ന്യൂസ് ഡെസ്ക്
അന്ധതയ്ക്ക് പരിഹാരം കാണാനുളള ശാസ്ത്ര ലോകത്തിന്റെ പരീക്ഷണങ്ങൾ വിജയത്തിലേയ്ക്കെന്ന് സൂചന. അന്ധതയ്ക്കുള്ള ചികിത്സയിൽ വൻ മുന്നേറ്റമാണ് ബ്രിട്ടീഷ് സയന്റിസ്റ്റുകൾ നടത്തിയത്. പുതിയ ചികിത്സ പരീക്ഷിച്ച ഒരാളുടെ കാഴ്ച തിരിച്ചുകിട്ടി. രണ്ടു പേരുടെ കാഴ്ച മെച്ചപ്പെട്ടതായും സ്ഥിരീകരിച്ചു.
റെറ്റീനയുടെ തകരാറുമൂലമുള്ള അന്ധതയ്ക്കാണ് ബ്രിട്ടീഷ് സയന്റിസ്റ്റുകൾ പരിഹാരം നിർദ്ദേശിക്കുന്നത്. റെറ്റിനൈറ്റിസ് പിഗ് മെന്റോസ എന്ന അവസ്ഥയുള്ളവരിലാണ് ചികിത്സ നടത്തിയത്. ഈ രോഗം വന്നവർക്ക് ക്രമേണ കാഴ്ച നഷ്ടപ്പെടും. വൈദ്യശാസ്ത്രം അന്ധരെന്ന് വിധിയെഴുതിയവരെയാണ് ബ്രിട്ടീഷ് സയന്റിസ്റ്റുകൾ പുതിയ ചികിത്സയ്ക്ക് വിധേയമാക്കിയത്.
ഐ ടെസ്റ്റ് ചാർട്ടിലെ ഏറ്റവും വലിയ അക്ഷരങ്ങൾ മാത്രമേ ഇവർക്ക് വായിക്കാൻ കഴിയുമായിരുന്നുള്ളു. ഇവരിൽ 18 ദിവസം സ്റ്റെം സെല്ലുകൾ കുത്തിവച്ചു. അതിനു ശേഷം നടത്തിയ ടെസ്റ്റിൽ മൂന്നാം നിരയിലുള്ള ചെറിയ അക്ഷരങ്ങൾ വരെ വായിക്കാൻ ഇവർക്ക് കഴിഞ്ഞു. ഇതിൽ പങ്കെടുത്ത ഒരു സ്ത്രീക്ക് അക്ഷരങ്ങൾ വായിക്കാനുള്ള ശേഷി ഒൻപത് അക്ഷരങ്ങളിൽ നിന്ന് 29 ആയി വർദ്ധിച്ചു. മറ്റൊരാൾ 31 ഉം മൂന്നാമത്തേയാൾ 45 ഉം അക്ഷരങ്ങൾ വായിക്കുന്ന നിലയിലേക്ക് എത്തിയതായി യുകെ ബയോടെക് കമ്പനിയായ റീ ന്യൂറോൺ സിഇഒ ആയ ഒലാവ് ഹെല്ലെബോ പറഞ്ഞു.
100 ലെറ്റർ ചാർട്ടിൽ 36 അക്ഷരങ്ങളിൽ താഴെയേ വായിക്കാൻ കഴിയൂ എങ്കിൽ ആ വ്യക്തിയെ വൈദ്യശാസ്ത്രപരമായി അന്ധനായാണ് കണക്കാക്കുന്നത്. റെറ്റിനൈറ്റിസ് പിഗ് മെന്റോസയുടെ ചികിത്സയ്ക്കുള്ള ബില്യൺ കണക്കിന് പ്രോജെനിറ്റർ സ്റ്റെം സെല്ലുകൾ ലബോറട്ടറിയിൽ വളർത്തിയെടുക്കുകയാണ് ചെയ്യുന്നത്. ഒരു മില്യൺ സ്റ്റെം സെല്ലുകൾ ഐബോളിന് പിന്നിലായാണ് കുത്തിവയ്ക്കുന്നത്. ഈ സെല്ലുകൾ ശരീരത്തിന്റെ ഓരോ ഭാഗത്തിനും അനുയോജ്യമായ രീതിയിൽ രൂപാന്തരപ്പെടാൻ കഴിവുള്ളവയാണ്.
റോഡ്സ്, കോൺസ് എന്നു വിളിക്കപ്പെടുന്ന ലൈറ്റ് സെൻസിറ്റീവ് സെല്ലുകളായി ഈ സ്റ്റെം സെല്ലുകൾ മാറുന്നതോടെ തകരാറിലായ നിലവിലെ സെല്ലുകളുടെ പ്രവർത്തനങ്ങൾ ഇവ ചെയ്തു തുടങ്ങും. പുതിയതായി ഒൻപതു പേരിൽ കൂടി ഈ പരീക്ഷണം ഉടൻ തുടങ്ങും. വെയിൽസിലെ റീ ന്യൂറോൺ എന്ന സ്ഥാപനത്തിലാണ് പരീക്ഷണങ്ങൾ നടത്തുന്നത്.
പാരമ്പര്യമായുള്ള ജെനറ്റിക് ഡിസോഡർ മൂലമാണ് റെറ്റിനൈറ്റിസ് പിഗ് മെന്റൊസ എന്ന അന്ധത ഉണ്ടാവുന്നത്. ബാല്യകാലത്തും യൗവനത്തിലും ആരംഭിക്കുന്ന ഈ അവസ്ഥ അഡൾട്ട് ഹുഡിലും സംഭവിക്കാറുണ്ട്. യുകെയിൽ 25,000 ഓളം പേർക്ക് ഈ അന്ധത ബാധിച്ചിട്ടുണ്ട്.
Leave a Reply