ഫാ. ഹാപ്പി ജേക്കബ്

പരിശുദ്ധമായ വലിയ നോമ്പിൻറെ അവസാന ആഴ്ചയിലേക്ക് നാം എത്തി ചേർന്നിരിക്കുകയാണ്. ലോകരാജ്യങ്ങൾ മുഴുവൻ വിറങ്ങലിച്ചു നിൽക്കുന്ന ഈ കാലയളവിൽ നമ്മുടെ പ്രാർത്ഥനയും നമ്മുടെ ഉപവാസവും നോമ്പും അനുഗ്രഹമായി തീരുവാൻ നാം ശ്രമിക്കണം. കാരണം മറ്റൊന്നുമല്ല പ്രകൃതി നിയമങ്ങളെയും ദൈവീക കല്പനകളെയും അവഗണിക്കുകയും മാനുഷിക നിയമങ്ങളും കൽപ്പനകൾ നിലനിർത്തുകയും ചെയ്യുന്ന നമ്മുടെ ഈ ജീവിതയാത്രയിൽ അടഞ്ഞുപോയ പോയ ദിവസങ്ങൾ ആണ് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. മരണം എത്രയെന്നോ രോഗികൾ ആരെന്നോ തിരിച്ചറിയുവാൻ കഴിയാത്ത സാഹചര്യം. ഈ സാഹചര്യങ്ങളെ എങ്ങനെ തരണം ചെയ്യണം എന്ന് അറിയാൻ പാടില്ലാത്ത ജനസമൂഹവും ഭരണസംവിധാനവും നാം കണ്ടുകൊണ്ടിരിക്കുന്നു. ഈ അവസ്ഥയിലും ആരോഗ്യപ്രവർത്തകരും ഗവൺമെൻറ് ജീവനക്കാരും നൽകുന്ന നിർദേശങ്ങൾ കാറ്റിൽപറത്തി സ്വന്തം ഇഷ്ടപ്രകാരം സഞ്ചരിക്കുകയും ജീവിക്കുകയും ചെയ്യുന്ന ആളുകളെ നാം കാണുന്നില്ലയോ. സമൂഹ നന്മയ്ക്ക് വേണ്ടി ആരാധനാലയങ്ങൾ പോലും അടച്ചിട്ടിരിക്കുന്ന ഈ ദിവസങ്ങളിൽ ലഭിച്ചിരിക്കുന്ന സമയത്ത് ഭവന അംഗങ്ങളോടൊപ്പം ഈ അവസ്ഥകളെ തിരിച്ചറിഞ്ഞ് പ്രാർത്ഥനയോടെ ഇരിപ്പാൻ ശ്രദ്ധിക്കണം എന്ന് ആദ്യമേ ഓർമിപ്പിക്കുന്നു.

പിറവിയിലേ കുരുടനായ ഒരു മനുഷ്യനെ കർത്താവ് സൗഖ്യമാക്കുന്ന ഒരു ചിന്തയാണ് ഈ ആഴ്ചയിൽ നിങ്ങളുടെ മുമ്പാകെ വയ്ക്കുന്നത്. ഒരു അർത്ഥത്തിൽ അവൻറെ ജീവിതം മുഴുവൻ അന്ധകാരത്തിൽ ആയിരിന്നു .അതിനെയാണ് കർത്താവ് സൗഖ്യമാക്കി താൻതന്നെ പ്രകാശം എന്ന് വെളിപ്പെടുത്തി കൊടുക്കുന്നത്. വിശുദ്ധ യോഹന്നാൻറെ സുവിശേഷം ഒൻപതാം അദ്ധ്യായം ഒന്നു മുതൽ 41 വരെയുള്ള ഭാഗങ്ങളിലാണ് നാം ഇത് വായിക്കുന്നത്. കർത്താവ് കടന്നുപോകുമ്പോൾ ഈ കുരുടനെ കണ്ടിട്ട് അവൻറെ കൂടെ ഉണ്ടായിരുന്നവർ ചോദിക്കുകയാണ് ഇവൻ ഈ അവസ്ഥയിൽ ആയിത്തീരുവാൻ ഇവനാണോ ഇവൻറെ മാതാപിതാക്കളാണോ ആരാണ് പാപം ചെയ്തത്. കർത്താവ് മറുപടിയായി പറയുന്നത് ഇവനും അല്ല ഇവൻറെ അമ്മയും അപ്പനും അല്ല പാപം ചെയ്ത് പകരം ദൈവ കൃപ ഇവനിൽ വെളിപ്പെടുവാൻ തക്കവണ്ണം ആണ് അവൻ ഈ അവസ്ഥയിൽ
ആയിരിക്കുന്നത്.

