ലണ്ടന്‍: കോര്‍പറേഷന്‍ നികുതി ഇല്ലാതാക്കാനുള്ള ടോറി പദ്ധതിക്കെതിരേ ജനരോഷം. 7.5 ബില്യന്‍ നികുതി വരുമാനം ഒറ്റയടിക്ക് ഇല്ലാതാക്കുന്ന പദ്ധതി നടപ്പിലാക്കരുതെന്നും ഇതിലൂടെ ലഭിക്കുന്ന പണം പ്രതിസന്ധിയിലായിരിക്കുന്ന എന്‍എച്ച്എസിന് നല്‍കണമെന്നുമാണ് ജനാഭിപ്രായമെന്ന് ബിഎംജി സര്‍വേ വ്യക്തമാക്കുന്നു. ജനസംഖ്യയുടെ നാലില്‍ മൂന്നുപേരും ഈ അഭിപ്രായമാണ് പ്രകടിപ്പിച്ചതെന്ന് സര്‍വേ പറയുന്നു. എല്ലാ രാഷ്ട്രീയ നിലപാടുകള്‍ പുലര്‍ത്തുന്നവരും ഇക്കാര്യത്തില്‍ ഒരേ സ്വരത്തിലാണ് അഭിപ്രായം വ്യക്തമാക്കിയത്.
സ്പ്രിംഗ് ബജറ്റിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് ഈ പഠന ഫലം പുറത്തു വന്നത്. എന്‍എച്ച്എസിന് മുന്‍ഗണന നല്‍കണമെന്ന് വോട്ടര്‍മാരില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടപ്പോള്‍ പകുതിയോളം പേര്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ബ്രിട്ടീഷ് സമ്പദ്ഘടന പ്രതിസന്ധിയെ നേരിടുമെന്ന് പറഞ്ഞു. പൊതു ധനത്തിന്‍മേലുള്ള സമ്മര്‍ദ്ദം വര്‍ദ്ധിക്കാന്‍ ഇടയുണ്ട്. അതിനാല്‍ പൊതു സേവനമേഖലയില്‍ കൂടുതല്‍ പണം ഫിലിപ്പ് ഹാമണ്ട് വകയിരുത്താന്‍ സാധ്യതയില്ലെന്നും വിലയിരുത്തപ്പെടുന്നു.
2020ഓടെ കോര്‍പറേഷന്‍ നികുതി 17 ശതമാനമാക്കി ചുരുക്കുമെന്നാണ് അഭ്യൂഹം. എന്നാല്‍ ഈ ബജറ്റില്‍ ഇതുണ്ടാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ഈ നികുതിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം എന്‍എച്ച്എസിലേക്ക് വകയിരുത്തണമെന്ന് 77 ശതമാനവും അഭിപ്രായപ്പെടുന്നു.