അമ്മയുടെ മരണാനന്തര ചടങ്ങുകൾക്ക് അവധി നിഷേധിച്ചതിനു വോക്കി ടോക്കിയിലൂടെ പരാതി പറഞ്ഞ പൊലീസ് കോൺസ്റ്റബിളിനെ ഇരുചക്ര വാഹനത്തിൽ നിന്നു തള്ളി വീഴ്ത്തിയ ട്രാഫിക് എസ്ഐ സിസിടിവിയിൽ കുടുങ്ങി. വീഴ്ചയിൽ പരുക്കേറ്റ പൊലീസ് കോൺസ്റ്റബിൾ ധർമൻ ചികിൽസയിലാണ്. ചെന്നൈയിലെ തേനാംപെട്ട് സിവിരാമൻ റോഡിൽ നടന്ന സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ട്രാഫിക് എസ്ഐ രവിചന്ദ്രനെ റിസർവ് പൊലീസിലേക്കു മാറ്റി. സംഭത്തെക്കുറിച്ച് അന്വേഷണം നടത്താൻ സിറ്റി പൊലീസ് കമ്മിഷണർ എ.കെ.വിശ്വനാഥൻ നിർദേശം നൽകി. ഇതിനിടെ സംഭവത്തിൽ പരാതി നൽകാനെത്തിയ ധർമന്റെ ഭാര്യ അഭിരാമിയെ നാലു മണിക്കൂറോളം സ്റ്റേഷനിൽ കാത്തു നിർത്തിയതായും പരാതിയുണ്ട്.
സംഭവ സ്ഥലത്തിനു സമീപമുള്ള കടയിലെ സിസിടിവി ദൃശ്യങ്ങളാണു പ്രചരിക്കുന്നത്. കഴിഞ്ഞ 21 നാണ് സംഭവം. ബൈക്കിൽ വന്ന ധർമനെ രവിചന്ദ്രൻ തള്ളിയിടുന്നത് വിഡിയോയിൽ വ്യക്തമാണ്. നിയന്ത്രണം തെറ്റി തെറിച്ചു വീണ ധർമൻ തലനാരിഴയ്ക്കാണ് എതിരെ വന്ന മിനിലോറിയുടെ അടിയിൽ നിന്നു രക്ഷപ്പെട്ടത്. തുടർന്നു നിർത്തിയിട്ട ജീപ്പിന് സമീപത്തേക്കു കൊണ്ടുവന്നതിനു ശേഷം മറ്റു പൊലീസുകാരുടെ സഹായത്തോടെ ധർമന്റെ വായിലേക്കു ദ്രാവകം ഒഴിച്ചു കൊടുക്കുന്നതും വിഡിയോയിൽ വ്യക്തമായി കാണാം. ധർമൻ മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്നു വരുത്തി തീർക്കാൻ ചെയ്തതാണിതെന്നു സംശയമുണ്ട്.
ധർമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മദ്യപിച്ചു വാഹനമോടിച്ചു എന്നു രവിചന്ദ്രൻ എഴുതി വാങ്ങിയതായാണു ഭാര്യയുടെ പരാതിയിലും പറയുന്നത്. വോക്കി ടോക്കിയിൽ പരാതി പറഞ്ഞതിനും, മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനും ധർമനെ ഇതേ ദിവസം സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു യഥാർഥ സംഭവം പുറത്തായത്. കഴിഞ്ഞ 6ന് അമ്മയുടെ മരണത്തെ തുടർന്ന് ധർമൻ ഒരാഴ്ച അവധിയെടുത്തിരുന്നു. തുടർന്നു 21ന് അമ്മയുടെ മരണാനന്തര ചടങ്ങുകൾക്കായി ധർമൻ വീണ്ടും അവധി ചോദിച്ചു. എന്നാൽ രവിചന്ദ്രൻ അവധി നൽകിയില്ല.
അമ്മയുടെ ശേഷക്രിയ ചെയ്യാൻപോലും അവധി നൽകുന്നില്ലെന്നു ധർമൻ വോക്കി ടോക്കിയിലൂടെ പരാതി പറഞ്ഞു. ഇതോടെ സംഭവം ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ ശ്രദ്ധയിൽപെട്ടു. ഇതാണ് രവിചന്ദ്രനെ ചൊടിപ്പിച്ചത്. ധർമൻ മദ്യലഹരിയിലാണു വോക്കി ടോക്കിയിൽ സംസാരിച്ചതെന്നാണ് ഉന്നതരുടെ ചോദ്യത്തിന് രവിചന്ദ്രൻ മറുപടി നൽകിയത്. ഇത് തെളിയിക്കുന്നതിനു വാഹനം തടഞ്ഞു നിർത്തി വായിൽ മദ്യമൊഴിച്ചു കസ്റ്റഡിയിലെടുക്കാനുള്ള ശ്രമമാണു സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പാളിയത്. കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്യുകയും, ദൃശ്യങ്ങൾ പുറത്തായിട്ടും ക്രൂരത കാട്ടിയ എസ്ഐയ്ക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുന്നുണ്ട്.
പൊലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധമയി അവധി നൽകണമെന്നും, ജോലി സമ്മർദം കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്നും മദ്രാസ് ൈഹക്കോടതി നേരത്തെ സർക്കാരിനു നിർദേശം നൽകിയിരുന്നു. ജോലി സമ്മർദം ഉയർന്നതിനെ തുടർന്നു പൊലീസുകാർ തന്നെ പ്രതിഷേധിക്കാൻ ആരംഭിച്ചതോടെയാണിത്. മാസങ്ങൾക്കു മുൻപ് മേലുദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിക്കുന്നെന്ന് ആരോപിച്ചു മറീനയിലെ ഡിജിപി ഓഫിസിനു മുന്നിൽ പൊലീസുകാരൻ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചതും വാർത്തയായിരുന്നു
Leave a Reply