ഫാ. ബിജു കുന്നയ്ക്കാട്ട്
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് എഴുപത് വയസ് പൂര്‍ത്തിയായി. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മേല്‍ക്കോയ്മയുടെ പതാക, എഴുപത് വര്‍ഷം മുന്‍പൊരു ഓഗസ്റ്റ് പതിനാല് അര്‍ദ്ധരാത്രിയില്‍ വീണ്ടും ഭൂമിയെ തൊട്ടപ്പോള്‍ ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യവും അഭിമാനവും ഒരു ത്രിവര്‍ണ്ണ പ്താകയുടെ രൂപത്തില്‍ മുകളിയേക്കുയര്‍ന്നു. അഭിമാനത്തോടും അവകാശത്തോടും കൂടി അതിലേയ്ക്കു നോക്കിയവരെല്ലാം സ്ഥല-മത-ജാതി-ഭാഷകള്‍ക്കതീതമായി ആ നാട്ടില്‍ ഒന്നുചേര്‍ന്നു. ഇരുനൂറു വര്‍ഷത്തിലധികം നീണ്ട വൈദേശിക ആക്രമണത്തിനുപോലും അപഹരിച്ചെടുക്കാനാവാത്തത്ര സമ്പന്നമായ ഭാരതനാട്, ചോര്‍ന്നുപോയ ശക്തി വീണ്ടെടുത്ത് ഇന്ന് ലോകശക്തികളില്‍ അതികായനായിരിക്കുന്നു. ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസല്‍മാനും സിക്കുകാരനും ജൈനനും പാഴ്സിക്കുമെല്ലാം ഈ നാടിന്റെ ഹൃദയത്തിലിടമുണ്ട്. ക്രിക്കറ്റുകളി കാണുമ്പോഴും യുദ്ധം വരുമ്പോഴും മാത്രമല്ല, എന്നും തങ്ങള്‍ ഒന്നാണെന്ന് ഈ രാജ്യം ലോകത്തോടു വിളിച്ചുപറയുന്നത് മറ്റുരാജ്യങ്ങള്‍ അത്ഭുതത്തോടെ നോക്കുന്നു.
സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ച് തുടങ്ങിയതുമുതല്‍ ഈ രാജ്യം വളര്‍ച്ചയുടെ പാതയിലാണ്. ഭൂമിയും ആകാശവും കടന്ന് ബഹിരാകാശത്തും ഇന്ത്യ സജീവ സാന്നിധ്യമാണ്. കഴിവുകളും ഭാവനകളും ആശയങ്ങളും പുറത്തെടുക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യയുടെ എല്ലാ ജീവിതമേഖലകളിലും അഭൂതപൂര്‍വ്വമായ വളര്‍ച്ചയുണ്ടാക്കി. മിക്ക വിദേശരാജ്യങ്ങളുടേയും ഭരണസിരാകേന്ദ്രം മുതല്‍ അടിസ്ഥാന ജോലി വിഭാഗങ്ങളില്‍ വരെ ഇന്ത്യന്‍ തലച്ചോറുകള്‍ പ്രവര്‍ത്തന നിരതമാണ്. ‘ലോകാസമസ്താ സുഖിനോ ഭവന്തു’ എന്ന അടിസ്ഥാനത്തിലാണ് പ്രമാണം ഭാരതജനതയുടെ പ്രാര്‍ത്ഥനയും ലക്ഷ്യവുമായിരുന്നു. ‘സര്‍വ്വ ലോകത്തിനും സുഖം ഭവിക്കട്ടെ’ എന്ന ഈ പ്രാര്‍ത്ഥനയ്ക്ക് ആക്കം കൂട്ടിയതായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യപ്രഖ്യാപനം.
