‘കൊല്ലത്ത് ഒാവർബ്രിഡ്ജിന് സമീപത്തുകൂടി പോകുമ്പോഴാ താഴെ റയിൽവെ ട്രാക്കിൽ ഒരാൾക്കൂട്ടം കണ്ടത്. പെട്ടെന്ന് ഒാടി െചന്ന് കാര്യം തിരക്കിയപ്പോൾ കൂടിനിന്നവർ പറഞ്ഞു, ഒരു കുട്ടി ആത്മഹത്യ ചെയ്തതാണെന്ന്.
ഞാൻ നോക്കിയപ്പോൾ അതെന്റെ മോളായിരുന്നു..എന്റെ പൊന്നുമോളായിരുന്നു സാറേ…. എന്റെ മോളെന്തിനാ ഇതു ചെയ്തത്… അവർ എന്റെ കുഞ്ഞിനെ..’
ഇൗ അച്ഛന്റെ ഉള്ളുപ്പൊള്ളിക്കുന്ന വാക്കുകൾ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിലെ വിദ്യാർഥികൾ സമൂഹമാധ്യമങ്ങളില്‍ വേദനയോടെ പങ്കുവയ്ക്കുകയാണ്. ഇന്നലെ നടന്ന പ്രതിഷേധത്തിലും അണയാത്ത അഗ്നി അവരുടെ ഉള്ളിൽ കൊളുത്തിയാണ് രാഖി മരണം. ഇന്നലെയാണ് ഫാത്തിമ മാതാ കോളജിലെ ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനി രാഖി കൃഷ്ണയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
പരീക്ഷയ്ക്കെത്തിയ രാഖിയുടെ വസ്ത്രത്തില്‍ നിന്നു ഉത്തരങ്ങളുടെ ചില സൂചികകള്‍ കണ്ടെത്തിയതായി പറയുന്നു. ഇതേ തുടർന്ന് ക്ലാസിലുണ്ടായിരുന്ന അധ്യാപിക ഇൗ വിവരം മുതിർന്ന അധ്യാപകർ അടങ്ങുന്ന സ്ക്വാഡിന് കൈമാറി. കോപ്പിയടിച്ചതിനെ കുറിച്ചുള്ള ചോദ്യം ചെയ്യൽ രാഖിയെ മാനസികമായി തളർത്തിയിരുന്നു എന്നാണ് സഹപാഠികൾ ആരോപിക്കുന്നത്. അധ്യാപകർ ഇൗ വിവരം രക്ഷർത്താവിനെ ഫോണിലൂടെ അറിയിക്കുകയും ചെയ്തു. ചോദ്യം ചെയ്യലും അപമാനിക്കപ്പെട്ടതും രാഖിയെ ആകെ തളർത്തി. നന്നായി പഠിക്കുന്ന കുട്ടിയാണ് രാഖിയെന്നും സഹപാഠികൾ പറയുന്നു. കോളജിൽ നിന്ന് ഡീബാർ ചെയ്യുമോ എന്ന് അടക്കം രാഖി ഭയപ്പെട്ടിരുന്നതായും കൂട്ടുകാർ വ്യക്തമാക്കുന്നു. സുഹൃത്തുക്കളോട് ഇൗ കാര്യങ്ങൾ പറഞ്ഞശേഷമാണ് രാഖി കോളജിന് പുറത്തുപോകുന്നത്.
ഇതിന് പിന്നാലെ കോളജിന്റെ വൈസ് പ്രിൻസിപ്പാളും മറ്റൊരു അധ്യാപകനും ചേർന്ന് കുട്ടിയെ അന്വേഷിച്ച് ഇറങ്ങിയിരുന്നു. കർബല ജംങ്ഷനിലും റയിൽവെ സ്റ്റേഷൻ പരിസരത്തും രാഖിയെ തിരക്കിയെങ്കിലും കണ്ടെത്താനായില്ലെന്ന് അധ്യാപകൻ പറഞ്ഞു. പിന്നീട് ഉച്ചയ്ക്ക് ഒരു മണിയോടെ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിനു സമീപത്തെ റയിൽപാളത്തിൽ നിന്ന് രാഖിയുടെ മൃതദേഹം ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തുന്നത്.
കോളജിലെ ഗസ്റ്റ് അധ്യാപികയാണ് പരീക്ഷയെഴുതിക്കൊണ്ടിരുന്ന രാഖിയുടെ വസ്ത്രത്തിൽ എന്തോ എഴുതിയിരുന്നതായി റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത് അന്നത്തെ പരീക്ഷയുമായി ഒരു ബന്ധവുമില്ലാത്തതായിരുന്നെന്ന് ക്ലാസിലുണ്ടായിരുന്ന കുട്ടികൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രാഖി വസ്ത്രത്തിൽ എഴുതിയതിന്റെ ചിത്രം അധ്യാപകർ മൊബൈലിൽ പകർത്തിയിരുന്നു. തെളിവിന് വേണ്ടിയാണ് ഇത് ചെയ്തത് എന്നാണ് ലഭിക്കുന്ന വിശദീകരണം. രാഖിയ്ക്ക് നീതി ആവശ്യപ്പെട്ട് വിദ്യാർഥികൾ ഇന്നലെ കോളജിന്റെ പ്രവേശനകവാടം അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. വിദ്യാർഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. വിദ്യാർഥി രോഷത്തിൽ ഭയന്ന് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു.
അച്ചടക്കത്തിന്റെ കാര്യത്തിൽ ആവശ്യമില്ലാത്ത പിടിവാശിയാണ് കോളജ് മാനേജ്മെന്റിനെന്ന് ചൂണ്ടിക്കാണിച്ച് ഇതിന് മുൻപും വിദ്യാർഥികൾ സമരം നടത്തയിരുന്നു. കോളജ് സമയം കഴിയാതെ പുറത്തുപോകണമെങ്കിൽ പ്രത്യേക പാസ് വേണമെന്നിരിക്കെ രാഖി പുറത്തുപോയതെങ്ങനെ എന്ന് സഹപാഠികൾ ചോദിക്കുന്നു. പരീക്ഷാ സമയമായതിനാൽ പരീക്ഷ കഴിഞ്ഞ് കുട്ടികൾ പോകുന്ന രീതിയിൽ രാഖി പുറത്തു പോയി എന്നാണ് ഇൗ ചോദ്യത്തിന് അധികൃതര്‍ നൽകുന്ന വിശദീകരണം. ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണെന്നും അതിന് ശേഷം പ്രതികരിക്കാമെന്നുമാണ് കോളജ് അധികൃതര്‍ പറയുന്നത്.
Leave a Reply