ന്യൂഡൽഹി∙ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കു ജൂലൈയിൽ നിശ്ചയിച്ചിരുന്ന പരീക്ഷകൾ റദ്ദാക്കുകയാണെന്നു സുപ്രീം കോടതിയിൽ സിബിഎസ്ഇയും സിഐസിഎസ്ഇയും. സിബിഎസ്ഇ അവശേഷിക്കുന്ന പത്താംക്ലാസ് പരീക്ഷ പൂർണമായും റദ്ദാക്കുമ്പോൾ, പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്ക് പിന്നീട് പരീക്ഷ എഴുതണോ വേണ്ടയോ എന്നു തീരുമാനിക്കാൻ അവസരമുണ്ടാകും. അഡ്മിഷൻ അടക്കമുള്ള കാര്യങ്ങളിൽ സഹായിക്കുംവിധം മൂല്യനിർണയം ഉടനടി നടത്തും.
കോവിഡ് സാഹചര്യം മെച്ചപ്പെട്ടാൽ പിന്നീടു പരീക്ഷയുമെന്നതാണ് രീതി. ഇതിൽ ഏതു വേണമെന്നു വിദ്യാർഥികൾക്കു തീരുമാനിക്കാം. ഇതേരീതി തന്നെ തങ്ങളും പിന്തുടരാമെന്നു ഐസിഎസ്ഇയും വ്യക്തമാക്കി. മൂല്യനിർണയം സംബന്ധിച്ചു അവ്യക്തയുണ്ടെന്നും ഇതൊഴിവാക്കി, ഫലപ്രഖ്യാപനത്തിന്റെ സമയക്രമം അടക്കം വ്യക്തമാക്കുന്ന വിജ്ഞാപനം വേണമെന്നു നിർദേശിച്ച കോടതി ഹർജിയിൽ നാളെ 10.30ന് അന്തിമ വിധി പറയും.
ലോക്ഡൗൺ മൂലം മാറ്റിവച്ച പരീക്ഷകൾ ജൂലൈ 1 മുതൽ 15 വരെ നടത്താനായിരുന്നു സിബിഎസ്ഇ തീരുമാനം. എന്നാൽ കോവിഡ് ആശങ്ക നിലനിൽക്കുന്നതിനാൽ പരീക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം രക്ഷിതാക്കൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. നിശ്ചയിച്ച പരീക്ഷ റദ്ദാക്കുകയാണെന്നും പകരം ഉന്നതപഠനത്തിന് അടക്കം സഹായിക്കുംവിധം അസെസ്മെന്റ് ജൂലൈ 15നകം പ്രസിദ്ധീകരിക്കാമെന്നും സിബിഎസ്ഇ കോടതിയെ അറിയിച്ചു. പന്ത്രണ്ടാം ക്ലാസിൽ, ഓരോ വിഷയത്തിലെയും അവസാന 3 പരീക്ഷകളിലെ മാർക്കും പത്താംക്ലാസിലെയും അടക്കം മാർക്ക് വിലയിരുത്തി മൂല്യനിർണയം എന്നാണ് സിബിഎസ്ഇ വച്ച നിർദേശം.
ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടെന്നും കൂടുതൽ വ്യക്തത വേണമെന്നും കോടതി നിർദേശിച്ചു. പരീക്ഷകളിൽ പ്രാക്ടിക്കൽ ഭാഗം കഴിഞ്ഞതാണെന്നും ഇതിന്റെ ശരാശരി അടിസ്ഥാനമാക്കി മൊത്തം മാർക്ക് നൽകണമെന്ന് ഹർജിക്കാർ വാദിച്ചെങ്കിലും ഇക്കാര്യത്തിൽ സിബിഎസ്ഇയോട് നിർദേശം നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി. മൂല്യനിർണയത്തിനു പുതിയൊരു സംവിധാനം തന്നെ രൂപപ്പെടുത്തുമെന്നും വിദഗ്ധർ ഇക്കാര്യം തീരുമാനിക്കുമെന്നും സിബിഎസ്ഇ അറിയിച്ചു. ഇതോടെയാണ് വ്യക്തമായ രൂപരേഖ സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. ഇതു പരിഗണിച്ചു നാളെ രാവിലെ 10.30ന് വിധി പറയുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.