ഈ ഭാഗം ചിന്തിച്ചപ്പോൾ ഈ കഴിഞ്ഞ ആഴ്ചയിലെ സംഭവവികാസങ്ങൾ മനസ്സിലേക്ക് കടന്നു വന്നു. വാർത്തകളിൽ മനസ്സിന് തൃപ്തി വരുന്ന യാതൊന്നും കണ്ടില്ല. എവിടെയും രോഗവും വ്യാപനവും മരണവും ആണ് ചിന്തയിലും ചർച്ചകളിലും നിറഞ്ഞുനിൽക്കുന്നത്. രോഗികളെ കിടത്തുവാനോ പരിചരിക്കുവാനോ ഇടമില്ലാതെ നട്ടംതിരിയുകയാണ് രാജ്യങ്ങൾ. മരിച്ചവരെ ഒരു നോക്ക് കാണുവാൻ അടക്കം ചെയ്യുവാനോ പോലും കഴിയാത്ത സാഹചര്യം. ഇങ്ങനെയുള്ള അവസരങ്ങളിൽ ഞാൻ ചോദിച്ചു പോകാറുണ്ട് എന്താണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. ഞാൻ മനസ്സിലാക്കുന്നതും വിശ്വസിക്കുന്നതും ദൈവകൃപ വെളിപ്പെടുവാനും ജനം ദൈവത്തെ അറിയുവാനും ഉള്ള ഒരു അവസരമായി ഇതിനെ കാണണം എന്നാണ്. മനുഷ്യൻ തോറ്റു കൊടുത്തത് ദൈവ പ്രവർത്തനം നമ്മളിൽ നിറവേറ്റുവാൻ തക്കവണ്ണം ഒരുക്കുന്ന സമയമായി ഇതിനെ മാറ്റുക. യാക്കോബ് ശ്ലീഹ ഓർമ്മിപ്പിക്കുന്നു പരീക്ഷണം സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കർത്താവു തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദാനം ചെയ്ത ജീവകിരീടം പ്രാപിക്കും 1:12. അതേസമയംതന്നെ യാക്കോബ് ശ്ലീഹാ ഓർമിപ്പിക്കുന്നു ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നാം എന്താണ് ചെയ്യേണ്ടത്. നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ; സുഖം അനുഭവിക്കുന്നവൻ പാട്ടു പാടട്ടെ. നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവനു വേണ്ടി പ്രാർത്ഥിക്കട്ടെ. എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവു അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും. 5:13-15. ശാസ്ത്രം തോറ്റെടുത്ത ഇടത്ത് ദൈവം പ്രവർത്തിക്കുന്ന ഒരു അത്ഭുതം നാം കാണേണ്ടിയിരിക്കുന്നു. നിരാശപ്പെടുവാനും ഞാനും തളർന്നു പോകുവാനും ഇടയാകരുത്. ഈപരീക്ഷണ ഘട്ടത്തിൽ തളർന്നു പോയാൽ നിരാശ നമ്മളെ ഗ്രഹിച്ചാൽ പിന്നെ നമുക്ക് നിലനിൽപ്പ് ഉണ്ടാവുകയില്ല. നമ്മുടെ പ്രാർത്ഥനകളിൽ ലോകം മുഴുവനും സൗഖ്യം പ്രാപിക്കുവാനും അവരെ ശുശ്രൂഷിക്കുന്ന അവർക്ക് കാവലായി ദൈവം പ്രവർത്തിക്കുവാൻ തക്കവണ്ണം നാം പ്രാർത്ഥിക്കണം. അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ നിങ്ങൾ എൻറെ അടുക്കലേക്ക് വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം എന്ന് അരുളി ചെയ്തവൻെറ അടുത്തേക്കാണ് നാം കടന്നു വരേണ്ടത്. യഹോവ എൻറെ ഇടയനാകുന്നു എന്നും എനിക്ക് ഒന്നിനും മുട്ടുണ്ടുണ്ടാവുകയില്ല എന്നും ചെറുപ്പം മുതൽ നാം ചൊല്ലിയിട്ടുള്ള സങ്കീർത്തനങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നത് കൂരിരുൾ താഴ്‌വരയിൽ കൂടി നടന്നാലും ഒരു അനർത്ഥവും സംഭവിക്കുകയില്ല എന്നുള്ള വലിയ പ്രത്യാശയാണ് ആണ് .

