തമിഴ്‌നാട്ടിലെ വെല്ലൂരിനടുത്തുള്ള ആരക്കോണത്ത് നടന്ന വിദ്യാര്‍ത്ഥിനികളുടെ കൂട്ട ആത്മഹത്യയ്ക്ക് കാരണം ജാതീയമായ അധിക്ഷേപത്തെ തുടര്‍ന്നാണെന്ന വെളിപ്പെടുത്തലുമായി സഹപാഠികള്‍. നന്നായി പഠിച്ച് പരീക്ഷയെഴുതിയിട്ടും മാര്‍ക്ക് നല്‍കാത്തത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിനികളെ മുറിയിലേയ്ക്ക് വിളിച്ചു വരുത്തി പ്രിന്‍സപ്പല്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ജാതിപ്പേര് വിളിച്ച് അപമാനിയ്ക്കുകയാണ് ചെയ്തതെന്നാണ് വിദ്യാര്‍ത്ഥിനികളുടെ സഹപാഠികള്‍ വ്യക്തമാക്കുന്നത്. പത്താം ക്ലാസ് പരീക്ഷയില്‍ മരിച്ച നാലു പെണ്‍കുട്ടികള്‍ക്കും 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കുണ്ടായിരുന്നുവെന്ന് കൂട്ടുകാര്‍ പറയുന്നു.
വീട്ടിലെ ചുവര് മുഴുവന്‍ എംബിബിഎസ് എന്ന സ്വപ്നം വരച്ചുവെച്ചിരുന്നു ഇതില്‍ ശങ്കരി എന്ന കുട്ടി. നഗരത്തില്‍ കൂലിപ്പണിയെടുക്കുന്ന അച്ഛനുമമ്മയ്ക്കുമൊപ്പം നിന്ന് ചെന്നൈയിലെ സ്‌കൂളില്‍ പഠിയ്ക്കാന്‍ പണമില്ലാത്തതുകൊണ്ട് അമ്മൂമ്മയോടൊപ്പം നില്‍ക്കുകയായിരുന്നു രേവതി. പണപ്പാക്കത്തെ ദളിത് കോളനിയില്‍ നിന്ന് ആദ്യമായി ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച കുട്ടിയായിരുന്നു മനീഷ. തറിയില്‍ നെയ്തു കിട്ടുന്ന ദിവസക്കൂലി കൊണ്ടാണ് ദീപയുടെ അച്ഛന്‍ കുടുംബം നോക്കിയിരുന്നത്.
ഉത്തരമെഴുതിയിട്ടും മാര്‍ക്ക് കുറവ് തന്നതെന്തിനെന്ന് ടീച്ചറോട് ചോദിച്ചതിനാണ് പ്രിന്‍സിപ്പാള്‍ ശങ്കരിയുള്‍പ്പടെയുള്ള 11 കുട്ടികളെ നാല് മണിക്കൂര്‍ ഉത്തരപ്പേപ്പറും പിടിച്ച് വെയിലത്ത് നിര്‍ത്തിയതെന്ന് അഭിനയ പറയുന്നു. മുഴുവന്‍ മാര്‍ക്ക് കിട്ടിയിട്ടും കോളനിയില്‍ നിന്നായതുകൊണ്ട് മാത്രം അഭിനയയ്ക്കും വെയിലത്ത് നില്‍ക്കണ്ടി വന്നു. വകുപ്പുതല നടപടി സസ്‌പെന്‍ഷനിലൊതുങ്ങിയപ്പോള്‍ വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടാല്‍ അധ്യാപകരെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസിന്റെ നിലപാട്.
Leave a Reply