ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
തമിഴ്നാട് : ദിവസങ്ങൾ നീണ്ട പ്രയത്നം വിഫലം. തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽപ്പെട്ട രണ്ടു വയസുകാരൻ സുജിത് വിൽസൻ മരിച്ചു. മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. ദിവസങ്ങള്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങളെ വിഫലമാക്കിയാണ് സുജിത് യാത്രയാവുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം സ്ഥിരീകരിച്ചത്. കുട്ടിയുടെ മൃതദേഹം കുഴല്‍ക്കിണറിനുള്ളിലൂടെ തന്നെ പുറത്തെടുത്തു. മൃതദേഹം മടപ്പാറയിലെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകിട്ട് കുഴൽകിണറിൽ വീണ കുട്ടിയെ സമാന്തരകുഴിയെടുത്ത് രക്ഷിക്കാനുള്ള ശ്രമങ്ങൾ എൻഡിആർഎഫിന്റെ നേതൃത്വത്തിൽ നടന്നു വരികയായിരുന്നു. എന്നാൽ കുഴൽകിണറിൽ നിന്ന് അഴുകിയ ഗന്ധം വന്നതിനെ തുടർന്ന് കുഞ്ഞ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ഒരു നാട് മുഴുവൻ സുജിത് ജീവനോടെ തിരിച്ചെത്തുന്നത് കാണാൻ കൊതിച്ചിരുന്നു. എന്നാൽ ഇനി ഒരു കണ്ണീരോർമ മാത്രമായി ആ കുരുന്ന് അവശേഷിക്കും.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ബ്രിട്ടോ – കലൈമേരി ദമ്പതിമാരുടെ ഇളയമകനായ സുജിത് 600 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് വീണത്. ആദ്യം 25 അടി താഴ്ചയിലായിരുന്ന കുട്ടി ഘട്ടംഘട്ടമായാണ് 90 അടി താഴ്ചയിലെത്തിയത്. തുടർന്ന് നാലരദിവസമായി കുട്ടിയെ ജീവനോടെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു. കുട്ടി കുഴൽ കിണറിൽ വീണു 75 മണിക്കൂറുകൾ പിന്നിട്ടപ്പോഴും നാട്ടുകാരും രക്ഷാപ്രവത്തകരും പ്രതീക്ഷ കൈവിട്ടിരുന്നില്ല.
ബലൂൺ ടെക്നോളജിയും എയർ ലോക്കിങ് സാങ്കേതിക സംവിധാനവും ഉപയോഗിച്ചാണ് മൃതദേഹം പുറത്ത് എടുത്തത്. രക്ഷാപ്രവർത്തനം നടത്തിയ ദേശീയ ദുരന്ത നിവാരണ സേന അന്തിമ റിപ്പോർട്ട് തയ്യാറാക്കി. കുട്ടി മരിച്ചുവെന്നും മൃതദേഹം അഴുകി തുടങ്ങിയ നിലയിലാണെന്നും തമിഴ്നാട് റവന്യു സെക്രട്ടറി ജി. രാധാകൃഷ്ണൻ അറിയിച്ചു. എണ്ണകമ്പനികളിൽ നിന്ന് കൊണ്ടു വന്ന പ്രത്യേകം യന്ത്രം ഉപയോഗിച്ചാണ് കുഴിയെടുക്കൽ പുരോഗമിച്ചത്. മണിക്കൂറിൽ പത്തടി കുഴിയെടുക്കാൻ കഴിയുന്ന യന്ത്രം കൊണ്ട് മണിക്കൂറിൽ മൂന്നടി മാത്രമാണ് കുഴിക്കാൻ കഴിഞ്ഞത്. പ്രദേശത്തെ പാറയുടെ സാന്നിധ്യം കാരണമാണ് രക്ഷാ പ്രവർത്തനം മന്ദഗതിയിലായത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പിഞ്ചുകുഞ്ഞിനെ പറ്റിയുള്ള ആശങ്ക ട്വീറ്റ് ചെയ്തിരുന്നു. കോൺഗ്രസ്സ് പാർട്ടി നേതാവ് രാഹുൽ ഗാന്ധിയും കുട്ടിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. സുജിത്തിന്റെ മരണവാർത്ത ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടു വയസുകാരന്റെ മരണത്തെത്തുടര്‍ന്ന്, മൂടിയില്ലാതെ തുറന്നു കിടക്കുന്ന കുഴല്‍ക്കിണറുകളുടെ മുഖഭാഗം അടിയന്തരമായി അടയ്ക്കണമെന്ന ആവശ്യമാണ് എവിടെയും ഉയർന്നുകേൾക്കുന്നത്.
Leave a Reply