ജോജി തോമസ്

മലയാളികളെന്നും കുടിയേറ്റത്തെ ഇഷ്ടപ്പെടുന്നവരാണ്. തങ്ങളുടെ പരിമിതികളില്‍ നിന്ന് സാധ്യതകളുടെ ലോകം തേടിപോകാനുള്ള ഒരു പ്രത്യേക വൈഭവം തന്നെ മലയാളികള്‍ക്കുണ്ട്. കുടിയേറിയ നാടുകളിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടും, വെല്ലുവിളികള്‍ ഏറ്റെടുത്ത് ജീവിത സമരത്തില്‍ വിജയം വരിച്ച പ്രവാസികള്‍ വളരെയധികമുണ്ട്. അത്തരത്തിലൊരു മലയാളി വിജയത്തിന്റെ കഥയാണ് മലയാളം യുകെ ഇന്ന് ലെസ്റ്ററില്‍ നിന്നും നിങ്ങളുടെ മുന്നില്‍ എത്തിക്കുന്നത്. അത് മലയാളി സമൂഹം കടന്നുചെല്ലാത്ത ഒരു തൊഴില്‍ മേഖലയിലെ വിജയം കൂടിയാണ്.

പോലീസെന്നു കേള്‍ക്കുമ്പോള്‍ ലെസ്റ്ററുകാര്‍ ആദ്യം ഓര്‍ക്കുക ബിജു പൊലീസിനെയാണ്. ബിജു പോലീസ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ബിജു ചാണ്ടി 2007ല്‍ യു.കെയില്‍ എത്തിയ കാലം മുതല്‍ ലെസ്റ്ററുകാര്‍ ബിജു പോലീസെന്ന ഓമനപ്പേരിലാണ് വിളിക്കുന്നത്. ലെസ്റ്ററുകാര്‍ ബിജു ചാണ്ടിയെ ബിജു പോലീസെന്ന് വിളിക്കാന്‍ കാരണം ബിജു കേരളാ പോലീസില്‍ നിന്നും തന്റെ ജോലി രാജിവെച്ചതിന് ശേഷമാണ് കുടുംബത്തോടൊപ്പം യുകെയിലേയ്ക്ക് കുടിയേറിയത് എന്നത് കൊണ്ടാണ്. ബിജു ചാണ്ടിയുടെ ജീവിതം മലയാളം യു.കെ ഇവിടെ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇതൊന്നുമല്ല കാരണം. മറിച്ച് തന്റെ ഓമനപ്പേര് അന്വര്‍ത്ഥമാക്കും വിധം തന്റെ ഇഷ്ടമേഖലയായ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ തന്നെ, അതും മലയാളികള്‍ അധികം കടന്നുചെല്ലാത്ത മേഖലയില്‍ ജോലി കണ്ടെത്തിയ ബിജു ചാണ്ടിയുടെ കഴിവ് മലയാളി സമൂഹം മാതൃകയാക്കേണ്ടതിന്റെ ആവശ്യകതയാണ്.

ചെറുപ്പം മുതല്‍ തന്നെ ബിജു ചാണ്ടിയുടെ അഭിനിവേശവും താത്പര്യവുമായിരുന്നു സായുധ സേനയില്‍ ചേരുക എന്നത്. ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്തിരുന്ന അച്ഛന്‍ ചാണ്ടി കുര്യന്‍ കാണിച്ചുതന്ന മാതൃക ഇതിന് ഒരു പരിധിവരെ കാരണമായി. അതുകൊണ്ട് തന്നെ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും, ബി.എഡും ഉള്ള ബിജു ചാണ്ടിക്ക് കേരളാ പോലീസില്‍ ചേരാനുള്ള അവസരം വന്നപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കേരളാ പോലീസിലായിരിക്കുമ്പോള്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ ജോലി ചെയ്തിട്ടുണ്ട്. അതിന് ശേഷമാണ് പുതിയ സാധ്യതകള്‍ തേടി ബിജു കുടുംബത്തോടൊപ്പം യുകെയിലേക്ക് കുടിയേറിയത്. യുകെയില്‍ എത്തിയശേഷവും ബിജുവിന് പൊലീസിലും സായുധസേനയിലും ജോലി ചെയ്യുന്നതിനുള്ള താത്പര്യവും അഭിനിവേശവും നഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ നീണ്ട വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണെങ്കിലും ഒരവസരം വന്നപ്പോള്‍ ബിജു ചാണ്ടി ബ്രിട്ടനിലെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിയില്‍ ചേര്‍ന്നതും ബിജു പോലീസെന്ന തന്റെ വിളിപ്പേര് അന്വര്‍ത്ഥമാക്കും വിധം ഒറിജിനല്‍ പൊലീസായതും. ലെസ്റ്ററിലെ പോലീസ് കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഓഫീസറായാണ് ബിജു ചാണ്ടി ജോലി ചെയ്യുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മറുനാടുകളിലേക്കുള്ള മലയാളി കുടിയേറ്റത്തിന്റെ ഒരു പ്രധാന കാരണം ജോലി സാധ്യതകളാണ്. മലയാളികള്‍ കൈവെയ്ക്കാത്ത തൊഴില്‍ മേഖലകളില്ല. എന്നാല്‍ ബ്രിട്ടനിലെത്തിയ മലയാളികള്‍ക്ക് അപരിചിതമായ ഒരു തൊഴില്‍ മേഖലയില്‍ ജോലി കണ്ടെത്തിയെന്നതും, അവിടെ മികവ് തെളിയിച്ചു എന്നതുമാണ് ബിജു ചാണ്ടിയെ വ്യത്യസ്തനാക്കുന്നത്. ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹത്തില്‍ മൂന്നാം സ്ഥാനമാണ് മലയാളികള്‍ക്കുള്ളത്. ഗുജറാത്തികളും പഞ്ചാബികളും കഴിഞ്ഞാല്‍ അവിടെ മലയാളികളാണ് മുന്നില്‍ നില്‍ക്കുന്നത്. പക്ഷേ അതിനനുസരിച്ചുള്ള പ്രാതിനിധ്യം മലയാളികള്‍ക്ക് ഇനിയും പല തൊഴില്‍മേഖലകളിലും ലഭിച്ചിട്ടില്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.

തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിലും സാമൂഹ്യ പ്രതിബദ്ധതയുടെ കാര്യത്തില്‍ ബിജു ചാണ്ടി മുന്‍നിരയിലാണ്. ലെസ്റ്ററിലെ മലയാളി സംഘടനയും മലയാളം യുകെ നൈറ്റിന്റെ ആതിഥേയരുമായ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ഭാരവാഹിത്വം ബിജു ചാണ്ടി പലതവണ വഹിച്ചിട്ടുണ്ട്. മലയാളം യുകെ അവാര്‍ഡ് നൈറ്റിന്റെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയിരുന്ന ടെല്‍സ്‌മോന്‍ തോമസ് ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയെ നയിച്ചപ്പോള്‍ ബിജു ചാണ്ടി ജോയിന്റ് സെക്രട്ടറിയായിരുന്നു.

കോട്ടയം ജില്ലയിലെ കടുത്തുരുത്തിക്കടുത്തുള്ള ആയാംകുടി ഗ്രാമമാണ് ബിജു ചാണ്ടിയുടെ സ്വദേശം. മണിയത്തട്ട് വീട്ടില്‍ ചാണ്ടി കുര്യനും എല്‍സമ്മയുമാണ് മാതാപിതാക്കള്‍. ഭാര്യ ബിനി ബിജു സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്നു. കുട്ടികളായ ഐയോനയും, സ്‌റ്റെഫിനിയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. മലയാളി സമൂഹം പൊലീസ് മേഖലയിലെ തൊഴിലവസരങ്ങള്‍ കൂടുതലായി ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകത മലയാളം യുകെയോട് സംസാരിച്ചപ്പോള്‍ ബിജു എടുത്തുപറഞ്ഞു. തന്റെ ജോലിയെ ബിജു വളരെ അഭിമാനത്തോടെയാണ് നോക്കിക്കാണുന്നതെന്നും പൊതുജനങ്ങളുമായി ഇടപഴകാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമുള്ള ഒരവസരമായാണ് ജോലിയെ കാണുന്നതെന്ന് ബിജു പറഞ്ഞു. മലയാളികള്‍ എത്തപ്പെടാത്ത ഒരു മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും വളരാനുമുള്ള ഒരു മാതൃകയും പ്രചോദനവുമാണ് ബിജു ചാണ്ടിയുടെ ജീവിതം വരച്ചു കാട്ടുന്നത്.