ഫാ.ബിജു കുന്നയ്ക്കാട്ട്
ലോക ജനതയുടെ സ്വൈര്യജീവിതത്തിന്റെ ചങ്കില്‍ തീകോരിയിട്ടേക്കാവുന്ന ഒരു യുദ്ധകാഹളത്തെക്കുറിച്ചുള്ള ഒരു ഭീതിയിലാണെല്ലാവരും ഇപ്പോള്‍. ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായി, തുറന്ന ഒരു യുദ്ധത്തിലേയ്ക്കും ചിലപ്പോള്‍ ലോകം മുഴുവന്‍ ഭയപ്പെടുന്ന മൂന്നാം ലോക മഹായുദ്ധത്തിലേയ്ക്കും നീളാവുന്ന ദുരന്തത്തിന് മുന്നോടിയായുള്ള പോര്‍വിളികള്‍ ഇരു രാജ്യങ്ങളും തുടങ്ങിക്കഴിഞ്ഞു. സൈനിക ശക്തിയില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയും ഏഴാം സ്ഥാനത്തുള്ള ഉത്തരകൊറിയയും കൊമ്പുകോര്‍ക്കുമ്പോള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പത്തോളം രാജ്യങ്ങളെങ്കിലും ഈ മഹാദുരന്തത്തിന്റെ പ്രത്യക്ഷ ഫലങ്ങള്‍ അനുഭവിക്കേണ്ടി വരും. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായി ഇതിനെ ചുരുക്കാന്‍ സാധിക്കാത്തതിനു കാരണം ഈ രണ്ടു രാജ്യങ്ങളും ആണവായുധപ്രയോഗത്തിലൂടെ ലോകശാക്തീകരണത്തിന് ശേഷിയുള്ളവരാണ് എന്നതുകൊണ്ടുകൂടിയാണ്. ഹിരോഷിമ-നാഗസാക്കിയുടെ ഉണങ്ങാത്ത മുറിവുകള്‍ ഈ പുതിയ യുദ്ധകാഹളത്തിന് ഭീകരതയുടെ പുതിയ മുഖം സമ്മാനിക്കുന്നു! ”വിനാശത്തിന്റെ അശുഭലക്ഷണം നില്‍ക്കരുതാത്തിടത്തു നില്‍ക്കുന്നതു കാണുമ്പോള്‍- വായിക്കുന്നവര്‍ ഗ്രഹിച്ചുകൊള്ളട്ടെ”. (മത്തായി 13:14) തിരുചന പ്രവചനങ്ങളുടെ പൂര്‍ത്തീകരണമായോ?
1500 കളില്‍ ജീവിച്ചിരുന്ന ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞന്‍ നോസ്ട്രഡാമസ് നടത്തിയ ചില പ്രവചനങ്ങളെ ചുറ്റിപ്പറ്റി കൂടിയാണ് മൂന്നാംലോക മഹായുദ്ധം ആസന്നമായിരിക്കുന്നു എന്ന വാദം കൊഴുക്കുന്നത്. 2017-18 വര്‍ഷങ്ങളില്‍ രണ്ടു വന്‍ ശക്തികള്‍ തുടങ്ങി വയ്ക്കുന്ന തര്‍ക്കം 27 വര്‍ഷങ്ങള്‍ നീളുന്ന യുദ്ധത്തിലേയ്ക്ക് നയിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. അദ്ദേഹം ഇതിനുമുമ്പ് നടത്തിയ പല പ്രവചനങ്ങളും സത്യമായിത്തീര്‍ന്നതിനാല്‍ ഈ പ്രവചനത്തെക്കുറിച്ചും ലോകം ഭീതിയോ ചിന്തിക്കുന്നു.
