സ്വന്തം ലേഖകന്‍

ഗ്ലോസ്സറ്റര്‍ : ജെയിംസ് ജോസ്സിന്റെ ജീവനെ രക്ഷിക്കുവാന്‍ സ്‌റ്റെം സെൽ ദാനം ചെയ്യുന്നതിന് നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍ അതിന്റെ ആവശ്യമില്ല എന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാം. സ്‌റ്റെം സെൽ ദാനം ചെയ്യുന്നതുകൊണ്ട് ഒരു വ്യക്തിക്ക് എതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ടോ ?, എങ്ങനെയാണ് സ്റ്റെം സെല്‍ ദാനം ചെയ്യുന്നത് ? തുടങ്ങിയെപ്പറ്റി യുകെയിലെ ഏറ്റവും വലിയ ചാരിറ്റി സംഘടനയായ ഉപഹാറിന്റെ ട്രെയിണ്ട് വോളണ്ടിയറും, ഗ്ലോസ്സറ്റര്‍ഷെയര്‍ മലയാളി അസോസിയേഷനിലെ സജീവ അംഗവുമായ ലോറന്‍സ് പെല്ലിശ്ശേരി വിശദീകരിക്കുന്നു.

ജെയിംസ് ജോസും, സ്‌റ്റെം സെൽ ഡൊണേഷനെ കുറിച്ചുള്ള ആശങ്കകളും

ബ്രിസ്റ്റോളിൽ നിന്നുള്ള യൂണിവേഴ്സിറ്റി വിദ്യാർത്ഥി ജെയിംസ് ജോസിനെ കുറിച്ച് ഇതിനോടകം എല്ലാവരും അറിഞ്ഞു കാണും. യുവത്വത്തിലേക്ക് കാലെടുത്തു വച്ചിട്ടുള്ള ജയിംസിന്റെ ജീവൻ നില നിർത്താൻ, അനുയോജ്യരായ സ്‌റ്റെം സെൽ ദാതാക്കളെ അന്വേഷിച്ചുള്ള നെട്ടോട്ടത്തിലാണ് അദ്ദേഹത്തിന്റെ അച്ഛൻ ജോസും അമ്മ ഗ്രേസിയും സഹോദരൻ ജോയലും. സോഷ്യൽ മീഡിയയിൽ ഈയൊരു വാർത്ത സജീവമാണെങ്കിലും നമ്മുടെയൊക്കെ നിസ്സംഗത എന്നത്തേയും പോലെ ഇവിടെയും ആവർത്തിക്കപ്പെടുന്നു. രക്ത ദാനം പോലെ തന്നെ ഡോണർക്ക് ഒരു വിധ ശാരീരിക പ്രശ്നങ്ങളുമില്ലാതെ, സ്‌റ്റെം സെൽ ഡൊണേഷൻ വഴി ജെയിംസിനെ രക്ഷിക്കാൻ ആധുനിക വൈദ്യ ശാസ്ത്രം ഇന്ന് സജ്ജമാണ് എന്നുള്ളത് നമ്മൾ സൗകര്യപൂർവ്വം വിസ്മരിക്കുന്നു.

സ്വന്തം മകനോ മകൾക്കോ മറ്റു വേണ്ടപ്പെട്ടവർക്കോ ഈയൊരു സാഹചര്യം വരുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും നമുക്കൊക്കെ ബുദ്ധിമുട്ടാണ്. പക്ഷെ, ഓർക്കാപ്പുറത്തു വന്നു ചേർന്ന ആ ഒരു വിഷമ ഘട്ടത്തിലാണ്‌ ജെയിംസും കുടുംബവും. അനുയോജ്യരായ സ്‌റ്റെം സെൽ ഡോണറെ ലഭിക്കുക എന്നുള്ളതാണ് ജെയിംസും കുടുംബവും ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പക്ഷെ ആ വെല്ലുവിളി ഏറ്റെടുക്കാൻ നാമോരോരുത്തരും തയ്യാറാണെങ്കിൽ ആരോഗ്യവാനായ ജെയിംസിനെ നമുക്ക് തിരികെ ലഭിക്കും എന്നതാണ് വസ്തുത. എങ്കിലും സ്‌റ്റെം സെൽ ഡൊണേഷനുമായി ബന്ധപ്പെട്ട ചില ആശങ്കകളും സംശയങ്ങളുമാകാം നമ്മളെ ഇതിൽ നിന്നും അകറ്റി നിർത്തുന്നത്.

എൻ. എച്ച്. എസ് – ഡെലീറ്റ് ബ്ലഡ് ക്യാൻസറും, യുകെ യിൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന ഉപഹാർ എന്ന സംഘടനയും ജെയിംസിന്‌ വേണ്ടി ശുഭാപ്തി വിശ്വാസത്തോടെ തന്നെ സജീവമായി രംഗത്തുണ്ട്. ഉപഹാറിന്റെ ട്രയിന്റ് വോളന്റിയർ എന്ന നിലയിൽ മനസ്സിലാക്കിയ ചില പ്രാഥമിക വിവരങ്ങൾ നിങ്ങളുമായി പങ്കു വക്കാനും സ്‌റ്റെം സെൽ രജിസ്‌ട്രേഷനും ഡൊണേഷനും എത്ര മാത്രം ലളിതമാണ് എന്ന് വിശദീകരിക്കാനുമുള്ള ഒരു എളിയ ശ്രമം മാത്രമാണിത്.

