയബന്ധിതമായി പണികള്‍ പൂര്‍ത്തിയാക്കലുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ക്രമക്കേട് കണ്ടെത്തിയാല്‍ അംഗീകൃത ഗവ. ഏജന്‍സിയെക്കൊണ്ട് അന്വേഷിച്ച ശേഷം നടപടി എടുക്കും. ഓരോ പ്രദേശത്തെയും ജനപ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരടങ്ങിയ സമിതി രൂപീകരിച്ചാണ് ഇത് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരിന് കീഴിലുള്ള എല്ലാ ടോളുകള്‍ നില്‍ത്തലാക്കുമെന്ന് മന്ത്രി അറിയിച്ചു. ഏഴ് സ്ഥലങ്ങളില്‍ ഇതുവരെ ടോള്‍ പിരിവ് നിര്‍ത്തലാക്കിയിട്ടുണ്ട്. ദേശീയ പാതയില്‍ത്തന്നെ 100 കോടിയില്‍ താഴെ മുടക്കുമുതല്‍ വരുന്ന നാലിടങ്ങളില്‍ ടോള്‍ പിരിവ് നിര്‍ത്തലാക്കി. ഇനി നിര്‍മ്മിക്കുന്ന റോഡുകള്‍ക്ക് ടോള്‍ അനുവദിക്കില്ലെന്നും മന്ത്രി സഭയില്‍ പറഞ്ഞു.