10, 12 ക്ലാസുകളിലേക്കു ജൂലൈയിൽ നിശ്ചയിച്ചിരിക്കുന്ന പരീക്ഷ റദ്ദാക്കാമെന്നും സിഐസിഎസ്ഇയും വ്യക്തമാക്കി. മൂല്യനിർണയത്തിന്റെ കാര്യത്തിൽ സിബിഎസ്ഇ നിലപാട് പിന്തുടരാമെന്നും സിഐസിഎസ്ഇയ്ക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത അറിയിച്ചു. സാഹചര്യം മെച്ചപ്പെട്ടാൽ പിന്നീടു പരീക്ഷ നടത്തുന്ന കാര്യവും പരിഗണിക്കാമെന്നു ജയദീപ് ഗുപ്ത പറഞ്ഞെങ്കിലും ഇക്കാര്യത്തിൽ കോടതി സംശയം പ്രകടിപ്പിച്ചു. ഓരോ സംസ്ഥാനത്തും ഓരോ സാഹചര്യമാണെന്നും പരീക്ഷ നടത്താൻ കഴിയില്ലെന്നാണ് മഹാരാഷ്ട്രയുടെ നിലപാടെന്നും കോടതി ചൂണ്ടിക്കാട്ടി. ചുരുക്കത്തിൽ സിബിഎസ്ഇ പരീക്ഷ സംബന്ധിച്ച വിധിയെ ആശ്രയിച്ചാവും ഐസിഎസ്ഇ, ഐഎസ്ഇ ക്ലാസ് വിദ്യാർഥികളുടെ പരീക്ഷ.
മറ്റ് പല പ്രവേശന പരീക്ഷകളും സമീപദിവസങ്ങളിൽ നടക്കാനുണ്ടെന്നും ഡൽഹിയിലെ സ്ഥിതി അതിരൂക്ഷമാണെന്നും മുതിർന്ന അഭിഭാഷകരിലൊരാൾ കോടതിയെ അറിയിച്ചെങ്കിലും ഇടപെടാൻ കോടതി വിസമ്മതിച്ചു. ഇക്കാര്യവും സിബിഎസ്ഇയും സർക്കാരും പരിഗണിക്കുമെന്നു കോടതി പറഞ്ഞപ്പോൾ റോത്തക്ക് ഐഐഎമ്മിലെ പ്രവേശന പരീക്ഷ ഈ 28നാണ് അഭിഭാഷൻ ചൂണ്ടിക്കാട്ടി. പരാതിക്കാർക്ക് നേരിട്ട് കോടതിയെ സമീപിക്കാമെന്നും സിബിഎസ്ഇ ഇവിടെ തന്നെയുണ്ടെന്നുമായിരുന്നു കോടതിയുടെ മറുപടി. ഇക്കാര്യം പ്രത്യേക കേസായി പരിഗണിക്കണമെന്ന് അഭിഭാഷകൻ അഭ്യർഥിച്ചെങ്കിലും കോടതി അനുവദിച്ചില്ല. കോടതിയിലിരുന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്നും തങ്ങളുടെ തീരുമാനങ്ങൾ തുടർച്ചാ സ്വഭാവമുള്ളതാണെന്നും കോടതി. ബോർഡ് പരീക്ഷാ വിഷയമാണ് ഇപ്പോൾ പരിഗണനയില്ലെന്നും മറ്റൊന്നും ഇപ്പോഴില്ലെന്നും കോടതി പറഞ്ഞു.
Leave a Reply