ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ഇറാൻ : ജൂലൈയിൽ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പൽ സ്റ്റെന ഇംപറോ ഇറാൻ വിട്ടയച്ചു. യൂറോപ്യൻ യൂണിയന്റെ നിയമങ്ങൾ ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്നാരോപിച്ച് ഇറാന്റെ എണ്ണ ടാങ്കറായ ആഡ്രിയൻ ഡാര്യ 1 (ഗ്രേസ് 1) ജിബ്രാൾട്ടറിൽ പിടികൂടിയതിനു പകരമായാണ് ഈ ടാങ്കർ ഇറാൻ പിടികൂടിയത്. സ്വീഡിഷ് കമ്പനിയായ സ്റ്റെനാ ബൾക്ക് ബ്രിട്ടനിൽ റജിസ്റ്റർ ചെയ്ത സ്റ്റെന ഇംപറോ എണ്ണക്കപ്പൽ ജൂലൈ 19നാണ് ഇറാൻ സേനാവിഭാഗമായ റവല്യൂഷനറി ഗാർഡ്സ് ഗൾഫിലെ ഹോർമുസ് കടലിടുക്കിൽവച്ച് പിടിച്ചെടുത്തത്. രണ്ട് മാസത്തിനു ശേഷം ഇന്നലെയാണ് ഇറാൻ, കപ്പൽ വിട്ടയച്ചത്. ബ്രിട്ടീഷ് കപ്പൽ ഒരു മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ചു എന്നാരോപിച്ചായിരുന്നു ഇറാൻ സ്റ്റെന ഇംപറോ പിടിച്ചെടുത്തത്.
കപ്പൽ, ഇറാനിലെ ബന്ദൻ അബ്ബാസ് തുറമുഖം ഇന്നലെ വിട്ടെന്നും തുടർന്ന് ദുബായിലേക്ക് യാത്ര തിരിക്കുമെന്നും കപ്പലുടമകളായ സ്റ്റെന ബൾക്ക് അറിയിച്ചു. കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതാരാണെന്ന് അവർ അറിയിച്ചു. കപ്പലിൽ ഉണ്ടായിരുന്നവർക്കും അവരുടെ കുടുംബത്തിനും പൂർണ പിന്തുണ്ണ നൽകുമെന്ന് സ്റ്റെന ബൾക്ക് സിഇഓ എറിക് ഹാനെൽ ഉറപ്പ് നൽകി. പിടിച്ചെടുത്ത ടാങ്കറിൽ 3 മലയാളികളടക്കം 23 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ ഏഴുപേരെ ഈ മാസം ആദ്യം ഇറാൻ മോചിപ്പിച്ചിരുന്നു. ശേഷിക്കുന്ന 16 പേരിൽ 13 ഇന്ത്യക്കാരും രണ്ട് റഷ്യക്കാരും ഒരു ഫിലിപ്പീൻസ് സ്വദേശിയും ഉൾപ്പെടുന്നു. കപ്പൽ വിട്ടയച്ചെങ്കിലും കേസ് തുടരുമെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്.
Leave a Reply