ഫാ. ഹാപ്പി ജേക്കബ്
പ്രത്യാശയുടേയും സ്നേഹത്തിൻറെയും പുതുജീവൻറെയും ദിനമായ ഉയർപ്പു പെരുന്നാളിലേയ്ക്ക് നാം എത്തിയിരിക്കുകയാണ്. ചിലപ്പോൾ നാം ചിന്തിച്ചേക്കാം ഈ കാലത്തിലും കാലഘട്ടത്തിൽ മേൽപ്പറഞ്ഞ വാക്കുകൾക്ക് അർത്ഥം നിലനിൽക്കുന്നുണ്ടോ എന്ന്. സാധാരണ ഈ ദിനത്തിൽ നമ്മൾ കേൾക്കുന്ന രണ്ട് പദങ്ങളാണ് പുനരുദ്ധാനവും പ്രത്യാശയും. ഒരു നിമിഷം ചിന്തിക്കുക ഈ ദിനം പുനരുദ്ധാനത്തിൻറെ പ്രത്യാശയാണോ ആണോ അതോ പ്രത്യാശയുടെ പുനരുദ്ധാനം ആണോ. രണ്ടു തരത്തിലും പൂർണമായി ഉൾക്കൊള്ളുവാൻ ഈ ദിനങ്ങൾ നമുക്ക് കഴിയട്ടെ. ഒരു മനുഷ്യൻറെ മരണത്തോടുകൂടി ജീവിതം അവസാനിക്കും എന്ന് കരുതിയ ചിന്താധാരകളെ മാറ്റി മറിക്കുന്നതായിരുന്നു കർത്താവിൻറെ പുനരുദ്ധാനം. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഈ ദിവസം തരുന്ന സന്ദേശം കഷ്ടതകൾക്ക് നടുവിലും നിലനിൽപ്പും ശാശ്വതമായ ജീവിതവും ഉണ്ടെന്ന് നമ്മെ ഓർമിപ്പിക്കുന്നു. ആകുലതയും ദുഃഖങ്ങൾക്കും കണ്ണുനീരിനും മരണത്തിന് വേദനകൾക്കും നമ്മെ തോൽപ്പിക്കുവാൻ കഴിയുകയില്ല എന്ന വലിയ പ്രത്യാശ ഈ ദിവസം നമുക്ക് തരുന്നു. ആയതിനാൽ ഈ ദിവസം നമുക്ക് പുതുജീവൻറെയും ധൈര്യത്തിൻെറയും അതിജീവനത്തിൻെറയും ദിവസമായി കാണാം.
വിശുദ്ധ മത്തായിയുടെ സുവിശേഷം 28ആം അധ്യായം ഒന്നു മുതൽ 20 വരെയുള്ള വാക്യങ്ങളിൽ ഈ ഉയർപ്പു പെരുന്നാളിന്ൻറെ പൂർണത നമുക്ക് കാണുവാനും വായിക്കുവാനും കഴിയും . ആഴ്ചവട്ടത്തിൻറെ ഒന്നാം നാളിൽ കർത്താവിൻറെ ശരീരത്തിൽ സുഗന്ധതൈലം പൂശുവാനായി സ്ത്രീകൾ കടന്നുവന്നു. എന്നാൽ അവിടേക്ക് കടക്കാതിരിക്കാൻ കഴിയാതെ അവർ നിൽക്കുമ്പോൾ വലിയ ഒരു ഭൂകമ്പം ഉണ്ടാവുകയും കല്ലറ തുറക്കുകയും ചെയ്തു. അസാധ്യം എന്നും അപ്രാപ്യം എന്നും നാം കരുതുന്ന പല ഇടങ്ങളിലും ദൈവം പ്രവർത്തിക്കുന്നത് ഇപ്രകാരമാണ്. ഭയവും ആശങ്കയും പിന്തിരിയുവാൻ അവരെ പ്രേരിപ്പിച്ചു എങ്കിലും പ്രത്യാശ ഭരിച്ചിരുന്നതുകൊണ്ട് അവർക്ക് ഉദ്ധാനം ദർശിക്കുവാൻ സാധ്യമായി. ആനുകാലിക സംഭവങ്ങളും ആയി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ കഠിനമായ പ്രതിബന്ധങ്ങളുടെ രോഗങ്ങളുടെയും നടുവിലാണ് നമ്മൾ കഴിയുന്നത്. ആര് ആരെ ആശ്വസിപ്പിക്കും ആര് ആർക്ക് പ്രത്യാശ നൽകും അതിനുമപ്പുറം പ്രത്യാശ നൽകുന്ന വാക്കുകൾക്ക് അർത്ഥം പോലും ഇല്ലാതെയായി അന്ധത പൂണ്ട് കഴിയുകയാണ് ആണ്. പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്യുവാൻ ഉയിർപ്പ് സന്ദേശം നമുക്ക് സഹായകമാകട്ടെ.
