വിശാഖ് എസ് രാജ്‌ മുണ്ടക്കയം

ഓണം എന്നു തുടങ്ങി , എവിടെ തുടങ്ങി എന്നതിന് കൃത്യമായ രേഖകൾ ഇല്ല.തമിഴ് സംഘകാല കൃതികളിലാണ് ഓണത്തെക്കുറിച്ചുള്ള ഏറ്റവും പഴയ പരാമർശങ്ങൾ ഉള്ളത്.കൃഷിയുമായി ബന്ധപ്പെട്ടുള്ള കൂടിച്ചേരലുകളും ആഘോഷങ്ങളും മറ്റുമാണ് ഇന്ന് നാം കാണുന്ന തരത്തിലുള്ള ഓണാഘോഷത്തിലേയ്ക്ക് വഴി മാറിയത്.കൃത്യമായി പറഞ്ഞാൽ ഓണം ഒരു കാർഷികോത്സവം ആയിരുന്നു.അതിനെ പുരാണകഥകളും ഈശ്വരസങ്കല്പങ്ങളുമായി കൂട്ടിയിണക്കിയത് , ആഘോഷം വരും തലമുറ നിലനിർത്തിക്കൊണ്ട് പോകണം എന്ന് പ്രാചീനർ ആഗ്രഹിച്ചത്കൊണ്ടാവണം.കൃഷിയെ ഭക്തിയുമായി ബന്ധിപ്പിക്കുന്നു.അപ്പോൾ ചില കാര്യങ്ങൾ നിർബന്ധമായും ചെയ്യണമെന്നും മറ്റു ചിലത് കർശനമായി ഒഴിവാക്കണമെന്നും ഉള്ള ഭയം ഉണ്ടാകുന്നു. ഇല്ലാ എന്നുണ്ടെങ്കിൽ ദോഷം സംഭവിക്കും എന്ന ബോധത്തിൽ അച്ഛനിൽ നിന്ന് മകനിലേയ്ക്ക് ഒരു കാർഷിക സംസ്‌കൃതി കൈമാറപ്പെടുന്നു.ഞാനിത് ചെയ്യണം ,ഇല്ലെങ്കിൽ അച്ഛന്റെ ആത്മാവിന് ദോഷമാണ്.ഞാനിത് ചെയ്യരുത് ,ചെയ്താൽ വരാനിരിക്കുന്ന എന്റെ സന്തതിപരമ്പരകൾക്ക് ദോഷമാണ്. ഇങ്ങനെ വേണ്ടതും വേണ്ടാത്തതും തലമുറ തലമുറയായി കൈമാറാൻ ഉള്ള സൂത്രവാക്യങ്ങൾ ആയിരുന്നു പ്രാചീനന് മിത്തുകൾ.

ചിത്രീകരണം : അനുജ കെ

ഓണത്തിന്റെ ഐതിഹ്യം നമുക്കൊന്ന് പരിശോധിക്കാം.മഹാബലി…കള്ളവും ചതിയുമില്ലാത്ത , നന്മ മാത്രമുള്ള ,എല്ലാവരും സ്വരുമയോടെ കഴിയുന്ന ഒരു രാജ്യത്തെ രാജാവ്.കേരളത്തിന്റെ ചരിത്രം ഇങ്ങനെയൊരു രാജാവിനെ കുറിച്ചു പറയുന്നില്ല.വിഷ്‌ണുവിന്റെ അവതാരമായ വാമനൻ ,മഹാബലിയെ ചവിട്ടിത്താഴ്ത്തിയ കഥയും കേരളത്തിന് സ്വന്തമല്ല.ഭാഗവത പുരാണത്തിലാണ് മഹാബലിയെയും വാമനനയെയും നമ്മൾ ആദ്യം കാണുക.കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട ഒരു ആഘോഷത്തിലേയ്ക്ക് പ്രസ്തുത പുരാണ കഥയെ പഴമക്കാർ കൂട്ടിക്കെട്ടിയത് എന്തിനായിരിക്കും?