പക്ഷേ, ഇന്ന് പുരോഗതിയുടെ പടവുകള്‍ ചവുട്ടിക്കയറുമ്പോള്‍ പലയിടത്തും സ്വാതന്ത്ര്യം ദുരുപയോഗിക്കപ്പെടുന്നു. അധികാരത്തിന്റെ വലിപ്പം സ്വാതന്ത്ര്യത്തിന്റെ അളവു നിശ്ചയിക്കാന്‍ തുടങ്ങുന്നിടത്ത് മറ്റുപലരുടെയും സമാനസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു. ബഹുസ്വരതയാണ്, എല്ലാവരെയും ഉള്‍ക്കൊള്ളലാണ് ഭാരതത്തിന്റെ അന്തഃസത്തയും നാളിതുവരെയുള്ള പുരോഗതിയുടെ മൂലകാരണവുമെന്ന് സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി പ്രണബ് മുഖര്‍ജി തന്റെ വിടവാങ്ങല്‍ സന്ദേശത്തില്‍ ഭാരത്തെ ഓര്‍മ്മിപ്പിച്ചു. പണത്തിന്റെയും അധികാരത്തിന്റെയും സ്വാധീനത്തിന്റെയും പേരില്‍ ചിലര്‍ അമിതസ്വാതന്ത്ര്യമെടുക്കുമ്പോള്‍ മറ്റുപലരുടേയും അടിസ്ഥാന സ്വാതന്ത്ര്യങ്ങളും ആവശ്യങ്ങളും പോലും കൂച്ചുവിലങ്ങിടപ്പെടുന്നു. വ്യക്തിത്വത്തിലും തൊഴിലിലും അഭിപ്രായങ്ങളിലും സ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോള്‍ 1947ല്‍ കിട്ടിയ സ്വാതന്ത്ര്യത്തിന്റെ സമഗ്രത പുനഃപരിശോധിക്കപ്പെടേണ്ടതുണ്ട്.
സ്ത്രീകള്‍ ഇന്ത്യയില്‍ സുരക്ഷിതരല്ല എന്ന് പരക്കെയുള്ള ആക്ഷേപം ഉറപ്പിക്കുന്ന രീതിയിലാണ് ഓരോ ദിവസവും പുതിയ പുതിയ സ്ത്രീപീഡന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നമ്മുടെ മുമ്പിലെത്തിക്കുന്നത്. മറ്റു പല രംഗങ്ങളിലും ലോകരാജ്യങ്ങളുടെ മുമ്പില്‍ അസൂയാര്‍ഹമായ നേട്ടമുണ്ടാക്കുമ്പോഴും ഈ കാര്യത്തില്‍ നാണംകെട്ട് തലകുനിക്കേണ്ടി വരുന്നു. ‘എവിടെ സ്ത്രീകള്‍ പൂജിക്കപ്പെടുന്നുവോ, അവിടെ ദേവതകള്‍ രമിക്കുന്നു’ എന്നും ‘മാതൃ ദേവോ ഭവ’ എന്നും ‘സ്ത്രീ ജന്മം പുണ്യജന്മം’ എന്നൊക്കെ പുസ്തകഭാഷയില്‍ പറയുമ്പോഴും ഇരുട്ടിക്കഴിഞ്ഞാല്‍ (ചിലപ്പോള്‍ പകല്‍ വെളിച്ചത്തിലും) ഒരാണ്‍ തുണയില്ലാതെ പുറത്തിറങ്ങി നടക്കാന്‍ നമ്മുടെ സഹോദരിമാര്‍ക്ക് കഴിയാത്ത അവസ്ഥ, ഒരു സ്ത്രീ വ്യക്തിത്വത്തെ അവളുടെ മഹിമകളോടുകൂടി അംഗീകരിക്കാനും അവരുടെ സ്വാതന്ത്ര്യത്തെ വിലമതിക്കാനുമുള്ള ബുദ്ധി വളര്‍ച്ച വരാത്ത ഒരു സമൂഹത്തിന്റെ കൂടി ചിത്രമാണ്. ഇരുട്ടുവാക്കിന്റെ മറവില്‍ ആക്രമിക്കപ്പെടുന്ന പാവം ജന്മങ്ങള്‍ മാത്രമല്ല, ലൈംലൈറ്റിന്റെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുന്നവര്‍ പോലും പല തരത്തില്‍ ശാരീരികമായും മാനസികമായും ആക്രമിക്കപ്പെടുന്നു. തനിക്കുള്ളതുപോലെ, താനഗ്രഹിക്കുന്നതുപോലെയുള്ള സ്വാതന്ത്ര്യത്തിന് ബാക്കിയുള്ളവര്‍ക്കും അവകാശം ഉണ്ടെന്ന് കരുതാനുള്ള അടിസ്ഥാന, സാമാന്യ മര്യാദയിലേയ്ക്ക് നമ്മുടെ സമൂഹം ഇനിയും വളരേണ്ടിയിരിക്കുന്നു. ആ ബോധം വരാത്തവര്‍ക്ക് അതിനുള്ള മരുന്ന്, ശിക്ഷ നല്‍കപ്പെടണം, അതുകിട്ടുന്നവര്‍ക്കും കാണുന്നവര്‍ക്കും പാഠമാകുന്ന രീതിയില്‍. ഒളിക്യാമറയുടെ ചതിക്കുഴിയില്‍ വീഴാതിരിക്കാനും പൊതുവഴിയില്‍ ആത്മാഭിമാനത്തോടെ തല ഉയര്‍ത്തിപ്പിടിച്ച് നടക്കാനുമുള്ള വ്യക്തിത്വ സ്വാതന്ത്ര്യം നമ്മുടെ പെണ്‍സമൂഹത്തിന് ഇനിയും കിട്ടേതുണ്ട്. ഒരു സ്ത്രീയെ ഒറ്റയ്ക്ക് കാണുന്ന അവസരം അവളെ ആക്രമിക്കാനുള്ള അവസരമായല്ല, അവളെ സംരക്ഷിക്കാനുള്ള കടമയായി ഓരോരുത്തരും മനസിലാക്കുന്ന ഔന്നത്യത്തിലേയ്ക്ക് വളരണം.
ജോലി സ്വാതന്ത്ര്യം തത്തുല്യമായ കൂലി സ്വാതന്ത്ര്യവും ഈ നാളുകളില്‍ വന്‍ ചര്‍ച്ചാവിഷയമായി. നേഴ്സ് സഹോദരങ്ങളുടെ വേതന വ്യവസ്ഥയിലെ ശോച്യാവസ്ഥ പരിഹരിക്കപ്പെട്ടുവരുന്നു. ചെയ്യുന്ന ജോലിയുടെ ഏറ്റക്കുറച്ചിലിനനുസരിച്ച് വ്യക്തികള്‍ ബഹുമാനിക്കപ്പെടുന്ന കാലം പണ്ടേ മാറേണ്ടിയിരിക്കുന്നു. മാന്യമായ എല്ലാ ജോലി മേഖലകളും ബഹുമാനിക്കപ്പെടേണ്ടതു തന്നെയാണ്. രജനികാന്ത് നായകനായ ‘ചന്ദ്രമുഖി’ എന്ന തമിഴ് സിനിമയിലെ ‘ദേവൂഡ ദേവൂഡ’ എന്നാരംഭിക്കുന്ന ഹിറ്റ് ഗാനത്തിലെ വരികള്‍ പോലെ, ‘മുടിവെട്ടുന്ന തൊഴില്‍ ചെയ്യുന്നവര്‍ ഇല്ലെങ്കില്‍ നമുക്കെല്ലാം എന്ത് അഴകാണുള്ളത്? നദിയിലെ വെള്ളത്തില്‍ നിന്ന് തുണി കഴുകുന്നവര്‍ ഇല്ലെങ്കില്‍ നമ്മുടെ അഴുക്കുകള്‍ പോകുമോ? എന്തു തൊഴില്‍ ചെയതാലും അത് ദൈവത്തിനു ചേര്‍ന്ന തൊഴിലാണെങ്കില്‍ അതു നല്ലതുതന്നെ”. മറ്റുള്ളവരുടെ അദ്ധ്വാനഫലത്തിന്റെ പങ്കുപറ്റി ക്രിയാത്മകമായ ഉത്തരവാദിത്തങ്ങളിലൊന്നും ഏര്‍പ്പെടാതെ ഇത്തിള്‍ക്കണ്ണികളായും ചുറ്റുമുള്ളവരുടെ ചോരയൂറ്റിക്കുടിച്ചു ജീവിക്കുന്ന മൂട്ടകളായും കഴിയുന്നവര്‍ സ്വയം ചിന്തിക്കട്ടെ. എല്ലാത്തരം തൊഴിലുകളും ബഹുമാനിക്കപ്പെടാനും തൊഴില്‍ ചെയ്യുന്നവരുടെ അവതാശങ്ങളെയും സ്വാതന്ത്ര്യത്തെയും അംഗീകരിക്കപ്പെടാനും ഇവിടെ നിയമമുണ്ടാവണം. നോക്കി നില്‍ക്കുന്നതിനു പോലും കൂലി കൊടുക്കേണ്ടിവരുന്ന നാട്ടില്‍ തൊഴില്‍ സ്വാതന്ത്ര്യം പുനര്‍ നിര്‍ണ്ണയിക്കേണ്ടതുണ്ട്.
മതസ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോഴും മാധ്യമസ്വാതന്ത്ര്യം അതിരുവിട്ട് വ്യക്തിസ്വാതന്ത്ര്യത്തിലേയ്ക്ക് കടന്നുകയറുമ്പോഴും കൊടുക്കുന്ന പണത്തിന് തുല്യമായ മൂല്യമുള്ള വസ്തു കിട്ടാതിരിക്കുമ്പോഴും വ്യാപാര ഇടപാടുകളില്‍ സത്യസന്ധത നഷ്ടപ്പെടുമ്പോഴുമൊക്കെ സ്വാതന്ത്ര്യത്തിന്റെ വിവിധ മാനങ്ങള്‍ക്ക് മങ്ങലേല്‍ക്കുകയാണ്. മെഴുകില്‍ പൊതിഞ്ഞ ആപ്പിള്‍ മേടിക്കേണ്ടി വരുന്നവര്‍ക്കുമൊക്കെ നല്ലതും ശുദ്ധമായത് കിട്ടാനുള്ള സ്വാതന്ത്ര്യവും അവകാശവും ഹനിക്കപ്പെടുകയാണ്. കര്‍ക്കശമായ നിയമവ്യവസ്ഥയുടെ പാലനത്തിലൂടെയും സാമ്പത്തിക രംഗത്തെ സുതാര്യത പ്രാവര്‍ത്തികമാക്കുന്നതിലൂടെയും ഇന്ത്യയിലെ എല്ലാ ജനങ്ങളെയും മനസില്‍ കണ്ട് അവരുടെ ഉന്നമനത്തിനും സുരക്ഷയ്ക്കുമായി രൂപം കൊടുക്കുന്ന പദ്ധതികളിലൂടെയും മാത്രമേ സമഗ്രമായ രാഷ്ട്ര വളര്‍ച്ചയും സ്വാതന്ത്ര്യത്തിന്റെ, ഉത്തരവാദിത്വപൂര്‍ണമായ സ്വാതന്ത്ര്യത്തിന്റെ ഫലപ്രാപ്തിയും സാധ്യമാകൂ. എന്നാല്‍ ഈ സാമൂഹിക-രാഷ്ട്രീയ സ്വാതന്ത്ര്യം ഉത്ഭവിക്കുന്നതാകട്ടെ ഓരോ വ്യക്തികളുടെ മനസിലും.
