ഫാ. ബിജു കുന്നയ്ക്കാട്ട്

കേരളത്തില്‍ വീണ്ടുമിത് പകര്‍ച്ചപ്പനിയുടെ കാലം. വൃത്തിഹീനമായ ചുറ്റുപാടുകളും മലിനജലത്തിന്റെ ഉപയോഗവും ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നെങ്കിലും വളരെ ചെറിയ ഒരു ജീവിയായ കൊതുക് ഈ അനാരോഗ്യ ചുറ്റുപാടുകളില്‍ പല സാംക്രമിക രോഗങ്ങള്‍ക്കും തുടക്കമിടുന്നു. വലുപ്പത്തില്‍ തീരെ ചെറിയ ജീവിയാണെങ്കിലും 2 മില്ലി ഗ്രാം ഭാരമുള്ള ഈ കൊതുകുകള്‍ അങ്ങേയറ്റം അപകടകാരികളാണ്. ”Little Fly” എന്നര്‍ത്ഥമുള്ള മൊസ്‌ക്വിറ്റോ (Mosquito) എന്ന സ്പാനിഷ് വാക്കാണ് കൊതുകിനെ സൂചിപ്പിക്കാന്‍ പൊതുവെ ഉപയോഗിക്കുന്ന പദം. മൂവായിരത്തില്‍പരം കൊതുകുകള്‍ ലോകത്തിലുണ്ടെങ്കിലും അവയില്‍ ചിലതു മാത്രമേ അപകടകാരികളായിട്ടുള്ളൂ. പെണ്‍ കൊതുകുകള്‍ മാത്രമാണ് രക്തം കുടിക്കുന്നതെന്നും അവയുടെ ശരീരത്തിലെ മുട്ടകള്‍ പാകപ്പെടുന്നതിന് സഹായിക്കുന്ന പ്രോട്ടീനുകള്‍ മനുഷ്യശരീരത്തില്‍ നിന്നും ലഭിക്കുന്നതിനു വേണ്ടിയാണിതെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യരെ വധിച്ച ജീവി ഏതാണെന്ന ചോദ്യത്തിന് ‘കൊതുക്’ എന്നാണ് ഉത്തരം. അത്ഭുതം തോന്നുന്നുണ്ടെങ്കിലും സത്യം അതാണ്. ലോകത്തില്‍ ഓരോ വര്‍ഷവും ഇരുപത് ലക്ഷത്തോളം പേര്‍ കൊതുകുജന്യമായ മലേറിയാ മൂലം മരണപ്പെടുമ്പോള്‍ കൊതുകു തന്നെ പരത്തുന്ന ഡെങ്കിപ്പനി, ചിക്കന്‍ ഗുനിയാ, യെല്ലോ ഫീവര്‍ എന്നിവ മൂലം മരിക്കുന്നവരുടെ സംഖ്യയും വളരെ വലുതാണ്. ആനയുടെയോ കടുവയുടെയോ പുലിയുടെയോ ആക്രമണവും അതേ തുടര്‍ന്നുള്ള മരണങ്ങളും വലിയ വാര്‍ത്താപ്രാധാന്യം നേടുമ്പോള്‍, ഇവയില്‍ നിന്നൊക്കെ തീരെ ചെറുതാണെങ്കിലും, കൊതുകു കടിക്കുന്നതുമൂലം അസുഖം ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം ഓരോ വര്‍ഷവും എത്ര വലുതാണെന്ന് മനസിലാക്കുമ്പോള്‍ നമ്മളും പറയേണ്ടി വരും, ‘കൊതുക് ഒരു ഭീകര ജീവിയാണ്’ കേരളത്തില്‍ ഡെങ്കിപ്പനിയും മറ്റു കൊതുകുജന്യരോഗങ്ങളും മൂലം മരണം വരെ സംഭവിക്കുമ്പോള്‍ കേരളത്തിനു പുറത്തു താമസിക്കുന്ന കേരളീയരുപോലും അവിടേയ്ക്ക് പോകാന്‍ ഭയപ്പെടുന്നു.

