അപ്പച്ചന്‍ കണ്ണഞ്ചിറ
സ്റ്റീവനേജ്: ഫാത്തിമയില്‍ പരിശുദ്ധ അമ്മ ദര്‍ശനം നല്‍കുകയും ലോക രക്ഷയുടെ ദിവ്യസന്ദേശം കൊടുക്കുകയും ചെയ്തതിന്റെ നൂറാം വാര്‍ഷികം സ്റ്റീവനേജ് കേരള കത്തോലിക്കാ സമൂഹം ഗംഭീരമായി ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ആരംഭിച്ച തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ സഭയുടെ ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്ററും വെസ്റ്റ് മിനിസ്റ്റര്‍ അതിരൂപതയുടെ പരിധിയിലുള്ള വിശ്വാസി സമൂഹത്തിന്റെ ചാപ്ലയിനും ആയ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയില്‍ നേതൃത്വം നല്‍കി. സ്റ്റീവനേജ് സെന്റ് ജോസഫ്‌സ് കത്തോലിക്കാ ദേവാലയത്തില്‍ വെച്ചു നടത്തപ്പെട്ട ഫാത്തിമ സെന്റിനറി തിരുന്നാള്‍ ആഘോഷത്തെ മാതൃഭക്തര്‍ മരിയന്‍ പ്രഘോഷണ ഉത്സവ വേദിയാക്കി മാറ്റുകയായിരുന്നു.
ഫാത്തിമയില്‍ ആശീര്‍വ്വദിക്കപ്പെട്ട് യുകെയില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന ഫാത്തിമാ മാതാവിന്റെ തിരുസ്വരൂപം ദേവാലയാങ്കണത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഗംഭീരമായ സ്വീകരണമാണ് ഒരുക്കിയിരുന്നത്. പരിശുദ്ധ ജപമാല സമര്‍പ്പണത്തിനു ശേഷം ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനയും തുടര്‍ന്ന് ലദീഞ്ഞും നടത്തപ്പെട്ടു. ഫാത്തിമാ മാതാവിന്റെ രൂപം ഏന്തിക്കൊണ്ട് നടത്തപ്പെട്ട പ്രദക്ഷിണത്തിനും സമാപന ആശീര്‍വാദത്തിനും ശേഷം പാല്‍ച്ചോറ് നേര്‍ച്ച വിതരണവും ഉണ്ടായിരുന്നു. മികവുറ്റ ഗാനശുശ്രുഷ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ആത്മീയോത്സവ പ്രതീതി പകരുന്നവയായി.
‘നന്മകളുടെ കലവറയും, അഭയകേന്ദ്രവും ആയ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം, വേദനകളിലും രോഗങ്ങളിലും പ്രയാസങ്ങളിലും സംരക്ഷണവും സാന്ത്വനവും നല്‍കുവാനും ദിവ്യ സൂനുവിനോട് അനുഗ്രഹങ്ങള്‍ വാങ്ങിത്തരുവാന്‍ ശക്തവും പ്രാപ്തവുമാണ്. പരിശുദ്ധ അമ്മയോട് കത്തോലിക്കാ സഭ പാരമ്പര്യമായി പുലര്‍ത്തിപ്പോരുന്ന സ്‌നേഹവും ഭക്തിയും വണക്കവും അഭംഗുരം കാത്തു സൂക്ഷിക്കേണ്ടതും മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കേണ്ടതും അനിവാര്യവും, മാതൃ ഭക്തരുടെ കടമയുമാണെന്ന്’ സെബാസ്‌ററ്യന്‍ അച്ചന്‍ തന്റെ തിരുന്നാള്‍ സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു.
മരിയന്‍ അനുഗ്രഹ സാന്നിദ്ധ്യം അനുഭവിച്ചും മാതൃ സ്‌നേഹം നുണഞ്ഞുമാണ് ഓരോ മാതൃഭക്തരും നേര്‍ച്ച ഭക്ഷണം സ്വീകരിച്ചു പിരിഞ്ഞത്. അപ്പച്ചന്‍ കണ്ണഞ്ചിറ, ജിമ്മി ജോര്‍ജ്ജ്, ആനി ജോണി, റോയിസ്, സൂസന്‍, ബോബന്‍, ജീന എന്നിവര്‍ മരിയന്‍ തിരുന്നാളിന് നേതൃത്വം നല്‍കി.
Leave a Reply