ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുകെയിൽ കനത്ത ആശങ്ക സൃഷ്ടിച്ച് യൂനിസ് കൊടുങ്കാറ്റ് ഇന്ന് ആഞ്ഞടിക്കും. തെക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലും സൗത്ത് വെയിൽസിലും മണിക്കൂറിൽ 90 മൈൽ വേഗതയിൽ കാറ്റ് വീശും. കനത്ത നാശനഷ്ടങ്ങൾക്കും അപകടത്തിനും സാധ്യതയുണ്ടെന്നറിയിച്ച് മെറ്റ് ഓഫീസ്, റെഡ് അലേർട്ട് പുറപ്പെടുവിച്ചു കഴിഞ്ഞു. മുൻകരുതൽ എന്ന നിലയിൽ പല സ്‌കൂളുകളും ഇന്ന് അടച്ചിടുകയാണ്. ട്രെയിനുകളും ചില വിമാന സർവീസുകളും റദ്ദാക്കി. വൈദ്യുതി വിതരണത്തിലും വലിയ തടസ്സം നേരിടും.

മുൻകരുതലുകൾ എന്തൊക്കെ?

ഈസ്റ്റേൺ എയർവേയ്‌സ് ഇതിനകം തന്നെ ലണ്ടൻ-ഗാറ്റ്‌വിക്ക് സർവീസ് റദ്ദാക്കി. എക്‌സെറ്റർ എയർപോർട്ട് മൂന്ന് ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ശക്തമായ കാറ്റ് വീശുന്നതിനാൽ വിമാനങ്ങൾ വൈകാനുള്ള സാധ്യതയുണ്ട്.

വെൽഷ് കൗൺസിലുകളും സോമർസെറ്റ് കൗണ്ടി കൗൺസിലും അവരുടെ സ്കൂളുകൾ വെള്ളിയാഴ്ച അടയ്ക്കുമെന്ന് അറിയിച്ചു. ഡെവൺ, കോൺവാൾ എന്നിവിടങ്ങളിലുള്ള നൂറിലധികം സ്കൂളുകളും ഇന്ന് അടച്ചിടും.

ഡെവോൺ, കോൺവാൾ, സോമർസെറ്റ് തീരങ്ങളിലും വെയിൽസിന്റെ തെക്കൻ തീരങ്ങളിലും താമസിക്കുന്നവരോട് വീട്ടിൽ തന്നെ തുടരാൻ നിർദേശം നൽകി.

വെയിൽസിലെ എല്ലാ ട്രെയിൻ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു. യാത്രാ തടസ്സം ഉണ്ടാകുമെന്നതിനാൽ ട്രെയിനിൽ പോകരുതെന്ന് റെയിൽ കമ്പനികൾ അറിയിച്ചു.

രാവിലെ 6 മുതൽ വൈകിട്ട് 6 വരെ അത്യാവശ്യമെങ്കിൽ മാത്രം യാത്ര ചെയ്യാൻ നാഷണൽ ഹൈവേസ് അഭ്യർത്ഥിച്ചു.

മരങ്ങൾ വീഴാനുള്ള സാധ്യത കാരണം പല പാർക്കുകളും അടച്ചിടും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊടുങ്കാറ്റ് സമയത്ത് മൃഗങ്ങളെ സുരക്ഷിതമായി സൂക്ഷിക്കാൻ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കണം.

ദുരിതബാധിതരെ സഹായിക്കാൻ സൈന്യം സജ്ജരാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു.

അപകട സാധ്യതകൾ

റെഡ് വാണിംഗ് സോണിൽ, മരങ്ങൾ കടപുഴകി വീഴാനും മേൽക്കൂരകൾ പറന്നു പോകാനും വൈദ്യുതി ലൈനുകൾ പൊട്ടി വീഴാനും സാധ്യതയുണ്ട്.

ഇംഗ്ലണ്ടിന്റെ പടിഞ്ഞാറ്, തെക്ക്-പടിഞ്ഞാറ്, തെക്ക് തീരപ്രദേശങ്ങളിൽ വെള്ളപൊക്ക സാധ്യത ഉണ്ടെന്ന് മെറ്റ് ഓഫീസ് അറിയിച്ചു.

തീരപ്രദേശങ്ങളിൽ 40 അടി വരെ തിരമാല ഉയരും. അതിനാൽ ‘സ്റ്റോം സെൽഫി’കൾ എടുക്കരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

സ്കോട്ട്ലൻഡിലെ മിക്ക ഭാഗങ്ങളിലും മഞ്ഞുവീഴ്ച തുടരും.

ഇന്ന് വൈകുന്നേരത്തോടെ കൊടുങ്കാറ്റ് ശമിക്കുമെങ്കിലും വാരാന്ത്യത്തിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നാശനഷ്ടങ്ങൾ ഉണ്ടാക്കി ഡഡ്‌ലി കൊടുങ്കാറ്റ് കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് അതിതീവ്രതയോടെ യൂനിസ് എത്തുന്നത്. വടക്കൻ ഇംഗ്ലണ്ടിലെ 20,000-ത്തിലധികം വീടുകൾ ഇതിനകം ഇരുട്ടിലാണ്. 47 പേരുടെ മരണത്തിനിടയാക്കിയ 1990 ലെ ബേൺസ് ഡേ കൊടുങ്കാറ്റിന് ശേഷം ഇത്രയും ഭീകരമായ കൊടുങ്കാറ്റ് രാജ്യത്ത് ആദ്യമാണ്. ഇതാണ് സർക്കാരിനെയും ജനങ്ങളെയും ഒരുപോലെ ആശങ്കയിലാക്കുന്നത്.