ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് രൂപപ്പെട്ട ന്യൂന മർദ്ദം ബ്രിട്ടനിലേക്കു നീങ്ങുന്നതിനാൽ രാജ്യത്ത് ശക്തമായ കാറ്റും കനത്ത മഴയും ഉണ്ടാകുമെന്നുള്ള കാലാവസ്ഥ പ്രവചനം പുറത്തുവന്നു. ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം ഭാഗങ്ങളും വെയിൽസ് മുഴുവനും ഉൾപ്പെടെയുള്ള പ്രദേശങ്ങൾക്കായി മെറ്റ് ഓഫീസ് യെല്ലോ വിൻഡ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി 8 മുതൽ തിങ്കളാഴ്ച വൈകിട്ട് 6 വരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കടൽത്തീരങ്ങളിൽ മണിക്കൂറിൽ 60–70 മൈൽ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഉൾനാടൻ പ്രദേശങ്ങളിലും 45–55 മൈൽ വരെ കാറ്റ് രേഖപ്പെടുത്താം. മരങ്ങളിൽ ധാരാളം ഇലകൾ ഉള്ള സമയമായതിനാൽ കൊമ്പുകൾ ഒടിഞ്ഞു വീഴാനും മറിഞ്ഞു വീഴാനും സാധ്യത കൂടുതലാണ്. 10–30 മില്ലിമീറ്റർ വരെ മഴ സാധാരണയായി ലഭിക്കുമെന്നാണെങ്കിലും പടിഞ്ഞാറൻ മലനിരകളിൽ 70 മില്ലിമീറ്റർ വരെ രേഖപ്പെടുത്താമെന്ന് മുന്നറിയിപ്പുണ്ട്.
കനത്ത കാറ്റും മഴയും കാരണം യാത്രാ തടസ്സം, വെള്ളക്കെട്ട്, ഗതാഗത തടസം , വൈദ്യുതി മുടങ്ങാനുള്ള സാഹചര്യം എന്നിവ ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്. എന്നാൽ നിലവിൽ കൊടുങ്കാറ്റിന് പേര് നൽകില്ലെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. വരാനിരിക്കുന്ന മാസങ്ങളിലും ബ്രിട്ടനിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.
Leave a Reply