ഒന്നാമതായി പ്രാചീനർ പ്രസ്തുത കഥയെ എങ്ങനെ നോക്കിക്കണ്ടു എന്ന് ചിന്തിക്കണം.ഇന്നത്തെ തലമുറ വ്യാഖ്യാനിക്കുന്നത് പോലെ കേവലമൊരു ചവിട്ടിത്താഴ്ത്തൽ കഥ ആയിട്ടല്ല അവർ അതിനെ കണ്ടത്. ആചരിക്കേണ്ടതും അനുഷ്ഠിക്കേണ്ടതുമായ നിരവധി തത്വദർശനങ്ങൾ അതിലുണ്ടെന്ന് അവർ കണ്ടെത്തി.ആ ദർശനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

വാമനൻ മഹാബലിയുടെ അടുക്കലെത്തുമ്പോൾ അവിടെ ഒരു യാഗം നടക്കുകയാണ്.വിശ്വജിത് യാഗം.കൈവശമുള്ള സമ്പത്തെല്ലാം ദാനം ചെയ്യുകയാണ് യാഗം നടത്തുന്നയാൾ ചെയ്യേണ്ടത്.ഇവിടെ അത് മഹാബലിയാണ്.അതുകൊണ്ടാണ് ബലി വാമനനോട് എന്ത് വേണമെങ്കിലും ആവശ്യപ്പെടാൻ പറയുന്നതും.ഭാരതീയ തത്വചിന്തയുടെ ഉയരം അറിയണമെങ്കിൽ ഈ ഭാഗം ശ്രദ്ധിച്ചു വായിക്കണം.വിശ്വജിത് യാഗമാണ്.വിശ്വത്തെ ജയിക്കാൻ ഉള്ള യാഗം.പക്ഷെ ചെയ്യുന്നതോ കൈയിൽ ഉള്ളതെല്ലാം ത്യജിക്കുകയും.ലോകത്തെ ജയിക്കുന്നത് വെട്ടിപ്പിടിച്ചുകൊണ്ടല്ല , ത്യാഗം ഒന്നുകൊണ്ടു മാത്രമെന്ന് പഠിപ്പിക്കുകയാണ് പുരാണം. വർഷാവർഷം ഓണം ആഘോഷിക്കുന്നതിലൂടെ കഥയിലെ ഈ തത്വവും ആഘോഷിക്കപ്പെടുന്നു.അടുത്ത തലമുറയിലും ത്യാഗം എന്ന ആശയം വേരുപിടിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ത്യജിക്കാൻ ധൈര്യമുള്ള , പ്രജകളെ അച്ഛൻ മക്കളെയെന്നപോലെ പരിപാലിക്കുന്ന രാജാവിനെ എന്തിന് ചവിട്ടിത്താഴ്ത്തി ?ഇവിടെ ചവിട്ടിത്താഴ്ത്തുക എന്ന പ്രയോഗംതന്നെ ശരിയല്ല.അതിലേക്ക് വരാം.അതിനു മുൻപ് വാമനനോടുള്ള ബലിയുടെ വാചകങ്ങൾ കേൾക്കുക.എന്ത് വേണമെങ്കിലും ചോദിച്ചുകൊള്ളാനാണ് പറയുന്നത്.ആരോടാണ് പറയുന്നത് ?പ്രപഞ്ചം മുഴവൻ പരിപാലിക്കുന്നവൻ ആരോ അവനോട്.പ്രപഞ്ചം മുഴുവൻ ആരുടെ സ്വന്തമോ അവനോട്.