രണ്ടാമതായി നാം ചിന്തിക്കേണ്ടത്. അമ്പരപ്പോടെ നിന്ന് സ്ത്രീകളോട് ദൂതൻ ചൊല്ലുന്നു നിങ്ങൾ ജീവൻ ഉള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്ത്. അവൻ പറഞ്ഞതുപോലെ നിങ്ങൾക്ക് മുമ്പേഗലീലയിലേക്ക് അവൻ പോയിരിക്കുന്നു. ഈ കാലങ്ങളിൽ ഇതിൽ നാം ഒക്കെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട് ഭവനങ്ങളിൽ ആയി കഴിയുകയാണ്. പലർക്കും ഇത് വഹിക്കുന്നതിൽ അപ്പുറം ആയ പ്രയാസങ്ങളാണ് നൽകുന്നത്. രോഗം ബാധിച്ചവർ ഉണ്ട് വിയോഗത്തിൽ കഴിയുന്നവർ ഉണ്ട് ജോലി നഷ്ടപ്പെട്ടവർ ഉണ്ട്. സഹിക്കാവുന്ന ബുദ്ധിമുട്ടുകൾ എല്ലാം സഹിച്ചേ മതിയാവുക യുള്ളൂ കാരണം വലിയ ഒരു പ്രത്യാശ നമ്മുടെ മുമ്പാകെ തരുവാൻ തക്കവണ്ണം ഇത് അനിവാര്യമാണ്. ഇതിലൂടെയുള്ള കുറവുകളും പരാതികളും പരിഭവങ്ങളും എല്ലാം മാറ്റിവച്ച് പ്രത്യാശയുടെ നല്ല ദിനങ്ങൾ നാം വീണ്ടെടുക്കണം എന്ന് ഓർമിപ്പിക്കുന്നു. നെഗറ്റീവ് ചിന്തകൾ നമ്മെ ഭരിക്കുന്ന സമയം കൂടിയാണ്. ജീവനുള്ളവനായി നമ്മുടെ മധ്യേ ഉയർത്തപ്പെട്ടവൻ അവൻ നമുക്ക് വേണ്ടി മുൻപേ സഞ്ചരിക്കുകയാണെങ്കിൽ നാമെന്തിന് ആകുലപ്പെടണം.
മൂന്നാമതായി ഈ ആകുലതകളുമായി കല്ലറയിൽ നിന്ന് സന്തോഷവർത്തമാനം ,സുവിശേഷം അറിയിക്കുവാൻ തക്കവണ്ണം ഓടിയ സ്ത്രീകളെ എതിരേറ്റത് ഉയർത്തപ്പെട്ടവനായ ക്രിസ്തുവായിരുന്നു. നിങ്ങൾക്ക് സമാധാനം അതായിരുന്നു അവൻറെ ആശംസ. ഇന്ന് ഏറ്റവും അധികം വിലയുള്ള ഒരു വാക്കാണ് സമാധാനം. എവിടെ കിട്ടും ആര് നൽകും ഇതാണ് ഇന്ന് അന്വേഷിക്കുന്നത്. സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭ്രമിക്കയും അരുത്. യോഹന്നാൻ 14:27. മറ്റെങ്ങും നാം ഓടി നടക്കേണ്ടതില്ല, ഉയർപ്പ് പെരുന്നാളിലൂടെ അത് നമുക്ക് സാധ്യമാക്കി തന്നു. ലോകത്തിൻറെ സമാധാനത്തിന് പരിമിതികൾ ഉണ്ട്. എന്നാൽ അതിർവരമ്പുകൾ ഇല്ലാത്ത ശാശ്വതമായ സമാധാനം ആണ് ഉയർപ്പ് നമുക്ക് നൽകുന്നത്.