സ്‌റ്റെം സെൽ ഡോണർ രജിസ്‌ട്രേഷൻ:

1) 18 നും 55 നും ഇടയിൽ പ്രായമുള്ളവർക്ക്‌ ഇതിനായി രജിസ്റ്റർ ചെയ്യാവുന്നതാണ് (17 വയസ്സ് മുതൽ പ്രീ രജിസ്‌ട്രേഷൻ സാധ്യമാണ്).

2) പൊതുവിൽ ആരോഗ്യമുള്ളവരും 50 കിലോക്ക് മുകളിൽ തൂക്കമുള്ളവരുമായിരിക്കണം.

3) രജിസ്റ്റർ ചെയ്യുന്നതിനായി നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ അടങ്ങിയ ഫോം പൂരിപ്പിക്കേണ്ടതാണ്.

4) നിങ്ങൾക്ക് നൽകപ്പെടുന്ന കോട്ടൺ ബഡ്‌സ് (സ്വാബ്സ്) നിങ്ങളുടെ വായിൽ രണ്ടു കവിളുകളിലും 30 സെക്കന്റോളം ഉരസിയതിന് ശേഷം പ്രത്യേകമായുള്ള പോസ്റ്റൽ കവറിൽ നിക്ഷേപിക്കുക. ടെസ്റ്റിന് വേണ്ടിയുള്ള സലൈവ എടുക്കുന്നതിനു വേണ്ടിയാണിത്.

5) പൂരിപ്പിച്ച നിങ്ങളുടെ ഫോമും സ്വാബ്സ് അടങ്ങിയ കവറും ഡെലീറ്റ് ബ്ലഡ് ക്യാൻസറിന് അയച്ചു കൊടുക്കുന്നു.

6) സ്വാബ്‌സിന്റെ പ്രത്യേകമായ ലാബിലുള്ള ടെസ്റ്റുകൾക്ക് ശേഷം രജിസ്‌ട്രേഷൻ പൂർത്തിയായ വിവരം സാധാരണ ഗതിയിൽ മൂന്നോ നാലോ ആഴ്ചകൾക്കുള്ളിൽ നിങ്ങളെ അറിയിക്കുന്നു.

7) രജിസ്ട്രേഷന് ശേഷം ഏതു ഘട്ടത്തിലും നിങ്ങൾക്ക് അത് കാൻസെൽ ചെയ്യാവുന്നതാണ്.

രജിസ്ട്രേഷന് ശേഷം നിങ്ങൾ ഒരു ഡോണർ ആകുക എന്നുള്ളത് ലോട്ടറി ലഭിക്കുന്നതിന് തുല്യമായാണ് കണക്കാക്കുന്നത്. കാരണം, നിങ്ങൾ മറ്റൊരാൾക്ക് രണ്ടാം ജന്മത്തിനുള്ള സാഹചര്യം ഒരുക്കുന്നു. പിന്നെ, ഇങ്ങനെ സ്‌റ്റെം സെൽ യോജിച്ചു വരുന്നത് പതിനായിരത്തിലോ ചിലപ്പോൾ ലക്ഷത്തിലോ ഒരാൾക്ക് മാത്രമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയിൽ തദ്ദേശീയരായവർ 59 ശതമാനത്തോളം പേർ സ്‌റ്റെം സെൽ ഡൊണേഷന് വേണ്ടി രജിസ്റ്റർ ചെയ്തിട്ടുള്ളപ്പോൾ ഇവിടെയുള്ള ഏഷ്യക്കാരായവരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് വെറും 4 ശതമാനം മാത്രമാണ് എന്നുള്ളത് ഇവിടെ ചേർത്ത് വായിക്കേണ്ടതാണ്. സ്‌റ്റെം സെൽ ഡൊണേഷൻ നമ്മുടെ എത്നിക് ഒറിജിനുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതിനാൽ, ജെയിംസിന് സൗത്ത്‌ ഇന്ത്യക്കാരായവരുടെ സ്‌റ്റെം സെൽ ആണ് കൂടുതൽ അനുയോജ്യമാകുന്നത് എന്നത് ഇതിന്റെയൊക്കെ ആക്കം വർധിപ്പിക്കുന്നു. അവിടെയാണ് നമ്മളോരോരുത്തരും ഇതിനായി രജിസ്റ്റർ ചെയ്യേണ്ടതിന്റെ ആവശ്യകത പ്രബലമാകുന്നതും.

ഒരു ഡോണറാകാനുള്ള അപൂർവ ഭാഗ്യം നിങ്ങളെ തേടിയെത്തിയാൽ:

1) ഡൊണേഷനുമായി മുന്നോട്ടു പോകാൻ തയ്യാറാണെങ്കിൽ ഡോണറുടെ ശാരീരിക ക്ഷമത ഉറപ്പ് വരുത്താൻ ആവശ്യമായ പ്രാഥമിക ടെസ്റ്റുകൾ ഉണ്ടായിരിക്കും, അതനുസരിച്ചായിരിക്കും തുടർ നടപടികൾ.