താന്‍ അനുഭവിക്കുന്ന ആത്മീയ -മാനസിക സ്വാതന്ത്ര്യമാണ് ഒരാള്‍ സമൂഹത്തിലേയ്ക്ക് പടുത്തുയര്‍ത്തുന്നത്. ഏതെങ്കിലും കാരണങ്ങളാല്‍ മനസിലും ആത്മാവിലും അരക്ഷിതത്വവും പാരതന്ത്ര്യവും അനുഭവിക്കുന്നവരാണ് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെയും മാനിക്കാന്‍ മടിക്കുന്നത്. രാഷ്ട്രീയമായോ, വ്യക്തിപരമായോ, ശാരീരികമായോ, മാനസികമായോ മറ്റേതെങ്കിലും രീതിയിലോ ഇന്നു പലരും എന്തിന്റെയെങ്കിലുമൊക്കെ അടിമകളാണ്. മദ്യത്തിന്റെ, മയക്കുമരുന്നിന്റെ, സുഖഭോഗങ്ങളുടെ അങ്ങനെ പലരും ഭൗതികമായി നമ്മെ നിയന്ത്രിക്കുന്ന പലതിലൂടെയും കടന്നുപോകേണ്ടി വന്നാലും മനസിന്റെ സ്വാതന്ത്ര്യം ആര്‍ക്കും ഒന്നിനും അടിയറ വയ്ക്കാതിരിക്കുന്നത്രേത സര്‍വ്വപ്രധാനം. ‘കൊല്ലാം, പക്ഷേ തോല്‍പിക്കാനാവില്ല’ എന്ന പ്രഖ്യാപനമൊക്കെ ഈ കീഴടങ്ങാത്ത മനസിന്റെ തെളിവാണ്.
ആഗസ്റ്റ് 15-ന് തന്നെ പരി. മറിയത്തിന്റെ സ്വാര്‍ഗ്ഗാരോപണ തിരുനാളിന്റെ പ്രസക്തിയും ഇതുതന്നെയാണ്. ജീവിതത്തിന്റെ വര്‍ണനാതീതമായ പല ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയപ്പോഴും ദൈവത്തിനു മാത്രമായി സമര്‍പ്പിച്ച ജീവിതവും മനസും ആത്മാവും മറ്റൊന്നിനും സമര്‍പ്പിക്കാതിരുന്നതാണ് മറിയത്തിന്റെ ആത്മീയ സ്വാതന്ത്ര്യമായി നാം മനസിലാക്കുന്നത്. മറ്റൊരു തരത്തില്‍, ദൈവത്തിനു സ്വയം സമര്‍പ്പിച്ചവരെ, മറ്റൊന്നിനും അടിമകളാക്കാന്‍ സാധിക്കില്ല എന്നു സാരം.
ആത്മീയ സ്വാതന്ത്ര്യത്തിന്റെ മാതൃകയും പ്രഘോഷകവുമായ പരി. മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാളിന്റെയും സപ്തതി പൂര്‍ത്തിയാക്കിയ ഭാരത സ്വാതന്ത്ര്യത്തിന്റെയും പ്രാര്‍ത്ഥനാപൂര്‍ണമായ മംഗളങ്ങള്‍ സ്നേഹപൂര്‍വ്വം ആശംസിക്കുന്നു. ഈ ‘രണ്ട് അമ്മമാര്‍’ നല്‍കുന്ന മാതൃകയും സ്നേഹവും ഇരട്ടി മധുരമായി എന്നും മനസിലും ജീവിതത്തിലും പ്രചോദനമാവട്ടെ എന്ന ആശംസയോടെ നന്മനിറഞ്ഞ ഒരാഴ്ച സ്നേഹപൂര്‍വ്വം ആശംസിക്കുന്നു.
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
Leave a Reply