ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മലയാളികൾ ഉൾപ്പെടെയുള്ള ഒട്ടേറെ വിദേശ വിദ്യാർത്ഥികളാണ് യുകെയിലെ സർവ്വകലാശാലകളിൽ പഠിക്കാനായി ദിനംപ്രതി എത്തിച്ചേരുന്നത്. നിശ്ചിത സമയ പരിധിയിൽ പാർട്ട് ടൈം ജോലി ചെയ്യാമെന്നുള്ളതും പഠന ശേഷം ജോലി ലഭിക്കുകയാണെങ്കിൽ യുകെയിൽ ജീവിതം കരുപിടിപ്പിക്കാമെന്നുള്ളതുമാണ് വിദേശ വിദ്യാർത്ഥികളെ യുകെയിലേക്ക് ആകർഷിക്കുന്നത്. എന്നാൽ യുകെയിൽ എത്തുന്ന വിദ്യാർത്ഥികളിൽ നല്ലൊരു പങ്കും പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ജോലിയിൽ പ്രവേശിക്കുന്നതായുള്ള റിപോർട്ടുകൾ പുറത്ത് വന്നു. ഇതുമൂലം വൻ സാമ്പത്തിക ബാധ്യതയാണ് രാജ്യത്തെ യൂണിവേഴ്സിറ്റികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് ഉണ്ടാകുന്നത്.
പുറത്ത് വരുന്ന കണക്കുകൾ പ്രകാരം വിദ്യാർത്ഥികൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചതിന്റെ ഭാഗമായി പ്രതിവർഷം ഉന്നത വിദ്യാഭ്യാസ മേഖലയിൽ 300 മില്യൺ പൗണ്ടിൽ അധികം നഷ്ടമാണ് ഉണ്ടായത്. നൂറിൽ അധികം വരുന്ന സർവ്വകലാശാലകൾക്ക് മാത്രമായി വരുന്ന നഷ്ടക്കണക്ക് ഒരു മില്യൺ പൗണ്ടിൽ അധികമാണ് . വിദേശ വിദ്യാർത്ഥികൾ പഠനം ആരംഭിച്ചതിന് തൊട്ടുപിന്നാലെ കെയർ മേഖലകളിൽ ഉൾപ്പെടെയുള്ള തൊഴിൽ നേടി പഠനം അവസാനിപ്പിക്കുന്നതിൻെറ കണക്കുകളാണ് പുറത്ത് വന്നത്. രാജ്യത്ത് ഇതിനോടകം തന്നെ ആവശ്യ സേവന രംഗമായ ആരോഗ്യ മേഖലയിലും മറ്റും വിദേശ വിദ്യാർത്ഥികളെ നിയമിക്കുന്നുണ്ട്. ഇത് ജീവനക്കാരുടെ കുറവിനെ നികത്താനുള്ള ഒരു മാർഗമാണ്.
സ്കിൽഡ് വർക്കർ വിസ സിസ്റ്റത്തിൽ വരുത്തിയ പുതിയ മാറ്റങ്ങൾ മൂലം ജോലിക്ക് അപേക്ഷിക്കുന്നവർക്ക് അതിനായി വേണ്ട ഡിഗ്രി തലത്തിലുള്ള യോഗ്യതയുടെ ആവശ്യമില്ല. അംഗീകൃത തൊഴിലുടമയിൽ നിന്ന് ജോലി വാഗ്ദാനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് തങ്ങളുടെ സ്റ്റുഡൻസ് വിസയിൽ നിന്ന് സ്കിൽഡ് വർക്കർ വിസയിലേക്ക് മാറാൻ അപേക്ഷിക്കാം. ഹോം ഓഫീസ് അംഗീകരിച്ച തൊഴിലുടമയിൽ നിന്ന് ജോലി ലഭിക്കുന്ന വിദ്യാർത്ഥികൾ ബിരുദം പൂർത്തിയാക്കാതെ തന്നെ ജോലിയിലേക്ക് പ്രവേശിക്കുന്ന പ്രവണതയാണ് ഇതുമൂലം നിലവിൽ വന്നത്.
പഠനത്തിനായി യുകെയിൽ എത്തി ആരോഗ്യ മേഖല ഉൾപ്പെടെയുള്ള ജോലികളിലേക്ക് മാറാൻ സർവകലാശാലകളെ ഒരു ചവിട്ടുപടിയായി ഉപയോഗിക്കുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
പഠനത്തിന് ശേഷം ജോലി ലഭിക്കുന്നതിനേക്കാൾ എളുപ്പമുള്ളതായതുകൊണ്ട് മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളാണ് ഈ രീതി പിന്തുടരുന്നത്. ഇത് തികച്ചും നിയമാനുസൃതമായ ഒരു മാർഗമാണെങ്കിലും പഠനം തീരുന്നതിന് മുൻപേയുള്ള ഈ മാറ്റം യൂണിവേഴ്സിറ്റികളെ സാമ്പത്തികമായി നഷ്ടത്തിൽ ആക്കിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള കടുത്ത സമ്മർദത്തെ തുടർന്ന് നിലവിലെ വിദ്യാർത്ഥികൾക്കുള്ള സ്‌കിൽഡ് വിസ നയത്തിൽ ഹോം ഓഫീസ് മാറ്റം വരുത്തുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.
Leave a Reply