2) സ്‌റ്റെം സെൽ ഡൊണേഷന് നിങ്ങളെ പ്രാപ്തമാക്കുന്നതിന് ആവശ്യമായ നാല് ഇഞ്ചക്ഷനുകൾ അതിനു മുന്നോടിയായി ഉണ്ടായിരിക്കും.

3) ബ്ലഡ് എടുക്കുന്ന അതെ രീതിയാണ് ഇവിടേയും അവലംബിക്കുന്നത്. പക്ഷെ, സ്‌റ്റെം സെൽ ഫിൽറ്റർ ചെയ്ത് എടുക്കുന്നതോടൊപ്പം, ബ്ലഡ് നമ്മുടെ ശരീരത്തിലേക്ക് തന്നെ റിട്ടേൺ ചെയ്യപ്പെടുന്നു.

4) നമ്മുടെ ശരീരത്തിൽ നിന്ന് എടുക്കപ്പെട്ട സ്‌റ്റെം സെൽ മൂന്നോ നാലോ ആഴ്ചകൾക്കുള്ളിൽ തന്നെ സ്വാഭാവികമായി വീണ്ടും ഉൽപ്പാദിപ്പിക്കപ്പെടുന്നു.

5) ട്രാൻസ്‌പ്ലാന്റ് ചെയ്യപ്പെട്ട രോഗിയിലും ഇതേ കാലയളവിൽ കൂടുതൽ ആരോഗ്യകരമായ സ്റ്റം സെൽ ഉൽപ്പാദിപ്പിക്കപ്പെടുകയും, ഒപ്പം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയും ചെയുന്നു.

6) സ്‌റ്റെം സെൽ ഡൊണേഷന് ശേഷം ജോലിയിലേക്ക് തിരിച്ചു പോകാൻ രണ്ടു ദിവസത്തെ വിശ്രമം അനുവദിക്കുന്ന ഡോണർക്ക് ഒരു വിധ തുടർ ചികിത്സകളോ ടെസ്റ്റുകളോ സാധാരണ ഗതിയിൽ വേണ്ടി വരുന്നില്ല.

7) നിങ്ങൾക്കും സഹായത്തിനായി കൂടെ വരുന്ന ഒരാൾക്കും, സ്‌റ്റെം സെൽ ഡൊണേഷനുമായി ബന്ധപെട്ടു ജോലി സ്ഥലത്തു നിന്നുള്ള അവധിക്കും യാത്രക്കും താമസ സൗകര്യത്തിനും ഭക്ഷണത്തിനും മറ്റും വേണ്ടി വരുന്ന ചിലവുകൾ എല്ലാം ഡെലീറ്റ് ബ്ലഡ് ക്യാൻസർ വഹിക്കുന്നു.

ഒരു പക്ഷെ ജയിംസിന്റെ ജീവൻ രക്ഷിക്കാനുള്ള നിയോഗം നമ്മളിൽ ആർക്കെങ്കിലുമായിരിക്കാം. അതിന് ആദ്യം ചെയ്യേണ്ടത് സ്‌റ്റെം സെൽ ഡൊണേഷന് വേണ്ടി രജിസ്റ്റർ ചെയ്യുക എന്നതാണ്. ഇതിനോടകം നിങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളതാണെങ്കിൽ ഗിഫ്റ്റ് ഓഫ് ലൈഫ് എന്ന മഹത് സന്ദേശത്തിന്റെ പ്രചാരകരാകാനും, ഉപഹാറിന്റെ നേതൃത്വത്തിൽ യുകെയിൽ മിക്കയിടങ്ങളിലും സംഘടിപ്പിച്ചു വരുന്ന കാമ്പെയിനുകളിൽ പങ്കാളികളാകാനുമുള്ള ആഹ്വാനം നമുക്കോരോരുത്തർക്കും ഏറ്റെടുക്കാം.

ജെയിംസിനെ സംബന്ധിച്ച് ഇനിയുള്ള ഓരോ നിമിഷവും വിലപ്പെട്ടതാണ് – ജെയിംസിനെ നിങ്ങൾ നെഞ്ചോട് ചേർക്കുന്നുവെങ്കിൽ അത് ഉടനെ തന്നെ വേണം. അങ്ങനെയെങ്കിൽ, ജീവിതം ഒരു ചോദ്യ ചിഹ്ന്നമായി മാറിയ ജെയിംസിനും കുടുംബത്തിനുമൊപ്പം പ്രത്യാശയോടെ നമുക്കും പങ്കു ചേരാം.
സ്നേഹത്തോടെ,
ലോറൻസ് പെല്ലിശ്ശേരി
0776 222 4421.
For more details, please check the following link:

www.upahaar.org

സ്‌റ്റെം സെൽ ദാനം ചെയ്യുന്നത് എങ്ങനെയാണെന്ന് അറിയുന്നതിന് ഈ വീഡിയോ കാണുക