കൊതുക് എന്ന കൊച്ചു ജീവി ഇത്ര വലിയ ആരോഗ്യ പ്രശ്നമുണ്ടാക്കുന്നത് പലരും തുടക്കത്തില്‍ അറിയാതെയും ശ്രദ്ധിക്കാതെയും പോകുന്നത് ചിലപ്പോള്‍ ജീവന്‍ വരെ നഷ്ടപ്പെട്ടേക്കാവുന്ന ഗുരുതര കാര്യമായി മാറുന്നത് പോലെ, സാമൂഹിക, ആത്മീയ രംഗങ്ങളിലും ഗുരുതര പ്രശ്നങ്ങളുണ്ടാക്കിയേക്കാവുന്ന ചില ചെറിയതരം അപകടങ്ങളെ കണ്ടില്ലെന്നു നടിച്ച് മുന്നോട്ട് പോകുന്നത് വലിയ പ്രശ്നങ്ങള്‍ വരുത്തിവെയ്ക്കും. കൊതുക് അടുത്ത് വരുമ്പോഴേ പലരും അതിനെ ഓടിച്ചുവിടും. ശരീരത്തിലെവിടെയെങ്കിലും കടിച്ചിരിക്കുന്നതു കണ്ടാല്‍ അതിനെ അടിച്ചുകൊല്ലാന്‍ ശ്രമിക്കും. എന്നാല്‍ അപൂര്‍വ്വം ചിലരെങ്കിലും കൊതുകിനെ ചോരകുടിക്കാന്‍ അനുവദിക്കും. തന്റെ ശരീരത്തില്‍ ഒരുപാട് രക്തമുള്ളതല്ലേ, അതില്‍ നിന്ന് ഇത്തിരി ഒരു കൊതുകു കുത്തിയെടുത്തെന്നു കരുതി തനിക്കൊന്നും സംഭവിക്കാനില്ല, എന്നാണ് അവരുടെ നിലപാട്. എന്നാല്‍ ഒരാളില്‍ നിന്നു രക്തം വലിച്ചെടുക്കുക മാത്രമല്ല, കൊതുകിന്റെ ശരീരത്തിലുള്ള രോഗാണുക്കള്‍ ആ കുത്തുന്ന മുറിവിലൂടെ തന്റെയുള്ളില്‍ പ്രവേശിക്കുന്നു എന്ന കാര്യം അവര്‍ അറിയുന്നുമില്ല.

കൊതുകുകടിയുടെ ഈ ഗുണപാഠം നമ്മുടെ സാമൂഹിക, ആത്മീയ രംഗത്തു കൂടി ചിന്തിക്കേണ്ടതും വഴിയാകേണ്ടതുമാണ്. മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ്. മറ്റുള്ളവരോട് ഇടപെഴകിയും പരസ്പരം സഹായിച്ചും സഹായങ്ങള്‍ സ്വീകരിച്ചും മറ്റുള്ളവരെ അംഗീകരിച്ചും അവരാല്‍ അംഗീകരിക്കപ്പെട്ടുമൊക്കെയാണ് അവന്‍ ജീവിപൂര്‍ണതയിലേയ്ക്ക് വളരുന്നത്. നല്ല സ്നഹബന്ധങ്ങള്‍ക്കിടയിലും ചിലപ്പോഴെങ്കിലും അഭിപ്രായവ്യത്യാസങ്ങളും കലഹങ്ങളുമൊക്കെ ഉണ്ടാകാറുണ്ട്. വലിയ വഴക്കുകളും അതിന്റെ പേരിലുണ്ടാകുന്ന അക്രമങ്ങളുമൊക്കെ വലിയ നാശത്തില്‍ കൊണ്ടുചെന്നെത്തിക്കാറുണ്ട്. അതൊക്കെ വലിയ വാര്‍ത്തകളായും സമൂഹ മധ്യത്തിലവതരിപ്പിക്കപ്പെടുന്നു. വ്യക്തി ജീവിതത്തിലും സമൂഹത്തിലും ഇത്തരം സംഭവങ്ങള്‍ വലിയ ചലനമുണ്ടാക്കുന്നതുകൊണ്ട് കേള്‍ക്കുന്നവരെല്ലാം ഇവയെക്കുറിച്ച് ചിന്തിക്കുകയും തങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്യും. എന്നാല്‍, കൊതുകുവന്ന് കുത്തുന്നത് ശ്രദ്ധിക്കാതെയും അറിയാതെയും പോകുന്നത് ഭാവിയില്‍ വലിയ പ്രശ്നമുണ്ടാക്കുന്നതുപോലെ, പലരും തങ്ങളുടെ ജീവിതത്തില്‍ കടന്നുവരുന്ന നല്ലതല്ലാത്ത ചില ചെറിയ കാര്യങ്ങളെ ശ്രദ്ധിക്കാതെയും അറിയാതെയും കടന്നുപോകുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാന്യവും ഉചിതവുമല്ലാത്ത സംസാരശൈലി ശീലമാക്കിയവര്‍, നുണ പറയുന്നത് പതിവാക്കിയവര്‍, ചെറിയ ചെറിയ സാധനങ്ങള്‍ മോഷ്ടിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവര്‍, സ്ഥിരമായി വെറുപ്പ് ഉള്ളില്‍ വച്ചുകൊണ്ടു നടക്കുന്നവര്‍, എപ്പോഴും ദേഷ്യത്തോടുകൂടി മാത്രം, മറ്റുളഅളവരോട് സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നവര്‍, എപ്പോഴും കുത്തും കോളും വച്ച് സംസാരിക്കുകയും ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ മറ്റുള്ളവരെ സംസാരത്തിലൂടെ നോവിക്കുകയും ചെയ്യുന്നവര്‍, ‘എല്ലാവരോടും പകയോടെ’ എന്ന മനോഭാവത്തില്‍ സുഹൃദ് ബന്ധങ്ങളില്‍ നിന്നും നല്ല കൂട്ടായ്മകളില്‍ നിന്നും സ്ഥിരമായി ഒഴിഞ്ഞുമാറി നടക്കുന്നവര്‍, കുറ്റം പറയുന്നതിലും മറ്റുള്ളവരുടെ തകര്‍ച്ചയിലും ആനന്ദം കണ്ടെത്തുന്ന മനസ്സുള്ളവര്‍ … ഇങ്ങനെയുള്ളവരെല്ലാം തങ്ങളുടെ സമഗ്രമായ വ്യക്തിത്വ വികാസത്തെ നെഗറ്റീവായി ബാധിക്കുന്ന ഗുരുതര മാനസിക സാമൂഹിക മേഖലകളുടെ കൊതുകുകടി കൊള്ളുന്നവരാണ്. ഇത് പടിപടിയായി അവരുടെ ജീവിതത്തെ തന്നെ നെഗറ്റീവായി ബാധിക്കുകയും അന്തര്‍മുഖരാക്കാനും മറ്റുള്ളവരെ വെറുക്കാനും സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടാനുമൊക്കെ ഇടയാക്കും.

