സ്റ്റോക്ക് ഓൺ ട്രെൻഡ്: രണ്ട് കുട്ടികളുടെ മാതാവിന് സ്ഥാനാർബുദമാണെന്ന് കണ്ടെത്തിയതിൽ പിഴവ് സംഭവിച്ചുവെന്ന് തെളിഞ്ഞു. സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന സാറാ ബോയിൽ ആണ് തെറ്റായ രോഗനിർണയത്തിന് ഇരയായത്. 2016ലാണ് റോയൽ സ്റ്റോക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലെ ബയോപ്സി റിപ്പോർട്ടുകൾ പ്രകാരം, സാറായ്ക്ക് ട്രിപ്പിൾ നെഗറ്റീവ് സ്തനാർബുദം ഉണ്ടെന്ന് കണ്ടെത്തിയത്. എന്നാൽ അവളുടെ ടിഷ്യൂ സാമ്പിളുകൾ പരിശോധിച്ചതിൽനിന്ന് കോശങ്ങൾക്ക് അർബുദം ബാധിച്ചിട്ടുണ്ടെന്ന് പാത്തോളജിസ്റ്റ് തെറ്റിദ്ധരിച്ചു. മുലയൂട്ടുന്നതിൽ പ്രശ്നം ഉണ്ടായതിനെത്തുടർന്നാണ് 28കാരിയായ സാറാ ഡോക്ടറുമാരുടെ അടുത്തെത്തിയത്. ക്യാൻസർ ഗുരുതരമാണെന്നും ഉടൻ തന്നെ ചികിത്സകൾ തുടങ്ങണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അന്നുമുതൽ സാറാ പല കീമോതെറാപ്പികൾക്ക് വിധേയയാവേണ്ടി വന്നു. കൂടാതെ മാസ്റ്റെക്ടമിക്കും വിധേയയായി. രണ്ട് സ്തനങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും സ്തനങ്ങളിൽ ഇംപ്ലാന്റുകൾ സ്ഥാപിക്കുന്നതിന് വീണ്ടും ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഈ ഇംപ്ലാന്റുകൾ ഭാവിയിൽ ക്യാൻസറിന് സാധ്യതകൾ ഉണ്ടാക്കും.

2017 ജൂലൈയിൽ മാത്രമാണ് ആശുപത്രി അധികൃതർ തങ്ങൾക്ക് സംഭവിച്ച തെറ്റ് മനസ്സിലാക്കുന്നത്. അപ്പോഴേക്കും പ്രശ്നം ഗുരുതരമായിരുന്നു. സാറാ തന്റെ ഭർത്താവ് സ്റ്റീവനോടും മക്കളായ ടെഡി, ലൂയിസ് എന്നിവരോടുമൊപ്പമാണ് കഴിയുന്നത്. സാറാ പറഞ്ഞു ” കഴിഞ്ഞ മൂന്ന് വർഷം ഞങ്ങൾക്ക് വളരെ പ്രയാസമേറിയതായിരുന്നു. ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോൾ ആദ്യം വിശ്വസിച്ചില്ല. പിന്നീട് സർജറിയും കീമോയും എല്ലാം കഴിഞ്ഞശേഷം ക്യാൻസർ ഇല്ല എന്ന് പറഞ്ഞത് ഞങ്ങളെ ശരിക്കും തകർത്തുകളഞ്ഞു. ഇംപ്ലാന്റുകൾ മൂലം ഭാവിയിൽ ക്യാൻസർ ഉണ്ടാകുമോ എന്നും കീമോതെറാപ്പിയുടെ അനന്തരഫലങ്ങൾ ഉണ്ടാകുമോ എന്നും പേടിയുണ്ട്. ” ക്യാൻസർ ചികിത്സകൾക്കിടയിൽ ഫെർട്ടിലിറ്റി പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് പറഞ്ഞെങ്കിലും ഈ വർഷം സാറാ തന്റെ രണ്ടാമത്തെ മകന് ജന്മം നൽകി. എന്നാൽ ചികിത്സ കാരണം തനിക്ക് മുലയൂട്ടാൻ കഴിയുന്നില്ലെന്ന് അവൾ പറഞ്ഞു. ” ഞങ്ങൾക്ക് പല ഉത്തരങ്ങൾ കിട്ടാനുണ്ട്. ഈ അശ്രദ്ധ കാരണം മറ്റാർക്കും ഇതുപോലെ സംഭവിക്കരുത്.” സാറാ കൂട്ടിച്ചേർത്തു.

സാറയുടെ വക്കീൽ ആയ സാറാ ഷാർപ്പിൾസ് ഇപ്രകാരം പറഞ്ഞു ” ഇത് ശരിക്കും ഞെട്ടിപ്പിക്കുന്ന ഒരു കേസാണ്. ഒരു യുവ അമ്മ കഠിനമായ ചികിത്സാ കാലഘട്ടം നേരിട്ടിട്ടുണ്ട്. എൻഎച്ച്എസ് ട്രസ്റ്റിന് ഉണ്ടായ പിഴവ് അവർ സമ്മതിച്ചു. എന്നാൽ ഇത്തരം സംഭവങ്ങൾ തുടർന്ന് ഉണ്ടാവാതിരിക്കുവാൻ വേണ്ട നടപടികൾ എൻഎച്ച്എസ് സ്വീകരിച്ചോ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.” യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഓഫ് നോർത്ത് മിഡ്‌ലാൻഡ്‌സ് എൻഎച്ച്എസ് ട്രസ്റ്റിലെ ഒരു വക്താവ് പറഞ്ഞു ” ഇതൊരു അപൂർവമായ കേസാണ്. സാറാ ഇതിലൂടെ അനുഭവിച്ച ബുദ്ധിമുട്ട് ഞങ്ങൾക്ക് മനസ്സിലാകും. ഇതൊരു മനുഷ്യ പിശക് ആയിരുന്നു. ഇനിയുള്ള എല്ലാ അർബുദരോഗ നിർണയ റിപ്പോർട്ടുകളും രണ്ടാമതൊരാൾ കൂടി പരിശോധിക്കും. ” തന്നെ ചികിത്സിച്ച ക്ലിനിക്കൽ ടീമും ആയി സാറാ നിരന്തരം ബന്ധപ്പെടുന്നുണ്ട്. സാറയ്ക്ക് ഉണ്ടാവുന്ന ആശങ്കകളെക്കുറിച്ച് ചർച്ച ചെയ്യുവാൻ അവർ എപ്പോഴും തയ്യാറാണ്.
 
	 
		

 
      
      



 
               
               
              




 
            
Leave a Reply