ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബോറിസ് ജോൺസന് കനത്ത തിരിച്ചടിയേകി സ്യൂ ഗ്രേയുടെ അന്വേഷണ റിപ്പോർട്ട്‌ പുറത്ത്. രാജ്യം കർശനമായ ലോക്ക്ഡൗണിലായിരുന്നപ്പോൾ ഡൗണിംഗ് സ്ട്രീറ്റിൽ നടന്ന പാർട്ടികൾ, നേതൃത്വത്തിനുണ്ടായ ഗുരുതര വീഴ്ചയാണ് വ്യക്തമാക്കുന്നതെന്ന് സ്യൂ ഗ്രേ കുറ്റപ്പെടുത്തി. അന്വേഷണ റിപ്പോർട്ട് പൂർണ്ണമായും അംഗീകരിക്കുന്നുവെന്നും വിഷയം കൈകാര്യം ചെയ്തതിൽ തെറ്റ് പറ്റിയെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം ഏറെ നാളായി കാത്തിരുന്ന അന്വേഷണ റിപ്പോർട്ട്‌ പുറത്തുവന്നതിന് പിന്നാലെയാണ് ജോൺസന്റെ മാപ്പുപറച്ചിൽ. ബോറിസ് ജോൺസണെതിരെ രൂക്ഷമായ പരാമർശങ്ങളാണ് റിപ്പോർട്ടിൽ. ഇതോടെ പ്രധാനമന്ത്രിയുടെ രാജിക്ക് സാധ്യതയേറുകയാണ്. രാജി വെച്ച് ഒഴിയുക എന്നതാണ് പ്രധാനമന്ത്രിക്ക് ഇനി ചെയ്യാൻ പറ്റുന്ന മാന്യമായ കാര്യമെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ തുറന്നടിച്ചു.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് നടന്ന 16 പാർട്ടികൾ തന്റെ അന്വേഷണ പരിധിയിൽ വന്നിട്ടുണ്ടെന്നും അതിൽ 12 എണ്ണം ഇപ്പോൾ മെറ്റ് പോലീസ് അന്വേഷിക്കുകയാണെന്നും സ്യൂ ഗ്രേ വെളിപ്പെടുത്തി. മുമ്പ് റിപ്പോർട്ട് ചെയ്യപ്പെടാത്ത മൂന്ന് പാർട്ടികൾ ഇതിൽ ഉൾപ്പെടുന്നു.

പ്രധാന കണ്ടെത്തലുകൾ

• 2020 മെയ് 15നും 2021 ഏപ്രിൽ 16നുമിടയിലാണ് 16 പാർട്ടികൾ നടന്നത്.

• വിദ്യാഭ്യാസ വകുപ്പിൽ നടന്ന ഒരു പാർട്ടി ഒഴികെ ബാക്കിയെല്ലാം ഡൗണിംഗ് സ്ട്രീറ്റിലും ക്യാബിനറ്റ് ഓഫീസിലും വെച്ചാണ് നടന്നത്.

• മുമ്പ് റിപ്പോർട്ട് ചെയ്യപ്പെടാത്ത പാർട്ടികളിൽ രണ്ടെണ്ണം ഡൗണിങ് സ്ട്രീറ്റിലാണ് നടന്നത്. മറ്റൊന്ന് ക്യാബിനറ്റ് ഓഫീസിൽ.

• ലോക്ഡൗണ്‍ നിയമങ്ങള്‍ പാലിക്കാന്‍ പൊതുജനങ്ങള്‍ നിര്‍ബന്ധിതരായപ്പോള്‍ പ്രധാനമന്ത്രി തന്നെ ഇത് ലംഘിച്ച് പാര്‍ട്ടികളില്‍ പങ്കെടുത്തത് ന്യായീകരിക്കാനാവില്ലെന്ന വിമർശനവും സ്യൂ ഗ്രേ മുന്നോട്ടു വെച്ചു.

ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച് നടന്ന മറ്റ് മൂന്ന് പാർട്ടികൾ

1) 18 ജൂൺ 2020 – വൈറ്റ്‌ഹാളിലെ കാബിനറ്റ് ഓഫീസിൽ നമ്പർ 10 പ്രൈവറ്റ് സെക്രട്ടറിയുടെ യാത്രയയപ്പ്.

2) 17 ഡിസംബർ 2020 – ഡൗണിംഗ് സ്ട്രീറ്റിൽ ഔദ്യോഗിക ഉദ്യോഗസ്ഥന്റെ യാത്രയയപ്പ്.

3) 14 ജനുവരി 2021 – ഡൗണിംഗ് സ്ട്രീറ്റിൽ നമ്പർ 10 പ്രൈവറ്റ് സെക്രട്ടറിമാരുടെ യാത്രയയപ്പ്.


സർക്കാർ മന്ദിരങ്ങളിൽ നടന്ന അമിത മദ്യപാനവും സ്യൂ ഗ്രേ എടുത്തുകാട്ടി. 2021 ഏപ്രിൽ 16നു രാത്രി പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയിൽ സാമൂഹിക നിയന്ത്രണം ലംഘിച്ച് രണ്ടു മദ്യസൽക്കാരം നടന്നു. പാർട്ടിയിൽ പ​ങ്കെടുത്ത ജീവനക്കാർ സമീപത്തെ സൂപ്പർമാർക്കറ്റിൽ നിന്ന് സൂട്ട്കേസ് നിറയെ മദ്യം വാങ്ങിയിരുന്നു. ജോൺസന് നേരത്തെ പിന്തുണ നൽകിയ സ്വന്തം പാർട്ടിയിലെ എംപിമാർ വരെ റിപ്പോർട്ട്‌ പുറത്തു വന്നതിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ തിരിഞ്ഞു.