വടക്കുകിഴക്കൻ സിറിയയിലെ ഖാൻ ഷെയ്ഖൂൻ പട്ടണത്തിൽ കഴിഞ്ഞയാഴ്ച 87 പേരുടെ മരണത്തിനിടയാക്കിയ രാസായുധാക്രമണത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്കും സിറിയ്ക്കുമെതിരേ ഉപരോധമേർപ്പെടുത്താനുള്ള അമേരിക്കയുടെയും ബ്രിട്ടന്റെയും നീക്കം തടഞ്ഞ് ജി-7 രാഷ്ട്രങ്ങൾ. ഇറ്റലിയിൽ നടന്ന ജി-7 രാഷ്ട്രങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടിയിലാണ് അമേരിക്കൻ- ബ്രിട്ടീഷ് വിദേശകാര്യമന്ത്രിമാരുടെ ഉപരോധ നിർദേശം ഇറ്റലിയും ജർമനിയും ചേർന്ന് വീറ്റോചെയ്തത്. ഉപരോധ നടപടികളിലൂടെ പുടിനെ സമ്മർദ്ദത്തിലാക്കി സിറിയയിലെ അസദ് ഭരണകൂടത്തിന് റഷ്യനൽകുന്ന പിന്തുണ അവസാനിപ്പിക്കുകയായിരുന്നു അമേരിക്കയുടെയും ബ്രിട്ടന്റെയും ലക്ഷ്യം. ഇത് നടക്കില്ലെന്ന് ഉറപ്പായതോടെ റഷ്യയുമായുള്ള കൂടുതൽ ഉഭയകക്ഷി ചർച്ചയ്ക്കായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ നേരിട്ട് മോസ്കോയിലെത്തും.

രാസായുധാക്രമണം നടത്തിയത് അസദ് ഭരണകൂടമാണെന്ന് അമേരിക്കയും ബ്രിട്ടനും ആവർത്തിക്കുമ്പോൾ ഇതുസംബന്ധിച്ച് അന്വേഷണങ്ങൾ പൂർത്തിയായശേഷം മറ്റ് നടപടികളിലേക്ക് കടന്നാൽ മതിയെന്ന നിലപാടിലായിരുന്നു മറ്റ് രാഷ്ട്രങ്ങൾ. ആക്രമണത്തിനു പിന്നിൽ വിമത പോരാളികളാണെന്നാണ് അസദിന്റെയും റഷ്യയുടെയും നിലപാട്. ഏതുസാഹചര്യത്തിലായാലും പുട്ടിനെ ഒറ്റപ്പെടുത്തിയുള്ള നടപടിയിലൂടെ സിറിയൻ പ്രശ്നത്തിന് പരിഹാരം സാധ്യമല്ലെന്ന നിലപാടാണ് ഇറ്റലിയ്ക്കുള്ളത്. സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാവായെത്തിയ യൂറോപ്യൻ യൂണിയൻ പ്രതിനിധിയും റഷ്യയ്ക്കെതിരായ ഉപരോധങ്ങളോട് യോജിച്ചില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാസായുധാക്രമണത്തിനു പിന്നിൽ സിറിയൻ ഭരണകൂടമാണെന്നും ഇത് റഷ്യയുടെ അറിവോടെയാണെന്നുമുള്ള ഉറച്ച നിലപാടിലാണ് അമേരിക്കയും ബ്രിട്ടനും. രാസായുധാക്രമണത്തിന് തിരിച്ചടിയായി അമേരിക്ക സിറിയയിലെ അൽ ഷയാറത് വ്യോമതാവളത്തിലേക്ക് ശക്തമായ മിസൈൽ ആക്രമണം നടത്തിയിരുന്നു. 59 ടോമഹോക്ക് ക്രൂസ് മിസൈലുകൾ ഉപയോഗിച്ചുള്ള കനത്ത പ്രത്യാക്രമണമാണ് അമേരിക്ക നടത്തിയത്. ഈ നടപടി നിയമവിരുദ്ധമാണെന്ന നിലപാടാണ് റഷ്യക്കുള്ളത്. സിറിയയിൽ അമേരിക്കൻ സേന നടത്തിയ നേരിട്ടുള്ള ഇടപെടൽ ഇരുരാജ്യങ്ങളും തമ്മിൽ നിലവിലുള്ള ബന്ധത്തിൽ മാറ്റമുണ്ടാക്കുമെന്ന മുന്നറിയിപ്പും റഷ്യ നൽകി.

ഇതേത്തുടർന്നാണ് ബ്രിട്ടനെ കൂട്ടുപിടിച്ച് റഷ്യയ്ക്കെതിരേ ഉപരോധമേർപ്പെടുത്താൻ അമേരിക്ക നീക്കം നടത്തിയത്. അസദിനെ സഹായിക്കുന്ന റഷ്യയുടെ നിലപാടിൽ പ്രതിഷേധമറിയിക്കാൻ കഴിഞ്ഞദിവസം ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ബോറിസ് ജോൺസൺ മുൻകൂട്ടി നിശ്ചയിച്ചിരുന്ന തന്റെ റഷ്യൻ സന്ദർശനം റദ്ദാക്കിയിരുന്നു. തിങ്കളാഴ്ച രാത്രി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി ടെലിഫോണിൽ ബന്ധപ്പെട്ട പ്രസിഡന്റ് ട്രംപ് റഷ്യയ്ക്കെതിരായ ശക്തമായ നടപടികൾക്ക് ജി-7 രാഷ്ട്രങ്ങളുടെ പിന്തുണ തേടുന്നകാര്യം വിശദമായി ചർച്ചചെയ്തിരുന്നു.