കേരളം ഏറെ ചർച്ച ചെയ്ത സുന്ദരിയമ്മ കൊലക്കേസിൽ പോലീസ് അറസ്റ്റ് ചെയ്ത് പിന്നീട് കോടതി നിരപരാധിയെന്ന് വിധിയെഴുതിയ സംഭവത്തിലെ ഇര ജയേഷ് എന്ന ജബ്ബാർ വീണ്ടും അറസ്റ്റിൽ. മൂന്നു കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസിൽ ചക്കുംകടവ് നായ്പാലം സ്വദേശി ജയേഷിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.
കുറ്റിച്ചിറയിൽ നിന്ന് എട്ട്, പത്ത്, പന്ത്രണ്ട് വയസുള്ള മൂന്ന് കുട്ടികളെ ജയേഷ് തട്ടിക്കൊണ്ടു പോയെന്നാണ് കേസ്. ട്യൂഷൻ ക്ലാസിലേക്ക് പോയ കുട്ടികളെ വളർത്തുമീൻ വാങ്ങി നൽകാമെന്ന് പറഞ്ഞ് കുറ്റിച്ചിറയിൽ നിന്നും ഗുജറാത്തി സ്ട്രീറ്റിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോവുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
മൂന്നു കുട്ടികളിൽ രണ്ട് പേർ ഓടിപ്പോവുകയും 10 വയസ്‌കാരനെ ഇയാൾ നിർത്തിയട്ട വണ്ടിയിൽ കയറ്റിയിരുത്തുകയുമായിരുന്നു. പിന്നീട് കുട്ടി പേടിച്ച് വണ്ടിയിൽ നിന്നും ഇറങ്ങി ഓടി. കുട്ടികളുടെ മൊഴിയിൽ നിന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്നും പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി മുഖദാറിൽ വച്ച് അറസ്റ്റിലായത്.
അതേസമയം, സുന്ദരിയമ്മ കൊലക്കേസിൽ അറസ്റ്റിലായ ജയേഷിന്റെ ജീവിതം വെള്ളിത്തിരയിലെത്തിയിരുന്നു. ടൊവിനോ തോമസിനെ നായകനാക്കി മധുപാൽ ഒരുക്കിയ ‘കുപ്രസിദ്ധ പയ്യൻ’ യഥാർഥത്തിൽ ജയേഷിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് തയ്യാറാക്കിയത്.
പോലീസിന് ഏറെ വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന കേസാണ് വട്ടക്കിണർ സുന്ദരിയമ്മ വധക്കേസ്. കേസിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുയും അനാഥനായ ജയേഷിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നീട് ക്രൈം ബ്രാഞ്ച് കെട്ടിച്ചമച്ച കഥ കോടതിയിൽ പൊളിയുകയും ജയേഷിനെ വെറുതെ വിടുകയുമായിരുന്നു. കേസിൽ ഒന്നര വർഷത്തോളമാണ് ജയേഷ് ജയിലിൽ കഴിഞ്ഞത്. പോലീസിന് ഇതുവരെ സുന്ദരിയമ്മയുടെ ഘാതകനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Leave a Reply