അപ്പച്ചന്‍ കണ്ണഞ്ചിറ
സ്റ്റീവനേജ്: ലോക രക്ഷക്കായി യേശുനാഥന്‍ ത്യാഗ ബലിയായി സമര്‍പ്പിക്കപ്പെട്ട രക്ഷാകര പദ്ധതിയുടെ അനുസ്മരണം സ്റ്റീവനേജില്‍ ഭക്ത്യാദരപൂര്‍വ്വം ആചരിച്ചു. ചാപ്ലയിന്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല തിരുക്കര്‍മ്മങ്ങളില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
യേശു നാഥന്‍ വിനീത ദാസന്റെ മനോഭാവത്തില്‍ തന്റെ പന്ത്രണ്ടു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി മുത്തുകയും, തുടര്‍ന്ന് അവരോടോപ്പം അന്ത്യത്താഴം കഴിക്കുകയും, തന്റെ ശരീരവും,രക്തവും വിഭജിച്ചു നല്‍കി വിശുദ്ധ ബലി സ്ഥാപിക്കുകയും ചെയ്തതിന്റെ മഹത്തായ അനുസ്മരണവും പെസഹാ വ്യാഴാഴ്ച ഭക്ത്യാദരപൂര്‍വ്വം ആചരിച്ചു.വിവിധ കുടുംബങ്ങളില്‍ നിന്നും തയ്യാറാക്കി ദേവാലയത്തില്‍ കൊണ്ടുവന്ന അപ്പവും,പാലും തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ആശീര്‍വദിച്ചു വിതരണം ചെയ്തു.
ദുംഖ വെള്ളിയാഴ്ച തിരുക്കര്‍മ്മങ്ങളില്‍ പീഡാനുഭവ വായന,കുരിശിന്റെ വഴി,വിലാപ യാത്ര തുടങ്ങിയ ശുശ്രുഷകള്‍ക്കു ശേഷം ക്രൂശിത രൂപം മുത്തലും,കൈപ്പു നീര്‍ പാനവും നടന്നു.സമാപനമായി നേര്‍ച്ച കഞ്ഞിയും പയറും വിതരണം ചെയ്യുകയുമുണ്ടായി.
വിശ്വാസവും,പ്രതീക്ഷയും,പ്രത്യാശയും പകര്‍ന്നു നല്‍കിയ ഉയിര്‍പ്പു തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാന, ഉയര്‍പ്പു തിരുന്നാളിന്റെ സന്ദേശം,ഈസ്റ്റര്‍ അനുബന്ധ ശുശ്രുഷകള്‍ ,ജ്ഞാനസ്‌നാന വ്രത നവീകരണം,വെള്ളം വെഞ്ചരിക്കല്‍,ഉത്ഥാനം ചെയ്ത യേശുവിനെ വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം തുടങ്ങിയ ശുശ്രുഷകള്‍ക്കു ശേഷം ഈസ്റ്റര്‍ എഗ്ഗ് വിതരണം നടത്തി.സ്റ്റീവനേജ് വിശ്വാസി സമൂഹത്തിന്റെ സന്തോഷം പങ്കിടുന്നതിനായി കേക്ക് വിതരണവും, ലളിതമായ സ്‌നേഹ വിരുന്നും ഒരുക്കിയിരുന്നു.
ഗാന ശുശ്രുഷകര്‍ക്കും, അള്‍ത്താര ബാലന്മാര്‍ക്കും ഉള്ള ഉപഹാരങ്ങള്‍ ശുശ്രുഷകള്‍ക്കു ശേഷം അച്ചന്‍ വിതരണം ചെയ്തു. വിശുദ്ധവാര ശുശ്രുഷകളില്‍ പങ്കു ചേര്‍ന്ന നൂറു കണക്കിന് വിശ്വാസി സമൂഹത്തിനു തിരുക്കര്‍മ്മങ്ങളില്‍ ആല്മീയ സന്തോഷവും, ദൈവീക സാന്നിദ്ധ്യവും അനുഭവവേദ്യമായി. അപ്പച്ചന്‍ കണ്ണഞ്ചിറ,സിജോ ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Leave a Reply