ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : പല തൊഴിൽമേഖലയെയും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടാണ് കോവിഡ് നീങ്ങുന്നത്. എന്നാൽ അതേസമയം തന്നെ ചില തൊഴിലുകളുടെ അവശ്യകതയും ഏറിവന്നു. കൊറോണ വൈറസിനോട് പടപൊരുതിയ എൻഎച്ച്‌എസ് സ്റ്റാഫുകളുടെ പ്രതിബദ്ധതയിൽ ആയിരക്കണക്കിന് ആളുകൾ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നതിനാൽ നഴ്‌സിംഗ് അപേക്ഷകൾ കുതിച്ചുയർന്നു. യൂണിവേഴ്‌സിറ്റി ആപ്ലിക്കേഷൻ ബോഡി യുസിഎഎസിൽ നിന്നുള്ള പുതിയ വിവരങ്ങൾ പ്രകാരം ഈ ശരത്കാലത്തിൽ നഴ്സിംഗ് പഠിക്കാൻ 60,000-ത്തിലധികം ആളുകൾ അപേക്ഷ സമർപ്പിച്ചു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്നിലൊന്ന് (32%) കൂടുതലാണ്. എല്ലാ പ്രായക്കാർക്കും ഈ തൊഴിലിനോടുള്ള താല്പര്യം ഉയർന്നിട്ടുണ്ട്. സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ 16,560 പേർ നഴ്സിംഗ് മേഖല തിരഞ്ഞെടുത്തു. യൂണിവേഴ്സിറ്റി അപേക്ഷകൾക്കുള്ള സമയപരിധി ജനുവരി 29 ആയതിനാൽ, സംഖ്യ ഇനിയും ഉയരുമെന്ന് യുസിഎഎസ് കണക്കാക്കുന്നു.
മെഡിസിൻ, ഡെന്റിസ്ട്രി എന്നിവയ്ക്കുള്ള അപേക്ഷകൾ 103,910 ൽ നിന്ന് 124,160 ആയും എഞ്ചിനീയറിംഗിനായുള്ള അപേക്ഷകൾ 148,450 നിന്ന് 154,970 ആയും ഉയർന്നു. റോയൽ കോളേജ് ഓഫ് നഴ്‌സിംഗിലെ ഇംഗ്ലണ്ട് ഡയറക്ടർ മൈക്ക് ആഡംസ് യുവജനങ്ങളുടെ ഈ താല്പര്യത്തെ പ്രശംസിച്ചു. ഇത് എൻ എച്ച് എസ് ജീവനക്കാരുടെ കുറവ് ഒരുപരിധി വരെ നികത്തുന്നതിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. ആൺകുട്ടികളെക്കാൾ കൂടുതൽ പെൺകുട്ടികൾ മെഡിസിനും ഡെന്റിസ്ട്രിക്കും വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കും അപേക്ഷിച്ചിട്ടുണ്ടെന്ന് യുസിഎഎസ് കണക്കുകൾ വ്യക്തമാക്കുന്നു.
“എൻഎച്ച്‌എസിന്റെയും ഈ രാജ്യത്തിന്റെയും നായകരായി ഡോക്ടർമാരേക്കാൾ കൂടുതൽ നഴ്സുമാരെ കാണേണ്ടതുണ്ട്. ഒരു നഴ്സിന്റെ സേവനത്തോടുള്ള താല്പര്യം ചെറുപ്പക്കാർക്കിടയിൽ ഗണ്യമായി ഉയർന്നിട്ടുണ്ട്. ഈ ഒരു മാറ്റം ശുഭസൂചനയാണ്.” ; വിദ്യാഭ്യാസ മേഖലയിൽ 25 വർഷത്തെ പരിചയമുള്ള കരിയർ കൺസൾട്ടന്റ് സൂസൻ സ്മിത്ത് പറഞ്ഞു. ട്യൂഷൻ ഫീസ്, ജീവിതച്ചെലവ് എന്നിവയ്ക്കുള്ള സർക്കാർ പിന്തുണ നീക്കം ചെയ്തതിനെ തുടർന്ന് നഴ്സിംഗ് ബിരുദങ്ങളിലേക്കുള്ള അപേക്ഷകൾ കുറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് ഇംഗ്ലണ്ടിന്റെ ആർസിഎൻ ഡയറക്ടർ മൈക്ക് ആഡംസ് പറഞ്ഞു. പതിനായിരക്കണക്കിന് ഒഴിവുകൾ ഉള്ളതിനാൽ ഓരോരുത്തർക്കും അവരുടെ വിദ്യാഭ്യാസത്തിലൂടെ ശരിയായ ജോലിയിലേക്കുള്ള പിന്തുണ നൽകേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക സമ്മർദ്ദം കാരണം വിദ്യാർത്ഥികൾ പഠനം ഉപേക്ഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി മുഴുവൻ ട്യൂഷൻ ഫീസ് ഫണ്ടിംഗും ലിവിങ് കോസ്റ്റ് സപ്പോർട്ടും നൽകിയാണ് ഇത് ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ നഴ്സിംഗ് സ്റ്റാഫുകളെ സംബന്ധിച്ചിടത്തോളം, അവർക്ക് ശമ്പള വർദ്ധനവ് നൽകണമെന്ന് ആർസിഎൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Leave a Reply