യുദ്ധങ്ങള്‍ ഏതുതന്നെയായാലും ലോകത്തിനു സമ്മാനിച്ചിട്ടുള്ളത് വേദനകളും മുറിവുകളും നഷ്ടങ്ങളും തന്നെയാണ്. സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും അധികാരം പിടിച്ചടക്കുന്നതിനുമായിട്ടാണ് യുദ്ധങ്ങളെല്ലാം അരങ്ങേറിയിട്ടുള്ളത്. യുദ്ധത്തില്‍ പങ്കെടുക്കുന്നതുവഴിയോ യുദ്ധാനന്തര ഫലങ്ങള്‍ ലോകവ്യാപകമായി അനുഭവിക്കേണ്ടി വരുന്നതുവഴിയോ രണ്ടു രാജ്യങ്ങള്‍ തമ്മില്‍ മാത്രമായി തുടങ്ങുന്നുന്നവ ലോകമഹായുദ്ധങ്ങളായി പരിണമിക്കുന്നു. പ്രധാനമായും നേട്ടങ്ങളെക്കാള്‍ കൂടുതലായി വലിയ നഷ്ടങ്ങളുടെ കണക്കുകള്‍ തന്നെയാണ് ഇതുവരെയുണ്ടായ രണ്ടു ലോകമഹായുദ്ധങ്ങളും (1914 – 18, 1939-45) നമ്മുടെ മുമ്പിലവതരിപ്പിക്കുന്നത്.
എണ്ണമറ്റ മനുഷ്യജീവനുകള്‍ പൊലിയുന്നതാണ് യുദ്ധം സമ്മാനിക്കുന്ന പ്രധാന നഷ്ടം. തകര്‍ന്നുപോകുന്ന ബാക്കിയെന്തും കെട്ടിപ്പെടുക്കാമെന്നിരിക്കെ മരിച്ചുവീഴുന്ന ജീവനുകളെ എങ്ങനെ പുനരുദ്ധരിക്കാനാവും? പട്ടാളക്കാര്‍, യുദ്ധഭൂമിയില്‍ മറ്റു സഹായങ്ങളെത്തിക്കുന്നവര്‍, ആക്രമിക്കപ്പെടുന്ന നഗരങ്ങളില്‍ മരിച്ചുവീഴുന്നവര്‍, അണുബോംബിന്റെ ദീര്‍ഘകാല ദുരന്തങ്ങളനുഭവിക്കുന്നവര്‍ … നഷ്ടപ്പെടുന്ന ഈ ജീവിതങ്ങളെ, അവരുടെ സ്വപ്‌നങ്ങളെ, ഭാവിയെ തിരികെ കൊണ്ടുവരാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് രക്തച്ചൊരിച്ചിലിലേയ്ക്ക് ഇറങ്ങിപ്പുറപ്പെടുംമുമ്പ് നല്ലതുപോലെ ഓര്‍ക്കണം!
മനുഷ്യജീവനുകള്‍ക്കു പുറമേ നിയന്ത്രണമില്ലാത്ത സാമ്പത്തിക നഷ്ടം മറ്റൊരു വലിയ വേദനയാകും. തകര്‍ന്നുപോയവ പുനരുദ്ധരിക്കാന്‍ യുദ്ധാന്തരം പല രാജ്യങ്ങള്‍ക്കും ഉടനെ കഴിയില്ല. കൊടിയ ദാരിദ്ര്യത്തിന്റെ വരുംനാളുകള്‍ ജനങ്ങള്‍ക്കു വന്നു ചേരും. ആവശ്യമായ ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ വരുമ്പോള്‍ രാജ്യത്തിനകത്തുതന്നെ ആക്രമണങ്ങളും കലാപങ്ങളും ഉടലെടുക്കും. ആണവായുധ പ്രയോഗങ്ങള്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ബാധിക്കും, ഭൂമി കൃഷിയോഗ്യമല്ലാതാവും. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത നഷ്ടങ്ങളുടെ കണക്ക് തുടര്‍ക്കഥയാവും.
യുദ്ധത്തിന്റെ വരവോടുകൂടി അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള സമാധാന – സ്‌നേഹബന്ധങ്ങള്‍ കുറയുകയും നയതന്ത്ര വിദേശകാര്യ ഇടപെടലുകള്‍ കാര്യങ്ങള്‍ വിള്ളലുകള്‍ ഉണ്ടാവുകയും ചെയ്യും. രാജ്യങ്ങളുടെ നിശ്ചിത അതിര്‍ത്തികള്‍ക്കപ്പുറത്തേയ്ക്കും കടലുകളും വന്‍കരകളും കടന്നും ബന്ധങ്ങള്‍ സ്ഥാപിച്ച് ‘ലോകം ഒന്നായിക്കൊണ്ടിരിക്കുന്ന’ ഈ ആധുനിക ലോകത്തിന്റെ വളര്‍ച്ചാ കാഴ്ചപ്പാടിന് ഒട്ടും ചേരാത്തതു തന്നെയാണ് പരസ്പര വിദ്വേഷത്തിന്റെ ഈ യുദ്ധവെറി. അന്യരാജ്യങ്ങളില്‍ ജോലി ചെയ്യുകയും പഠിക്കുകയും സൗഹൃദങ്ങള്‍ സ്ഥാപിക്കുകയുമൊക്കെ ചെയ്യുന്നവര്‍ക്കുള്ള വലിയ ഇരുട്ടടി കൂടിയാണ് ഈ യുദ്ധകാഹളം.
