അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: സ്റ്റീവനേജ് കൊമ്പൻസും, ലൂട്ടൻ ഹോക്‌സ് എലൈറ്റ്‌സും സംയുക്തമായി സംഘടിപ്പിച്ച ഓൾ യു കെ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെന്റിൽ തണ്ടേഴ്സ് ഫാൽക്കൺസ്, ലൂട്ടൻ ചാമ്പ്യന്മാരായി. സ്റ്റീവനേജിൽ ആദ്യമായി നടത്തപ്പെട്ട ഏകദിന ക്രിക്കറ്റ് ടൂർണ്ണമെന്റ് യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ പ്രസിഡണ്ടും, അമ്പയറും, മികച്ച ബൗളറുമായ ജോബിൻ ജോർജ്ജ് ഉദ്‌ഘാടനം ചെയ്തു. ജോബിൻ ജോർജ്ജ് ടൂർണമെന്റ് അതിഥി അപ്പച്ചൻ കണ്ണഞ്ചിറക്ക് ബൗൾ ചെയ്തുകൊണ്ടാണ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്.
വെടികൊട്ട് ബാറ്റിങ്‌കൊണ്ടും, കൃത്യമായ ബൗളിങ്ങും, ഫീൽഡിങ്ങുമായി ടൂർണമെന്റിലെ ഇഷ്‌ട ടീമായി മാറിയ തണ്ടേഴ്സ് ഫാൽക്കൺസ്, വിജയികൾക്കുള്ള ആയിരത്തി ഒന്ന് പൗണ്ട് കാഷ് പ്രൈസും, ട്രോഫിയും കരസ്ഥമാക്കി. റണ്ണറപ്പായ നോർവിച്ചിൽ നിന്നുള്ള ‘നാം’ അഞ്ഞൂറ്റി ഒന്ന് പൗണ്ട് കാഷ് പ്രൈസും, ട്രോഫിയും നേടി.
അത്യാവേശകരമായ സെമി ഫൈനൽ മത്സരത്തിൽ നടന്ന ത്രസിപ്പിച്ച പ്രകടനത്തിൽ പത്തോവറിൽ നാലു വിക്കറ്റിന് 200 റൺസ് അടിച്ചുകൂട്ടിയ തണ്ടേഴ്സ് ഫാൽക്കൺസ് , ലൂട്ടൻ ടസ്‌ക്കേഴ്‌സിനെ 74 റണ്ണിന് ഓൾഔട്ടാക്കി ഫൈനലിലേക്കുള്ള എൻട്രി നേടുകയായിരുന്നു. രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഫോർട്ട് ക്രിക്കറ്റ് ക്ലബ്ബ്, പത്തോവറിൽ എട്ട് വിക്കറ്റിന് 95 റൺസെടുത്തപ്പോൾ, ‘നാം നോർവിച്ച്’ ആറു വിക്കറ്റ് നഷ്‌ടത്തിൽ ഒമ്പതാം ഓവറിൽത്തന്നെ സ്‌കോർ മറി കടന്ന് ഫൈനലിലേക്ക് ഉള്ള ബർത്ത് ഉറപ്പിക്കുകയായിരുന്നു.
ആവേശം മുറ്റി നിന്ന ഫൈനൽ മത്സരത്തിൽ ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത തണ്ടേഴ്സ് ഫാൽക്കൺസ് പത്തോവറിൽ നാലു വിക്കറ്റ് നഷ്‌ടത്തിൽ 124 റൺസ് നേടി. സ്പിൻ മാന്ത്രികതയിലും, കൃത്യതയാർന്ന ഫീൽഡിങ്ങിലും, മികച്ച ബൗളിങ്ങിലും തങ്ങളുടെ വരുതിയിലാക്കിയ മത്സരത്തിൽ തണ്ടേഴ്സ് ഫാൽക്കൺസ്, നാം നോർവിച്ചിനെ പത്തോവറിൽ ഒമ്പതു വിക്കറ്റെടുത്ത് 49 റൺസിൽ തളക്കുകയായിരുന്നു.
