അമ്പയറുടെ തീരുമാനത്തില്‍ ഡിആര്‍എസ് വിളിക്കണോ എന്ന് ഡ്രെസിങ്ങ് റൂമിലിരിക്കുന്നവരോട് ആരാഞ്ഞ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെതിരെ മുന്‍ ഇന്ത്യന്‍ താരങ്ങള്‍ രംഗത്ത്. സുനില്‍ ഗവാസ്‌ക്കറും വിവിഎസ് ലക്ഷ്മണുമാണ്‌ ഓസീസ് നായകനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നു.

ലജ്ജാകരമെന്നാണ് ഗവാസ്‌ക്കറുടെ പ്രതികരണം. അത് മത്സരത്തിന്റെ സ്പിരിറ്റിന് അനുകൂലമല്ല. ഐസിസിയും മാച്ച് റഫറിയും വിവാദ ഡിആര്‍എസ്സില്‍ എന്ത് തീരുമാനം എടുക്കുമെന്ന് നോക്കാമെന്നും ഗവാസ്‌ക്കര്‍ പ്രതികരിച്ചു.

റിവ്യൂ ചോദിക്കാന്‍ ഡ്രെസ്സിങ് റൂമിലേക്ക് നോക്കിയ സ്മിത്തിന്റെ രീതി ശരിയ്ക്കും നിരാശപ്പെടുത്തി. തീര്‍ത്തും മത്സര സ്പിരിറ്റിന് എതിരാണത്.

                                                                                        വിവിഎസ് ലക്ഷ്മണ്‍

ഇന്ത്യ ജയിച്ച ബാംഗ്ലൂര്‍ ടെസ്റ്റിലായിരുന്നു വിവാദ ഡിആര്‍എസ്.

സ്മിത്തിന്റെ വിവാദ നടപടിയെ വിമര്‍ശിച്ച് മുന്‍ ഓസീസ് ക്രിക്കറ്റര്‍ ആഡം ഗില്‍ക്രിസ്റ്റും രംഗത്തെത്തി.

റിവ്യൂ കാലഘട്ടത്തില്‍ ഞാനൊരിക്കലും കളിച്ചിട്ടില്ല. പക്ഷെ സ്മിത്തിന്റെ പ്രവൃത്തി ക്രിക്കറ്റ് നിയമത്തിന് എതിരാണെന്ന് കരുതുന്നു. നല്ല കാര്യമല്ല അത്. അദ്ദേഹത്തിന് കര്‍ശനമമായ താക്കീത് തീര്‍ച്ചയായും ലഭിക്കും.

                                                                    ആഡം ഗില്‍ക്രിസ്റ്റ്.

എന്നാല്‍ സ്മിത്തിനെ ചതിയനെന്ന് വിളിക്കുന്നത് അല്‍പ്പം കഠിനമാണെന്നും ഗില്ലി പറഞ്ഞു.

ഉമേഷ് യാദവിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയാണ് ബാംഗ്ലൂരു ടെസ്റ്റില്‍ സ്മിത്ത് പുറത്തായത്. എന്നാല്‍ പിച്ച് വിട്ടുപോകാന്‍ തയ്യാറാകാതെ സ്മിത്ത് സഹതാരം ഹാന്‍കോമ്പിനൊപ്പം മൈതാനമധ്യത്തില്‍ നിലയുറപ്പിച്ചു. തുടര്‍ന്ന് ഒരു കൈകൊണ്ട് ഡ്രെസിങ്ങ് റൂമിലേക്ക് നോക്കി ഡിആര്‍എസ് വിളിക്കണോ എന്ന് ചോദിക്കുകയായിരുന്നു. ഇതുകണ്ട് രോഷാകുലനായ കോഹ്ലി ഓടിയെത്തി ക്രീസ് വിട്ടുപോകാന്‍ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ അമ്പയറും ക്രീസ് വിട്ടുപോകാന്‍ ആവശ്യപ്പെട്ടു. കാര്യങ്ങള്‍ കൈവിട്ടുപോയെന്ന് മനസ്സിലായ സ്മിത്ത് ഇതോടെ മൈതാനം വിട്ടു. 28 റണ്‍സെടുത്താണ് സ്മിത്ത് പുറത്തായത്

 

ആംഗ്യത്തോടെ സ്മിത്ത്, ഡ്രെസിങ് റൂമില്‍ ഉള്ളവരോട് ഡിആര്‍എസ് വിളിക്കണോ എന്ന് ചോദിക്കുന്നു വീഡിയോ കാണാം …..