ന്യൂസ് ഡെസ്ക്, മലയാളം യുകെ
ദർരാഗ് കൊടുങ്കാറ്റിൻ്റെ താണ്ഡവത്തിൽ വിറങ്ങലിച്ച് യു കെ . 93 മൈൽ വരെ വേഗതയിൽ വീശിയടിച്ച കാറ്റിന്റെ പ്രഹര ശേഷിയിൽ ലക്ഷക്കണക്കിന് ആളുകളാണ് ദുരിതത്തിലായത്. വെയിൽസിലെ കാപ്പൽ ക്യൂറിഗിൽ മണിക്കൂറിൽ 93 മൈൽ വേഗതയിൽ കാറ്റ് രേഖപ്പെടുത്തി. രണ്ടുപേരാണ് കൊടുങ്കാറ്റിനെ തുടർന്ന് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് ആളുകൾക്ക് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ശൈത്യകാലത്ത് വൈദ്യുതി ബന്ധം കൂടി വിച്ഛേദിക്കപ്പെട്ടതോടെ ജന ജീവിതത്തിന് കടുത്ത ആഘാതമാണ് ദർരാഗ് കൊടുങ്കാറ്റ് ഏൽപ്പിച്ചത്.
വെയിൽസിലെ കാപ്പൽ ക്യൂറിഗിൽ മണിക്കൂറിൽ 93 മൈൽ വേഗതയിൽ കാറ്റ് രേഖപ്പെടുത്തി. കാബിനറ്റ് ഓഫീസിൻ്റെ എമർജൻസി അലേർട്ട് സിസ്റ്റം ആഘാതബാധിത പ്രദേശങ്ങളിലെ ദശലക്ഷക്കണക്കിന് അനുയോജ്യമായ മൊബൈൽ ഫോണുകളിലേക്ക് റെഡ് അലർട്ട് സന്ദേശം അയച്ചിരുന്നു . എങ്ങനെ സുരക്ഷിതമായി തുടരാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും മാർഗനിർദേശങ്ങളും അടങ്ങിയാതായിരുന്നു സന്ദേശം . ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ 259,000 വീടുകൾക്ക് വൈദ്യുതി ഇല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . എവർട്ടണും ലിവർപൂളും തമ്മിലുള്ള ഇന്നത്തെ മെർസിസൈഡ് ഡെർബി മോശം കാലാവസ്ഥയെത്തുടർന്ന് ഉപേക്ഷിച്ചു. വൈദ്യുതി ലൈനുകൾ തകരുകയോ, വൈദ്യുതി ലൈനുകൾ തകർന്നതായി അറിയുകയോ ചെയ്യുന്നവർ 105 എന്ന നമ്പറിൽ വിളിച്ച് വിവരം അറിയിക്കണമെന്ന് പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കൊടുങ്കാറ്റിനെ തുടർന്ന് ജീവന് ഭീഷണി നേരിടുന്ന ഏതെങ്കിലും സാഹചര്യത്തിൽ 999 എന്ന നമ്പറിൽ വിളിക്കണം.
മെറ്റ് ഓഫീസ് യെല്ലൊ കാലാവസ്ഥാ മുന്നറിയിപ്പ് ഞായറാഴ്ച വൈകുന്നേരം 6 മണി വരെ ഇംഗ്ലണ്ടിലും വെയിൽസിൽ മുഴുവനായും നിലനിൽക്കും. കൊടുങ്കാറ്റിനെ തുടർന്ന് കാറിൽ മരം വീണ് എർഡിംഗ്ടണിലെ സിൽവർ ബിർച്ച് ഒരാൾ മരിച്ചതായി പോലീസ് അറിയിച്ചു. നേരത്തെ ലങ്കാഷെയറിൽ മരം വീണ് 40 വയസുള്ള ഒരാൾ മരിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിലെ ഇഷയ്ക്ക് ശേഷം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് ജീവന് ഭീഷണി എന്ന മുന്നറിയിപ്പ് ലഭിക്കുന്ന ആദ്യത്തെ കൊടുങ്കാറ്റാണ് ദറാഗ് കൊടുങ്കാറ്റ്. രണ്ടാഴ്ച മുമ്പാണ് ബെർട്ട് കൊടുങ്കാറ്റ് വെയിൽസിലും സൗത്ത് ഇംഗ്ലണ്ടിലും വ്യാപകമായ നാശനഷ്ടങ്ങൾ വിതച്ചത്. ദർരാഗ് കൊടുങ്കാറ്റ് ഉൾപ്പെടെ കഴിഞ്ഞ മൂന്നു മാസങ്ങളിലായി 4 കൊടുങ്കാറ്റുകളാണ് യുകെയിൽ നാശം വിതച്ചത്.
Leave a Reply