ആത്മീയ ജീവിതത്തിലും കൊതുകുകടിയുടെ ഈ പാഠം ശ്രദ്ധിക്കേണ്ടതുണ്ട്. അത്ര ഗൗരവമല്ലാത്ത ചില പാപങ്ങള്‍ ജീവിതത്തില്‍ അടിക്കടി ചെയ്യുന്നവര്‍, മോശം കാര്യങ്ങള്‍ കാണുന്നതിലും കേള്‍ക്കുന്നതിലും ആനന്ദം കണ്ടെത്തുന്നവര്‍, കടിഞ്ഞാണില്ലാത്ത മനസും ഭാവനകളും കൊണ്ടുനടക്കുന്നവര്‍, ആത്മീയാനുഷ്ഠാനങ്ങള്‍ പതിവായി മുടക്കുന്നവര്‍, ആത്മീയ കാര്യങ്ങളെ കുറ്റം പറയുകയും അതിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തുന്നവര്‍… ഇത്തരക്കാരെല്ലാം ആത്മീയ ജീവിതത്തിന്റെ കൊതുകുകടി ഏല്‍ക്കുന്നവരാണ്.

ഇക്കൂട്ടര്‍ക്കെല്ലാം പറയാന്‍ രണ്ട് ഒഴികഴിവുകളുണ്ട്. എല്ലാവരും ഇതൊക്കെ ചെയ്യുന്നതാണ്, അതുകൊണ്ട് ഇത്രവലിയ തെറ്റൊന്നുമല്ല. അതുപോലെ, ഇതിന്റെ ഗൗരവത്തെക്കുറിച്ച് എനിക്ക് അറിവില്ലായിരുന്നു. തെറ്റായ ഒരു കാര്യം ഏറെപ്പേര്‍ ചെയ്യുന്നുണ്ടെന്ന് കരുതി അതിന്റെ പേരില്‍ മാത്രം അത് ശരിയാകുന്നില്ല. തെറ്റാണെന്ന് (ചെറുതാണെങ്കിലും വലുതാണെങ്കിലും) ഒരിക്കല്‍ ബോധ്യപ്പെട്ടിട്ടും വ്യക്തിപരമായ സൗകര്യത്തെയും സന്തോഷത്തെയും പ്രതി അത് തുടരുന്നതും ഭൂഷണമല്ല. കായേന്റെ കോപവും അസൂയയും, അവന്‍ തന്റെ സഹോദരനെ കൊല്ലുന്നതിലേയ്ക്കും അത് അവന് ദൈവത്തില്‍ നിന്നു വലിയ ശിക്ഷ ലഭിക്കുന്നതിലേയ്ക്കും നയിച്ചു (ഉല്‍പ്പത്തി 4:4- 16). അതിനാല്‍, ക്രിസ്തുവിന് യോജിക്കാത്തതും പ്രപഞ്ചത്തിന്റെ മൂലഭൂതങ്ങള്‍ക്കും മാനുഷിക പാരമ്പര്യത്തിനും മാത്രം ചേര്‍ന്നതുമായ വ്യര്‍ത്ഥ പ്രലോഭനത്തിനും തത്വചിന്തയ്ക്കും ആരും നിങ്ങളെ ഇരയാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. (കോളോസോസ് 2:8). നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍, എന്തെന്നാല്‍ നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റി നടക്കുന്നു. (1 പത്രോസ് 5:8) ശരീരത്തിലും മനസിലും ആത്മാവിലും ഏല്‍ക്കാന്‍ സാധ്യതയുള്ള തിന്മയുടെയും വളര്‍ച്ചയ്ക്കുതകാത്ത മനോഭാവങ്ങളുടേതുമായ ഇത്തരം കൊതുകു കടികളെ ലാഘവത്തോടെ കാണാനും അതുവഴി ആര്‍ക്കും ഗൗരവകരമായ അപകടങ്ങളിലേയ്ക്ക് പോകാനും ഇടയാകാതിരിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെ,

നന്മനിറഞ്ഞ ഒരാഴ്ച സ്നേഹപൂര്‍വ്വം ആശംസിക്കുന്നു. അവധിക്കായി നാട്ടില്‍ പോകുന്ന എല്ലാവര്‍ക്കും ശുഭയാത്ര!

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.