അപ്പച്ചന്‍ കണ്ണഞ്ചിറ

സ്റ്റീവനേജ് : ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ലണ്ടന്‍ റീജണിലെ പ്രമുഖ കുര്‍ബ്ബാന കേന്ദ്രങ്ങളിലൊന്നായ സ്റ്റീവനേജിലെ സീറോ മലബാര്‍ സമൂഹം ആത്മീയ-സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ ശ്രദ്ധേയമാകുന്നു. തിരുന്നാള്‍ ലളിതമാക്കിക്കൊണ്ടും, പാരീഷംഗങ്ങളുടെ സമര്‍പ്പണ വിഹിതം സമാഹരിച്ചും, ഇംഗ്ലീഷ് പാരീഷംഗങ്ങള്‍ നല്‍കിയ പ്രളയ ദുരിതാശ്വാസ നിധി ചേര്‍ത്തും തിരുപ്പിറവി നോമ്പുകാലത്ത് നാട്ടില്‍ വിവിധ ജീവകാരുണ്യ പ്രവൃത്തികള്‍ ചെയ്യുവാനുള്ള പദ്ധതികളാവിഷ്‌കരിച്ചു.

മരം വെട്ടു തൊഴിലിനിടയില്‍ വീണു കിടപ്പിലാവുകയുകയും ഇപ്പോള്‍ വീല്‍ ചെയറില്‍ സഞ്ചരിച്ചു ലോട്ടറി ടിക്കറ്റും, സോപ്പും, മെഴുതിരിയും മറ്റും വിറ്റു കഷ്ടപ്പെട്ട് ഉപജീവനം കാക്കുന്ന ഒരു വ്യക്തിക്ക് പെട്ടിക്കടയിട്ടു സാധങ്ങള്‍ വാങ്ങി നിറച്ചു കൊടുക്കുവാനും, മൊത്ത വ്യാപാരികളുടെ സഹായം ഭാവിയില്‍ ഉറപ്പിച്ചുകൊണ്ട് ഒരു ജീവിത മാര്‍ഗ്ഗം ശരിയാക്കി കൊടുക്കുവാനുള്ള പദ്ധതിക്ക് പാരീഷ് സമൂഹം രൂപം കൊടുത്തു കഴിഞ്ഞു.

അതോടൊപ്പം തന്നെ അശരണയായ ഒരു പെണ്‍കുട്ടിക്ക് മംഗല്യ സഹായം നല്‍കുവാനും, ജല പ്രളയത്തില്‍ ഇടിഞ്ഞു വീണു പ്ലാസ്റ്റിക്ക് വിരിച്ച പുരക്ക് ഭിത്തികെട്ടി ഓടിട്ടു കൊടുക്കുവാനും, പരസഹായമില്ലാത്ത ഒരു രോഗിക്ക് ചികിത്സാ സഹായം നല്‍കുവാനും തുടങ്ങിയ സല്‍ക്കര്‍മ്മ പദ്ധതികളുമായി സ്റ്റീവനേജ് പാരീഷ് സമൂഹം ഇപ്പോള്‍ സാമൂഹ്യനന്മയുടെ പാതയിലും കൂടുതല്‍ ശ്രദ്ധേയമാവുകയാണ്.

ചങ്ങനാശ്ശേരി അതിരൂപതയിലെ കിളിരൂര്‍, ഇടുക്കിയിലെ ചെറുതോണി, താമരശ്ശേരി രൂപതയിലെ തിരുവമ്പാടി തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ഉണ്ടായ പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിച്ചവരിലും, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കുവാന്‍ കഷ്ടപ്പെടുന്നവരിലും ചുരുക്കം ചിലര്‍ക്കെങ്കിലും അവിടങ്ങളിലെ ഇടവക പള്ളിയും വിന്‍സന്റ് ഡീ പോള്‍ സൊസൈറ്റിയും കേന്ദ്രീകരിച്ച് ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുവാന്‍ പാരീഷ് കമ്മിറ്റിയുടെ യോഗം തീരുമാനിക്കുകയായിരുന്നു.

