ന്യൂസ് ഡെസ്ക് മലയാളം യുകെ
ലിവർപൂൾ : യൂണിവേഴ്സിറ്റിയിൽ എത്തിയ ആദ്യ ദിനം തന്നെ ബലാത്സംഗത്തിനിരയായെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇരുപതുകാരി. ലിവർപൂൾ വിദ്യാർത്ഥിനിയായ എയ്‌മി ലിൻസ്‌കിയാണ് രണ്ട് വർഷം മുമ്പ് നടന്ന അതിക്രമം തുറന്ന് പറഞ്ഞത്. ഇതിലൂടെ, യൂണിവേഴ്സിറ്റിയിൽ ലൈംഗികാതിക്രമം വ്യാപകമാണെന്നും എയ്‌മി വ്യക്തമാക്കി. ലിവർപൂൾ യൂണിവേഴ്സിറ്റിയിൽ എത്തിയ ആദ്യ ദിവസം തനിക്കും ഫ്ലാറ്റിൽ ഒപ്പമുള്ളവർക്കുമായി നടന്ന വെൽക്കം പാർട്ടിയിൽ വച്ചാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. സ്റ്റുഡന്റ് ഹാളിലെ ആദ്യത്തെ രാത്രിയിൽ തനിക്കുണ്ടായ ദുരനുഭവം ധൈര്യപൂർവ്വം തുറന്ന് പറയുകയായിരുന്നു എയ്‌മി.
“എന്നെ ലൈംഗികമായി പീഡിപ്പിച്ച ശേഷം അദ്ദേഹം ഒന്നും മിണ്ടാതെ പോയി. എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ലാരുന്നു. അതിനാൽ മറ്റുള്ളവരോട് തുറന്ന് പറയാൻ കഴിഞ്ഞില്ല.” രണ്ടാം വർഷ ഹിസ്റ്ററി ആൻഡ് ക്രിമിനോളജി വിദ്യാർത്ഥിനിയായ എയ്‌മി പറഞ്ഞു. 2021 മാർച്ചിൽ സാറാ എവറാർഡിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ശേഷം നിരവധി പെൺകുട്ടികളാണ് തങ്ങൾക്ക് നേരിട്ട പീഡനം തുറന്ന് പറഞ്ഞത്. ഇൻസ്റ്റാഗ്രാം വഴിയാണ് കൂടുതൽ വെളിപ്പെടുത്തലുകൾ നടക്കുന്നത്. തെരുവിൽ നടക്കുമ്പോഴോ ക്ലബ്ബുകളിൽ നൃത്തം ചെയ്യുമ്പോഴോ പുരുഷന്മാരുടെ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകേണ്ടി വന്നിട്ടുണ്ടെന്ന് പെൺകുട്ടികൾ തുറന്നറിയിച്ചു. ദി സ്റ്റുഡന്റ് റൂമുമായി സഹകരിച്ച് റിവോൾട്ട് സെക്ഷ്വൽ അസാൾട്ട് നടത്തിയ സർവേ പ്രകാരം യുകെ സർവകലാശാലകളിൽ മൂന്നിൽ രണ്ട് വിദ്യാർത്ഥികളും ലൈംഗികാതിക്രമം നേരിടുന്നവരാണ്.
തങ്ങൾ ഒരിക്കലും തനിച്ചല്ലെന്ന കാര്യം പീഡനത്തിനിരയായവർ തിരിച്ചറിയണമെന്നും എയ്മി കൂട്ടിച്ചേർത്തു. റിവോൾട്ട് സെക്ഷ്വൽ അസാൾട്ടിന്റെ പഠനം പ്രകാരം 10% ആളുകൾ മാത്രമാണ് തങ്ങൾക്കുണ്ടായ ദുരനുഭവം യൂണിവേഴ്സിറ്റിയിലോ പോലീസിലോ വെളിപ്പെടുത്തിയത്. 2020 ഒക്ടോബറിൽ ആരംഭിച്ച പുതിയ റിപ്പോർട്ടിംഗ് ടൂൾ ഉപയോഗിച്ച് ലൈംഗികാതിക്രമം നേരിട്ടവർക്ക് അത് തുറന്ന് പറയാമെന്നു ലിവർപൂൾ യൂണിവേഴ്സിറ്റി വക്താവ് പറഞ്ഞു.
Leave a Reply