ഭാരത ദർശനങ്ങൾ പ്രകാരം അഹന്ത പൊറുക്കാനാവാത്ത തെറ്റായി കണക്കാക്കപ്പെടുന്നു.ബലി രാജാവ് ആണ്.പക്ഷെ ജീവിച്ചിരിക്കുന്ന കാലത്തോളമേ രാജ്യം ബലിക്ക് സ്വന്തമായുള്ളൂ.ബലിക്ക് മുൻപ് മറ്റാരുടെയോ ആയിരുന്ന ഭൂമി.ബലിക്ക് ശേഷവും മറ്റാരുടെയോ ആകാനുള്ള ഭൂമി.ബലി താൽക്കാലിക നടത്തിപ്പുകാരൻ മാത്രമാണ്.എന്ത് വേണമെങ്കിലും കൊടുക്കാൻ ഇതെല്ലാം ബലിയുടെ ആണോ?(എന്ത് വേണമെങ്കിലും ചോദിച്ചുകൊള്ളാൻ പറഞ്ഞ രാജാവിന് ചാട്ടവാറടി ശിക്ഷ കൊടുത്ത കഥ മഹാഭാരത്തിലുണ്ട്).വിശ്വജിത് യാഗത്തിന് മുന്നിൽ നിൽക്കുമ്പോളും ബലി തത്വം അറിയുന്നില്ല.ത്യജിക്കുന്നതെല്ലാം തന്റേതാണ് എന്ന അഹന്തയിൽ ആണയാൾ.യഥാർഥ അവകാശി ആണ് മുന്നിൽ നിൽക്കുന്നത്.ബലിയുടെ അഹന്ത നീക്കാനാണ് വാമനൻ മൂന്ന് ലോകവും കാലുകൊണ്ട് അളന്നെടുക്കുന്നത്. തിരിച്ചറിവിന്റെ  ബോധ്യത്തിലാണ് ബലി തല കുനിച്ചുകൊടുക്കുന്നത്. വാമനൻ ബലിയെ ചവിട്ടിത്താഴ്ത്തുക അല്ല ചെയ്തത്.അങ്ങനെയൊരു വ്യാഖ്യാനം തെറ്റാണ് എന്നല്ല. കൂടുതൽ ശരിയായി തോന്നുന്നത് മറ്റൊരു വ്യാഖ്യാനമാണ്.തന്റെ അഹന്ത ബോധ്യപ്പെട്ട ബലി വാമനന് മുൻപിൽ തല കുനിയ്ക്കുന്നു.വാമനൻ അഥവാ വിഷ്‌ണു ബലിയെ തലയിൽ കാൽവെച്ച് അനുഗ്രഹിക്കുന്നു.ശേഷം ബലി ആറ് അധോലോകങ്ങളിൽ ഒന്നായ സുതലത്തിലേയ്ക്ക് അയക്കപ്പെടുന്നു(പാതാളം അല്ല).തലയിൽ കാൽവെച്ച് അനുഗ്രഹിക്കുന്ന രീതി ഇന്നും നിലവിലുണ്ട്.ബലിയെ ഇല്ലാതെയാക്കാൻ ആയിരുന്നുവെങ്കിൽ അവതാരത്തിന് അത് നിഷ്പ്രയാസം ആകാം. എന്തിന് ചവിട്ടിത്താഴത്തണം?.അപ്പോൾ അത് ശിക്ഷ അല്ല രക്ഷ ആണ്.രാമൻ രാവണനെ വധിച്ചു എന്നു പറഞ്ഞാൽ മോക്ഷം കൊടുത്തു എന്നാണ് അർത്ഥം പറയാറുള്ളത്.അപ്പോൾ തലയിൽ കാൽ വെക്കുന്നതിനെ ചവിട്ടിത്താഴ്ത്തി എന്നു അക്ഷരാർത്ഥത്തിൽ കാണണോ?