താന്‍ സൃഷ്ടിച്ച ലോകത്തില്‍ സമാധാനവും ദൈവം ആഗ്രഹിക്കുമ്പോള്‍, അതില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും തിന്മ വളരാനും ആഗ്രഹിക്കുന്ന പിശാചിന്റെ, പരസ്പരം വിദ്വേഷം ജനിപ്പിക്കുന്ന ഇത്തരം യുദ്ധങ്ങളുടെ അധമ ചിന്തകളെ അടിച്ചമര്‍ത്തേണ്ടതുണ്ട്. സമരം ചെയ്യേണ്ടതും യുദ്ധം നടത്തേണ്ടതും ഒരേ ദൈവത്തിന്റെ മക്കളായ മനുഷ്യര്‍ തമ്മിലല്ല, മനുഷ്യരോടല്ല, മറിച്ച് മനുഷ്യന്റെ മനസില്‍ വെറുപ്പിന്റെ വിഷം കുത്തിവയ്ക്കുന്ന തിന്മയോടാണ് പിശാചിനോടാണ്. അതിനെയാണ് ചെറുത്തു തോല്‍പിക്കേണ്ടത്. ”സാത്താന്റെ കുടില തന്ത്രങ്ങളെ എതിര്‍ത്തു നില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. എന്തെന്നാല്‍ നാം യുദ്ധത്തിന് ചെയ്യുന്നത് മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാര ലോകത്തിന്റെ അധിപന്മാര്‍ക്കും സ്വര്‍ഗ്ഗീയ ഇടങ്ങളില്‍ വസിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണ്” (എഫേസോസ് 6:12).
രാഷ്ട്രത്തലവന്മാര്‍ തമ്മില്‍ യുദ്ധത്തിനു തീരുമാനമെടുക്കുമ്പോള്‍ മാത്രമല്ല, എല്ലാ മനുഷ്യരുടെ ഹൃദയത്തിലും തിന്മ ചെയ്യാനുള്ള പ്രേരണ ഈ പൈശാചിക ശക്തി നല്‍കിക്കൊണ്ടിരിക്കും. 20,000 രൂപയ്ക്ക് സ്വന്തം അമ്മയെ കൊല്ലാന്‍ മകന്‍ ക്വട്ടേഷന്‍ കൊടുത്തപ്പോഴും ഭര്‍ത്താവിനെ കബളിപ്പിച്ച് കാമുകനായ വിദ്യാര്‍ത്ഥിയോടൊപ്പം പോയ ഭാര്യയും സ്വന്തം അമ്മയെ പീഡിപ്പിച്ച മകനും ആത്മീയതയുടെ മറവില്‍ മതചിഹ്നങ്ങള്‍ നാട്ടി പൊതുമുതല്‍ കയ്യേറുന്നവരുടെയുമെല്ലാം മനസിലും ഈ തിന്മ വിവിധ രൂപങ്ങളില്‍ ശക്തിപ്രാപിച്ചിരിക്കുന്നു. ഇതിനെ മനസിലാക്കി ചെറുത്തു തോല്‍പിക്കാത്തവര്‍ അതിന്റെ നീരാളിപ്പിടുത്തത്തിലേയ്ക്ക് വീണുപോകുന്നു.
ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ ഏറെ മുമ്പോട്ടുപോയിട്ടും ആധുനിക വാര്‍ത്താവിനിമയ ഉപാധികളിലൂടെ എല്ലാ കാര്യങ്ങളും എപ്പോഴും അറിഞ്ഞുകൊണ്ടിരുന്നിട്ടും, ആളുകളുടെ മനസുകള്‍ തമ്മില്‍ വളരെയേറെ അകന്നുപോയി എന്നതാണ് ഇക്കാരത്തിന്റെ ഏറ്റവും വലിയ ദുരന്തം. കുഞ്ഞുണ്ണി മാഷ് പാടിയത് ഇപ്പോള്‍ സത്യമായിരിക്കുന്നു. ”ലോകമെന്തായിരിക്കുന്നു, കമ്പികൊണ്ടും കമ്പിയില്ലാ കമ്പികൊണ്ടും, കരളുകൊണ്ടല്ല”.
മനസ്സ് അകലുകയും തങ്ങള്‍ സ്വയം നിര്‍മ്മിച്ചെടുത്തവ തങ്ങളെ, എല്ലാവരെയുംകാള്‍ വലിയവരാക്കും എന്ന ചിന്തയും അയല്‍ക്കാരനെ ദ്വേഷിക്കാനും അവനോടു പടവെട്ടാനുമൊക്കെ പ്രേരിപ്പിക്കുന്നു. സ്വയം മറന്ന്, ദൈവത്തെ മറന്ന് അഹങ്കരിച്ച ജനത്തിന് കിട്ടയ സ്വയം സൃഷ്ടിച്ചെടുത്ത നാശമായിരുന്നുവെന്ന് വി. ബൈബിളില്‍ വിവരിക്കുന്ന ബാബേല്‍ ഗോപുരത്തിന്റെ കഥ (ഉല്‍പ്പത്തി 11) ഓര്‍മ്മപ്പെടുത്തുന്നു.
ഓശാന ദിവസം കഴുതപ്പുറത്തുകയറി സമാധാന രാജാവായി ജറുസലേം പട്ടണത്തിലേയ്ക്കു പ്രവേശിച്ച യേശുനാഥനോട് ഇപ്പോള്‍ ലോകം മുഴുവന്‍ പ്രാര്‍ത്ഥിക്കുന്നത് യുദ്ധമൊഴിവായി സമാധാനം പപുനഃസ്ഥാപിക്കപ്പെടുന്നതിനുവേണ്ടിയാണ്. നോസ്ട്രഡാമസ് നടത്തിയ യുദ്ധപ്രവചനത്തെ. നടക്കാന്‍ പോകുന്ന ഒരു മഹാവിപത്തിന്റെ മുന്‍ പ്രവചനമെന്നു വാഴ്ത്താതെ, യുദ്ധം സമ്മാനിക്കുന്ന നികത്താനാവാത്ത മുറിവുകള്‍ ഓര്‍മ്മപ്പെടുത്തുന്ന മുന്നറിയിപ്പായിക്കണ്ട് യുദ്ധം ഒഴിവാക്കാനുള്ള പരിശ്രമമാണ് നടക്കേണ്ടത്. ഇനിയൊരു അണുവികിരണത്തിന്റെ ദുരന്തഫലങ്ങളും യുദ്ധത്തിന്റെ കൊടും യാതനകളും നമ്മുടെ ഭൂമിയിലുണ്ടാകാതിരിക്കട്ടെ. Sun Tzuവിന്റെ വാക്കുകള്‍ ചിന്തനീയമത്രേ. ”The Supreme art of war is to subdue the enemy without fighting”
സീറോ മലബാര്‍ വി. കുര്‍ബാന ക്രമത്തിന്റെ പ്രസക്തമായ ഒരു പ്രാര്‍ത്ഥനയോടെ അവസാനിപ്പിക്കുന്നു. ”സ്വര്‍ഗ്ഗവാസികളുടെ സമാധാനവും ഭൂവാസികളുടെ പ്രത്യാശയുമായ മിശിഹായെ ലോകത്തിന്റെ നാനാ ഭാഗങ്ങളിലും നിന്റെ ശാന്തിയും സമാധാനവും പുലര്‍ത്തേണമേ. യുദ്ധങ്ങള്‍ ഒഴിവാക്കണമേ. യുദ്ധപ്രിയരായി ഭിന്നിച്ചു നില്‍ക്കുന്ന ജനതകളെ ചിതറിക്കേണമേ”
നന്മനിറഞ്ഞ ഒരാഴ്ചയുടെ ആശംസയോടെ, സ്‌നേഹപൂര്‍വ്വം ഫാ. ബിജു കുന്നയ്ക്കാട്ട്
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
Leave a Reply