മൂന്നു മത്സരങ്ങളിൽ നിന്നും 80 റൺസും, 6 ഓവറുകളിലായി 38 റണ്ണിന് 5 വിക്കറ്റും നേടിയ ‘നാം’ നോർവിച്ചിലെ അജേഷ് ജോസ് ടൂർണമെന്റിലെ മികച്ച ഓൾറൗണ്ടറായി. മൂന്നു മത്സരങ്ങളിലായി 146 റൺസ് അടിച്ചെടുത്ത് തണ്ടർസ് ഫാൽക്കൻസിലെ മഹിമ കുമാർ ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദി മാച്ചിനും, മികച്ച ബാറ്സ്മാനുമുള്ള ട്രോഫിയും കാഷ് പ്രൈസും നേടി. 5 ഓവറിൽ 33 റൺസ് വഴങ്ങിക്കൊണ്ട് 5 വിക്കറ്റ് എടുത്ത തണ്ടേഴ്സ് ഫാൽക്കൻസിലെ ഗോപീ കൃഷ്ണ ബൗളർ ഓഫ് ദി ടൂർണ്ണമെന്റിനുള്ള കാഷ് പ്രൈസും, ട്രോഫിയും നേടി.
കാർഡിഫ് മുതൽ നോർവിച്ച് വരെയുള്ള ക്രിക്കറ്റ് രാജാക്കന്മാർ മാറ്റുരച്ച അത്യാവേശകരമായ ക്രിക്കറ്റ് കായിക മാമാങ്കം ഇദംപ്രഥമമായി സ്റ്റീവനേജിൽ നടന്നപ്പോൾ, മത്സരങ്ങൾക്ക് പ്രോത്സാഹനവും, ആവേശ നിമിഷങ്ങൾക്ക് നേർസാക്ഷികളാകുവാനുമായി കായിക പ്രേമികളും, അഭ്യുദയകാംക്ഷികളുമായ വൻ ജനാവലിയാണ് സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞത്.
സ്റ്റീവനേജ് കൊമ്പൻസ്- ലൂട്ടൻ ഹോക്സ് എലൈറ്റ്സ് ബിഎംസിസി ബെഡ്ഫോർഡ്, മേർത്യർ ടൈറ്റൻസ് കാർഡിഫ്, യുണൈറ്റഡ് സ്‌ട്രൈക്കേഴ്‌സ് എന്നീ നാലു ടീമുകൾ പ്രാഥമിക റൌണ്ട് മത്സരങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി പുറത്താവുകയായിരുന്നു. ടൂർണ്ണമെന്റിൽ ബേസിൽ രാജു (മീഡിയ കോർഡിനേറ്റർ), ബേസിൽ ജോയി (സെക്രട്ടറി), ബേബി പോൾ, റെക്സ് സുരേന്ദ്രൻ എന്നിവർ സ്‌കോർ ബോർഡിലും, ശരത് സൂദൻ (ഹോക്സ് ക്യാപ്റ്റൻ), മിഥുൻ മധുസൂദൻ, സ്റ്റെബിൻ തര്യൻ, അഭിലാഷ് എന്നിവർ ലെഗ് അമ്പയറിങ്ങിലും കളി നിയന്ത്രിച്ചു.
ഏറെ വിജയപ്രദമായി നടന്ന ടൂർണമെന്റിന് കൊമ്പൻസിന്റെ മെൽവിൻ അഗസ്റ്റിൻ (പ്രസിഡണ്ട് ), ലൈജോൺ ഇട്ടീര (വൈസ് പ്രസിഡണ്ട്), തേജിൻ തോമസ് (ക്യാപ്റ്റൻ), ജിന്റോ തോമസ് ( വൈസ് ക്യാപ്റ്റൻ) സാംസൺ ജോസഫ് (ജോ.സെക്രട്ടറി), അമൽ (ട്രഷറർ), ദീപു ജോർജ്ജ്, ജിൽജു, അനിഷിൽ, സുധീപ് വാസുദേവൻ, രൂപേഷ് (വൈസ് ക്യാപ്റ്റൻ), ഗോകുൽ, ഷിജിൽ, അഭിലാഷ്, ആനന്ദ് മാധവ് എന്നിവർ വിവിധ വിഭാഗങ്ങളിലായി നേതൃത്വം നൽകി. ലണ്ടനിൽ നിന്നുള്ള നദീം, നെബ് വർത്ത് സി സി യുടെ അരുൺ ദേശായി എന്നിവർ അമ്പയർമാരും, നെബ് വർത്ത് സി സി യുടെ തന്നെ ക്രിസ് ഗ്രൗണ്ട് ചാർജും ആയിരുന്നു.
Leave a Reply