ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയും യൂറോപ്യൻ യൂണിയനും തമ്മിൽ ഏർപ്പെടാനിരുന്ന യൂത്ത് മൊബിലിറ്റി സ്‌കീമിൻ്റെ സാധ്യത മങ്ങി. കരട് നടപ്പിലായിരുന്നെങ്കിൽ രണ്ട് മേഖലയിലുമുള്ള യുവജനങ്ങൾക്ക് 4 വർഷം വരെ അന്യോന്യം പഠനത്തിനും ജോലിക്കുമായി താമസിക്കുന്നതിന് ഒട്ടേറെ ഇളവുകള്‍ ലഭിക്കുമായിരുന്നു. 18 നും 30 നും ഇടയിൽ പ്രായമുള്ളവർക്കായിയായിരുന്നു ഈ നിർദ്ദേശങ്ങൾ സമർപ്പിക്കപ്പെട്ടത്.


എന്നാൽ യൂറോപ്യൻ യൂണിയന്റെ പെട്ടെന്നുള്ള നിർദ്ദേശത്തിന് വെള്ളിയാഴ്ച ലേബർ പാർട്ടി എതിർ
അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ഭരണപക്ഷവും പദ്ധതിയോട് പുറംതിരിഞ്ഞത്. യൂറോപ്യൻ കമ്മീഷൻ പ്രസിഡൻറ് ഇർസുല വോൺ സെർ ലെയ്ൻ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള യുവാക്കൾക്ക് യുകെയിലേയ്ക്കും തിരിച്ചും പഠിക്കാനും ജോലി ചെയ്യാനും ഇളവുകൾ അനുവദിക്കുന്നത് രണ്ടു മേഖലകളും തമ്മിൽ കൂടുതൽ സഹകരണം ഊട്ടി ഉറപ്പിക്കുന്നതിന് ഉചിതമാകുമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്.


എന്നാൽ ഇത്തരം ഇളവുകൾ അനുവദിക്കുന്നത് ബ്രെക്സിറ്റിന്റെ പ്രഖ്യാപിത നിയമങ്ങളെ തുരങ്കം വയ്ക്കുമെന്ന അഭിപ്രായമാണ് ബ്രിട്ടനിലെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമുള്ളത്. യുകെയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തരം നയപരമായ കാര്യങ്ങളിൽ വളരെ സൂക്ഷിച്ചാണ് പാർട്ടികൾ പ്രതികരിക്കുന്നത്. യൂത്ത് മൊബിലിറ്റി സ്കീം നടപ്പിലാക്കിയാൽ ബ്രിട്ടീഷ് യുവജനതയുടെ തൊഴിൽ സാധ്യതകളെ ബാധിക്കുമെന്ന തരത്തിലുള്ള പ്രചാരണം ഉണ്ടാകുമോ എന്ന ഭയം ഭരണപക്ഷത്തിനുണ്ട്. ഇപ്പോൾ കടുത്ത ഭരണവിരുദ്ധ വികാരമാണ് പ്രധാനമന്ത്രി ഋഷി സുനക് നേരിടുന്നത്.