ഇതര കത്തോലിക്കാ സമൂഹത്തിനിടയില്‍ വിശ്വാസവും, സ്‌നേഹവും ആര്‍ജ്ജിച്ചു വര്‍ത്തിക്കുമ്പോളും മാര്‍ത്തോമ്മാ കത്തോലിക്കരുടെ മൂല്യവും പാരമ്പര്യവും പൈതൃകവും സംരക്ഷിച്ചുകൊണ്ടും, അതിലുപരി സഭയുടെ വ്യക്തിത്വം നിലനിറുത്തിക്കൊണ്ടും തന്നെ ഇംഗ്ലീഷ് ദേവാലയത്തില്‍ വിവിധ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വ്വഹിച്ചുകൊണ്ട് സ്റ്റീവനേജ് സീറോ മലബാര്‍ സഭാ സമൂഹം മാതൃകാപരമായി പ്രവര്‍ത്തിച്ചു വരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ സ്വന്തമായല്ലാത്ത ദേവാലയത്തില്‍ സീറോ മലബാര്‍ സഭയുടെ മുഴുവന്‍ വിശുദ്ധരുടെയും രൂപങ്ങള്‍ പ്രതിഷ്ഠിക്കപ്പെടുവാന്‍ സാധിച്ചത് ഒരു പക്ഷെ സ്റ്റീവനേജില്‍ മാത്രമായിരിക്കും എന്നത് ഏറെ അഭിമാനാര്‍ഹമായ മറ്റൊരു നേട്ടമാണ്.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന വിവിധ ആത്മീയ പദ്ധതികളിലും പരിപാടികളിലും ഊര്‍ജ്ജസ്വലമായ സഹകരണവും പ്രാര്‍ത്ഥനയും പ്രോത്സാഹനവും ചെയ്തുപോരുന്ന സ്റ്റീവനേജ് സഭാ മക്കള്‍, കുട്ടികളുടെ വര്‍ഷാചരണത്തില്‍ തുടങ്ങിവെച്ച കുട്ടികളുടെ പ്രാര്‍ത്ഥനാ കൂട്ടായ്മ എല്ലാ വെള്ളിയാഴ്ചകളിലും വിവിധ ഭവനങ്ങളില്‍ പരിശുദ്ധാത്മ കൃപയാല്‍ ശക്തമായി സമ്മേളിച്ചു പോരുന്നു.

ഇംഗ്ലീഷ് പാരീഷുമായി ചേര്‍ന്നുള്ള യൂത്ത് സ്പിരിച്വല്‍ മിനിസ്ട്രിയില്‍ യുവജനങ്ങളെ അണിനിരത്തുന്നെണ്ടെങ്കിലും രൂപതയുടെ നിയന്ത്രണത്തിലുള്ള യൂത്ത് മൂവ്‌മെന്റിന്റെ ഭാഗമാക്കുവാന്‍ സ്റ്റീവനേജ് യൂണിറ്റിന്റെ ഔപചാരിക ഉദ്ഘാടനം അടുത്ത മാസം യുവജന വര്‍ഷത്തില്‍ നടത്തുവാന്‍ തീരുമാനമായിരിക്കുകയാണ്. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ നിയന്ത്രണത്തിലുള്ള വനിതാ ഫോറം സ്റ്റീവനേജില്‍ ശക്തമായ വേരോട്ടം നേടിക്കഴിഞ്ഞു.