ഭാരതീയ ഋഷിമാർ ബിംബങ്ങളിലൂടെ ആശയം അവതരിപ്പിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിരിച്ചിരുന്നു.അതുകൊണ്ടാണ് വേദാന്തം പഠിച്ചിട്ട് വേണം ഇതിഹാസങ്ങൾ വായിക്കാൻ എന്ന് ചില ആചാര്യന്മാർ പറഞ്ഞിട്ടുള്ളത്.അല്ലെങ്കിൽ ബിംബങ്ങളിൽ ഒളിപ്പിച്ച വേദ തത്വങ്ങൾ തെളിഞ്ഞു കിട്ടില്ല.ഇവിടെ സുതലം ഒരു ഭൗതികമായ സ്ഥലം ആകാനിടയില്ല.ഒരാളുടെ ആത്മീയ പുരോഗതിയുടെ അളവുകോൽ ആകണം ഊർദ്ധലോകങ്ങളും അധോലോകങ്ങളും.തലയിൽ കാൽവെച്ച് അനുഗ്രഹിച്ച് സുതലത്തിലേയ്ക്ക് അയച്ചു എന്നു പറഞ്ഞാൽ അവൻ ആത്മീയമായി ഒരുപടി കൂടി ഉയർന്നു എന്നാണ്.സ്വർഗ്ഗത്തിലെത്തി ആത്മീയ സമ്പത്ത് നശിച്ച് വീണ്ടും ഭൂമിയിലേക്ക് വീഴുന്നവരെക്കുറിച്ച് ഭഗവത് ഗീത പറയുന്നു.ഗീതയിൽ സ്വർഗം കൊണ്ട് ആത്മീയ പുരോഗതിയാണ് ഉദ്ദേശിച്ചതെങ്കിൽ ബലിയുടെ കാര്യത്തിലും അങ്ങനെ തന്നെ ആകാനേ തരമുള്ളൂ.ഇങ്ങനെ വിവിധ ലോകങ്ങളെക്കുറിച്ചുള്ള വിവരണം ഭാരതീയ ഗ്രന്ഥങ്ങളിൽ കാണാം.

വാമനാവതാരവും മഹാബലിയുടെ പാതാള വാസവുമൊക്കെ അഹന്തയും ത്യാഗവും മോക്ഷവുമൊക്കെ പഠിപ്പിക്കുവാനുള്ള ഗുണപാഠ കഥയാണ്. കഥയായി പറഞ്ഞാൽ കേൾക്കുന്തോറും ആശയം ഉറയ്ക്കും എന്നുള്ള പ്രാചീന ബുദ്ധി.കഥയുടെ ഉള്ളിലെ അറിവിനെ ആണ് സത്യത്തിൽ നാം ഓണം എന്ന പേരിൽ ആഘോഷിക്കുന്നത്.മാവേലി ഭരിച്ചത്കൊണ്ട് മാത്രമല്ല രാജ്യത്തിന് സമൃദ്ധി ഉണ്ടായത്.കള്ളവും ചതിയും ഇല്ലാതാവാൻ രാജാവ് ഒരാൾ വിചാരിച്ചാൽ പോരാ. പ്രജകൾ അങ്ങനെയാവണം. ഉള്ളതിൽ തൃപ്തിപെട്ട് ജീവിച്ചാൽ മോഷ്ടിക്കേണ്ടി വരില്ല.എനിക്കുള്ളതിൽ കുറച്ചു അപരന് കൊടുത്താൽ പട്ടിണി കിടക്കാനും ആരുമുണ്ടാവില്ല.രാജാവും പ്രജകളും ഒരുപോലെ കേമന്മാർ ആകണം അതിന്.ഭരിക്കുന്നവനെയും ഭരിക്കപ്പെടുന്നവനെയും അത് ഓർമ്മപെടുത്താൻ ആകണം പണ്ടുള്ളവർ ഐതിഹ്യത്തിന്റെ വാർഷികം ആഘോഷിച്ചത്.ബലി വരും പ്രജകളെ കാണാൻ.അപ്പോൾ ബലി ഉണ്ടായിരുന്നപ്പോൾ എങ്ങനെയായിരുന്നോ അങ്ങനെ ആകണ്ടേ…..??. എല്ലാവർക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നന്മയുടെയും നല്ലൊരു ഓണം ആശംസിക്കുന്നു…

വിശാഖ് എസ് രാജ്‌ മുണ്ടക്കയം