ഇത് പുതുജീവൻറെ അടയാളമാണ്. മരിച്ചിടത്തുനിന്ന് എന്ന് ജീവൻ ആവിർഭവിക്കുന്നു. പ്രതീകമായി ആയി മുട്ട കൈമാറുക പതിവുണ്ടല്ലോ. നിലവിലുള്ള സാഹചര്യങ്ങളിൽ നിന്നുകൊണ്ട് സമാധാനം ആശംസിക്കാനും സ്നേഹം പകരുവാനും ഈ ദിനത്തിൽ നമുക്ക് സാധ്യമാകണം. പുതുജീവൻെറയും പ്രത്യാശയുടെയും വാക്കുകളും ചിന്തകളും ആയിരിക്കണം നമ്മെ ഭരിക്കേണ്ടത് നാം പകരേണ്ടത്. ഈ നാളുകളിൽ മരണപ്പെട്ട ധാരാളം ആളുകൾ നമ്മുടെ അറിവിൽ ഉണ്ട്. കുടുംബത്തിലെ അംഗങ്ങൾ മുഴുവനും രോഗം ബാധിച്ചവരും നമ്മുടെ ഇടയിൽ ഉണ്ട്. നാളെ എന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്ന ജീവിതങ്ങളും നമ്മുടെ ഇടയിൽ ഉണ്ട് . അവർക്കും വേണം ഒരു ഉയർപ്പു പെരുന്നാൾ. അവർക്കും ലഭിക്കണം പ്രത്യാശയുടെ പൊൻ കിരണങ്ങൾ. അവർക്കും ലഭിക്കണം അതിജീവനത്തിൻെറ നാൾവഴികൾ. അതിനുവേണ്ടിയാണ് ദൈവം നമ്മെ ഓരോരുത്തരെയും ഈ പ്രഭാതത്തിൽ കാത്തു പരിപാലിക്കുന്നത്. ഉണർന്ന് പ്രവർത്തിക്കുവാനും ,പ്രത്യാശയുടെ നാമ്പുകൾ കൈമാറുവാനും , പുതുജീവൻെറ വഴികൾ കാട്ടി കൊടുക്കുവാനും ഈ ദിവസത്തിൽ നമുക്ക് സാധ്യമാകണം .
മരിക്കപെട്ടവരുടെ ക്രിസ്തുവല്ല നല്ല ജീവൻ നൽകുന്ന ,ജീവിക്കുന്ന ക്രിസ്തുവത്രേ നമ്മുടെ മുൻപാകെ ഉള്ളത്. അതായിരിക്കട്ടെ നമ്മുടെ പ്രത്യാശ. ആ പ്രത്യാശ ആകട്ടെ നമ്മുടെ സന്ദേശവും ജീവിതവും.
ഉയർത്തപ്പെട്ടവനായ ക്രിസ്തുവിൻറെ ജീവിക്കുന്ന സന്ദേശവും സ്നേഹവുമായി തീരുവാൻ ഏവരെയും ഉയർപ്പ് തിരുനാൾ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. സ്നേഹത്തിലും പ്രാർത്ഥനയിലും പ്രത്യാശയും
ശുദ്ധമുള്ള നോമ്പേ സമാധാനത്തോടെ വരിക
സ്നേഹത്തോടെ ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ്
മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.
Leave a Reply