മുതിര്‍ന്നവരുടെ പ്രാര്‍ത്ഥനാ ഗ്രൂപ്പ് എല്ലാ വ്യാഴാഴ്ചകളിലും പാരീഷ് ഹാളില്‍ ചേരുമ്പോള്‍ അതിനോടൊപ്പം യൂദാസ് തദേവൂസിന്റെ നൊവേനയും നടത്തിപ്പോരുന്നുവെന്നത് കൂടുതല്‍ അനുഗ്രഹ ദായകമാവുന്നു. നിലവിലുള്ള ദ്വിദിന കുര്‍ബ്ബാനയില്‍ അതാതു മാസങ്ങളിലെ വിശുദ്ധരെ അനുസ്മരിക്കുവാനും, അതുവഴി വിശുദ്ധ ജീവിതങ്ങളെ കൂടുതലായി മനസ്സിലാക്കുവാനും അവസരം ഒരുക്കുന്നത് അംഗങ്ങള്‍ക്ക് ഏറെ ആത്മീയ ഊര്‍ജ്ജം പകരുന്നു.

ആഷിഫ വധം, പ്രളയ ദുരന്തങ്ങള്‍, സഭാ വിഷയങ്ങള്‍ തുടങ്ങിയ സന്നിഗ്ദ വിഷയങ്ങളില്‍ പ്രാര്‍ത്ഥിക്കുവാനും, പ്രതികരിക്കുവാനും സ്റ്റീവനേജ് വിശ്വാസി സമൂഹം അലസത കാട്ടിയിട്ടില്ല. ബൈബിള്‍ കലോത്സവങ്ങളില്‍ നിറമാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ചവെക്കുവാന്‍ ലണ്ടന്‍ റീജണിലും രൂപത തലത്തിലും പാരീഷംഗങ്ങള്‍ക്കു സാധിച്ചിരുന്നു. മികവുറ്റ പാരീഷ് ഡ്രാമാ ഗ്രൂപ്പ്, കുട്ടികളുടെ കൊയര്‍ ഗ്രൂപ്പ് എന്നിവ സ്റ്റീവനേജ് കൂട്ടായ്മക്ക് പ്രത്യേകം പ്രൗഢിയേകുന്നവയാണ്.

സ്റ്റീവനേജിലെ രണ്ടു ഇംഗ്ലീഷ് ദേവാലയങ്ങളുടെയും താക്കോലുകള്‍ വര്‍ഷങ്ങളായി കൈവശം വെച്ചുവരുകയും, മലയാളികളില്‍ ആര്‍ക്കെങ്കിലും രോഗമോ മറ്റു പ്രാര്‍ത്ഥനാ സഹായങ്ങളോ ആവശ്യം വരുമ്പോള്‍, ദേവാലയം തുറന്നു പ്രാര്‍ത്ഥിക്കുവാനും അനുമതിയുണ്ട്. പ്രാര്‍ത്ഥനയിലൂടെ അത്ഭുത ദൈവീക സ്പര്‍ശങ്ങളും അടയാളങ്ങളും നേരില്‍ കാണുവാനും അനുഭവിക്കുവാനും കഴിഞ്ഞിട്ടുള്ള ഒരു വലിയ അനുഗ്രഹീത സമൂഹമാണ് സ്റ്റീവനേജിലെ മലയാളി കൂട്ടായ്മ.

തിരുപ്പിറവി കുര്‍ബ്ബാനയോടെ ശക്തവും വിപുലവുമായ കൂടുതല്‍ അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാസ്സ് സെന്ററായി സ്റ്റീവനേജ് മാറുന്നതിനുള്ള ശ്രമങ്ങള്‍ ഇതോടൊപ്പം നടന്നു വരുകയാണ്.

സ്റ്റീവനേജില്‍ അജപാലനവും ആത്മമീയ നേതൃത്വവും നല്‍കി പോരുന്ന സെബാസ്റ്റ്യന്‍ അച്ചന്റെ നേതൃത്വത്തില്‍ പാരീഷിന്റെ അടിത്തറ ദൃഢമാക്കി ശക്തമായി മുന്നോട്ടു കുതിക്കുമ്പോള്‍ കൂടുതലായ ആല്മീയ തീക്ഷ്ണതയും, സാമൂഹ്യ പ്രതിബദ്ധതയും അംഗങ്ങളില്‍ വര്‍ദ്ധിക്കുന്നുവെന്നത് സ്വാഭാവികം മാത്രം.