ലണ്ടന്‍: വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു. 76 വയസായിരുന്നു. ഹോക്കിംഗിന്റെ മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവരാണ് ഇദ്ദേഹത്തിന്റെ മരണവിവരം പ്രസ്താവനയിലൂടെ അറിയിച്ചത്. ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം പോലെ പ്രശസ്തമായ ശാസ്ത്ര ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. നാഡീരോഗത്താല്‍ കൈകാലുകള്‍ തളരുകയും സംസാരശേഷി നഷ്ടമാകുകയും ചെയ്‌തെങ്കിലും വീല്‍ചെയറിലിരുന്ന് അദ്ദേഹം അതിനെയെല്ലാം അതിജീവിച്ചു.
സംസാരിക്കാന്‍ സാങ്കേതികവിദ്യയുടെ സഹായമായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്ര വിഭാഗത്തില്‍ പ്രൊഫസര്‍ സ്ഥാനം വഹിക്കുകയായിരുന്നു. തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പഠനമാണ് അദ്ദേഹത്തിന്റെ സംഭാവനകളില്‍ ഏറ്റവും പ്രധാനം. ബ്ലാക്ക്‌ഹോളുകളേക്കുറിച്ച് ഇന്ന് ലഭ്യമായിരിക്കുന്ന വിവരങ്ങളെല്ലാം തിയററ്റിക്കല്‍ ഫിസിക്‌സില്‍ അഗ്രഗണ്യനായിരുന്ന ഹോക്കിംഗിന്റെ സംഭാവനയാണ്.
ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിംഗിന്റെയും ഇസബെല്‍ ഹോക്കിംഗിന്റെയും മകനായി ഓക്‌സഫോര്‍ഡില്‍ 1942 ജനുവരി 8നാണ് സ്റ്റീഫന്‍ ഹോക്കിംഗ് ജനിച്ചത്. 17 ാം വയസില്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. കേംബ്രിഡ്ജില്‍ ഗവേഷണത്തിനിടെയാണ് ശരീരം തളര്‍ത്തിയ അസുഖം ഇദ്ദേഹത്തെ പിടികൂടിയത്. സര്‍ ഐസക് ന്യൂട്ടന്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്നിവര്‍ക്ക് ശേഷം ലോകം കണ്ട മഹാനായ ശാസ്ത്രകാരനാണ് വിടവാങ്ങിയത്.
Leave a Reply