അജ്ഞാനത്തിൻെറയും അവിവേകത്തിൻെറയും അന്ധകാരത്തിൽ കഴിയുന്ന നമ്മുടെ കണ്ണുകളെ തുറക്കുവാൻ ഈ നോമ്പ് സഹായിക്കട്ടെ. ഈ വേദഭാഗം അതിൻറെ അവസാന ഭാഗം വളരെ ശ്രദ്ധേയമാണ്. കാഴ്ച ലഭിച്ചവൻ അവൻ ഉടനെ സാക്ഷ്യപ്പെടുത്തുന്നു അത് കണ്ടു നിൽക്കുന്നവർക്ക് ഉൾക്കൊള്ളുവാൻ കഴിയാതെ വന്നപ്പോൾ കർത്താവ് പറയുകയാണ്. നിങ്ങൾക്ക് കണ്ണു ഉണ്ടായിട്ട് കാര്യമില്ല കാഴ്ചയാണ് പ്രധാനം അത് നിങ്ങൾക്കില്ല. ഇതുതന്നെയല്ലേ ഇന്ന് ലോകത്തിൻറെ അവസ്ഥയും. എല്ലാം ഉണ്ടെന്ന് നമുക്കറിയാം പക്ഷേ അതൊന്നും വേണ്ടുംവണ്ണം വിനിയോഗിക്കുവാൻ നമ്മുക്ക് കഴിയാതെ പോകുന്നു. വിദ്യാഭ്യാസം ഉണ്ടെങ്കിലും വിവേകമില്ല നല്ല ആരോഗ്യം ഉണ്ടെങ്കിലും സൗഖ്യം ഇല്ല സമ്പത്ത് ഉണ്ടെങ്കിലും സമാധാനമില്ല. തൻറെ അടുത്തേക്ക് വന്ന അവനോട് കർത്താവ് പറയുന്നു ഒരു കുറവ് നിനക്കുണ്ട് അതുതന്നെയല്ലേ ഇന്ന് ഈ ഭാഗം നമ്മളോടും സംസാരിക്കുന്നത്. ഉൾകണ്ണുകളെ തുറന്ന് ദൈവത്തെയും സഹോദരങ്ങളെയും കാണുവാൻ നമുക്ക് നീ നോമ്പ് സാധ്യമാകട്ടെ. ഒരു വാക്കിൽ എങ്കിലും ആശ്വാസം ലഭിക്കും എന്ന് കരുതുന്ന ഒരുപാട് ആളുകൾ ഇന്ന് നമ്മുടെ ചുറ്റും ഉണ്ട്. ഒരിറ്റ് സഹായത്തിനു വേണ്ടി കാത്തിരിക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ ചുറ്റുമുണ്ട്. ഈ നോമ്പിൻറെ കാലയളവിലും ഈ പകർച്ചവ്യാധിയുടെ ഇടയിലും നമ്മുടെ കണ്ണുകളെ തുറക്കുവാനും കാണേണ്ടത് കാണുവാനും നമുക്ക് കഴിയണം.

മുമ്പേ അവൻറെ രാജ്യവും നീതിയും അന്വേഷിപ്പിൻ ഈ കൽപ്പന ആകട്ടെ നമുക്ക് ഈ അവസരത്തിൽ ബലം ആകേണ്ടത്. ദാവീദിനെ പോലെ എൻറെ ദൈവത്താൽ ഞാൻ മതിൽ ചാടി കടക്കും എന്നുള്ള പ്രത്യാശ നമ്മളിൽ വളരുവാനും ആ ബലം അനേകർക്ക് പകരുവാനും നമ്മുടെ കണ്ണുകൾ തുറക്കുവാനും സൃഷ്ടാവിൻെറ മഹാത്മ്യം തിരിച്ചറിയുവാനും ഈ ദിനങ്ങൾ നമുക്ക് ഇടയാകട്ടെ. ആധികളും വ്യാധികളും മാറി സമാധാനത്തോടെ ദൈവജനം ഈ ലോകത്തിൽ ദൈവത്തെ അറിഞ്ഞ് ജീവിക്കുവാൻ ദൈവം ഇടയാക്കട്ടെ അതിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. എല്ലാ രോഗികളെയും അവരെ ശുശ്രൂഷിക്കുന്നവരെയും ദൈവസന്നിധിയിൽ ആയി നമുക്ക് ഓർത്ത് പ്രാർത്ഥിക്കാം. നഷ്ടപ്പെട്ടുപോയ അവർക്ക് ആശ്വാസം ലഭിക്കുന്നതിന് വേണ്ടി രോഗികൾക്ക് സൗഖ്യം ലഭിക്കുന്നതിനുവേണ്ടി ഈ ഘട്ടത്തിൽ ആയിരിക്കുന്നവർക്ക് സുഖം ലഭിക്കുന്നതിന് വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശുദ്ധമുള്ള നോമ്പേ സമാധാനത്തോടെ വരിക
സ്നേഹത്തോടെ ഹാപ്പി ജേക്കബ് അച്ഛൻ

 

 റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ   സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.