ഫാ.ബിജു കുന്നയ്ക്കാട്ട്
യൂറോപ്പിലെ കുട്ടികളെല്ലാം പുതിയ അധ്യയനവര്‍ഷത്തിലേയ്ക്കു പ്രവേശിച്ചിരിക്കുന്നു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിൻറെ വാക്കുകളില്‍ ‘കുട്ടികളുടെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും കടമ പഠിക്കുക’ എന്നതത്രേ! കുട്ടിക്കാലവും സ്കൂള്‍-കോളേജ് പഠനകാലവുമെല്ലാം പിന്നിട്ടു ജീവിതാന്തസ്സുകളുടെയും ജോലിഭാരങ്ങളുടെയും മേഖലകളിലേക്ക് പ്രവേശിച്ചു കഴിയുമ്പോള്‍ പലരും തങ്ങളുടെ കുട്ടിക്കാലത്തിൻറെയും പഠനകാലങ്ങളുടെയും നിറം മങ്ങിയ ഓര്‍മ്മച്ചിത്രങ്ങള്‍ ചികഞ്ഞെടുത്ത് ‘എത്ര സുന്ദരമായിരുന്നു ആ കാല’മെന്ന് പരിതപിക്കാറുണ്ട്. സ്കൂള്‍ പഠനകാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ഹോംവര്‍ക്കിനും അസൈന്മെന്റുകള്ക്കും ഇടയ്ക്കിടെ വരുന്ന പരീക്ഷകള്‍ക്കുമെല്ലാമിടയ്ക്ക് മിക്ക കുഞ്ഞുങ്ങളും, എടുത്താല്‍ പൊങ്ങാത്ത പഠനഭാരങ്ങളുടെ ദുരിതകാലമായാണ് തങ്ങളുടെ വിദ്യാഭ്യാസകാലത്തെ കാണുന്നത്. അതുകൊണ്ടുതന്നെ എത്രയും വേഗം ഇതൊന്നു തീര്‍ന്നുകിട്ടിയിരുന്നെങ്കിലെന്ന് അവരില്‍ പലരും ആഗ്രഹിക്കുന്നു!
വിദ്യാഭ്യാസകാലത്ത് പഠനം പലര്‍ക്കുമൊരു കീറാമുട്ടിയാണെങ്കിലും അത് ജീവിതത്തിന് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ഒരു അച്ഛന് തൻറെ മകന് പറഞ്ഞുകൊടുക്കുന്നത് ഈ അടുത്തനാളില്‍ ഒരിടത്ത് വായിച്ചു. സ്കൂളില്‍ ചെല്ലുമ്പോള്‍ അടികിട്ടുമെന്ന് പേടിച്ച് പഠനം നിര്‍ത്താന്‍ ആലോചിച്ച മകനെയാണ് പിതാവ് തികച്ചും അര്‍ത്ഥപൂര്‍ണ്ണമായ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ഉപദേശിച്ചത്. ആ പിതാവിൻറെ വാക്കുകള്‍ ഇങ്ങനെ! ”മോനേ, അല്പകാലത്തെ ശിക്ഷ ഭയന്നാണ് നീ പഠനം ഉപേക്ഷിക്കുന്നതെങ്കില്‍ നീ ചെയ്യുന്നത് വിഡ്ഢിത്തരമാണ്. കാരണം പഠനം നിര്‍ത്തിയാല്‍ അന്ന് മുതല്‍ ജീവിതാന്ത്യം വരെ നിനക്ക് ശിക്ഷയനുഭവിക്കേണ്ടിവരും. അറിവില്ലായ്മയാണ് ഏറ്റവും വലിയ ശിക്ഷ. വിദ്യാലയത്തില്‍ നിന്ന് അധ്യാപകന്റെ ചെറിയ അടി സഹിക്കാന്‍ നിനക്കാകുന്നില്ലെങ്കില്‍ സമൂഹത്തിന്റെ വലിയ അടി നിനക്കെങ്ങനെ താങ്ങാനാകും?”
അധ്യാപകന് ചീത്ത പറയുന്നത് താങ്ങാനാകുന്നില്ലെങ്കില് ഭാവിയില്‍ സമൂഹം ചീത്ത പറയുന്നത് എങ്ങനെ താങ്ങാനാകുമെന്നും പഠിക്കാത്തതിന് അധ്യാപകന് ക്ലാസില്‍ നിന്ന് പുറത്താക്കിയത് അസഹ്യമാണെങ്കില്‍ അറിവില്ലാത്തതിന്റെ പേരില്‍ സമൂഹം നിന്നെ സുപ്രധാന മേഖലകളില്‍ നിന്നെല്ലാം പുറത്താക്കുമ്പോള്‍ എങ്ങനെ സഹിക്കുമെന്നും പിതാവ് കുട്ടിയോട് ചോദിക്കുന്നു. ഈ ചെറുത്യാഗങ്ങള് പഠിച്ചു ശീലിച്ചാല്‍ പിന്നീട് ചീത്ത കേള്‍ക്കേണ്ടി വരില്ലെന്നും ജീവിതം പിന്നീട് സുഖപ്രദമായിരിക്കുമെന്നും അറിവ് സമ്പാദിക്കാന്‍ അധ്വാനമുണ്ടെങ്കിലും അറിവില്ലായ്മ കൊണ്ടുനടക്കാനാണ് അതിലേറെ അധ്വാനം വേണ്ടിവരുന്നതെന്നും തന്റെ മകന് പറഞ്ഞുകൊടുക്കുന്നു.
ഒട്ടും പരിചയമില്ലാത്ത നാട്ടിലെത്തിയാല്‍ പട്ടാപ്പകലുപോലും വഴിതെറ്റിപ്പോകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഏത് കട്ടപിടിച്ച ഇരുട്ടാണെങ്കിലും സ്വന്തം നാട്ടില്‍ ബസിറങ്ങിയാല്‍ ആരോടും വഴി ചോദിക്കാതെ വീട്ടിലേക്ക് പോകാനാകും. അപ്പോള്‍ രാത്രിയുടെ ഇരുട്ടല്ല ഇരുട്ട്, അറിവില്ലായ്മയാണ് യഥാര്‍ത്ഥ ഇരുട്ട്. അറിവുള്ളവന് ഏത് വിദേശവും സ്വദേശം.
സര്‍വ സൃഷ്ടിജാലങ്ങളില്‍ ഏറ്റവും ഉല്‍കൃഷ്ടമായതാണ് മനുഷ്യസൃഷ്ടി. മനുഷ്യനെ മറ്റു ജീവികളില്‍ നിന്ന് വ്യത്യസ്തനാക്കുന്ന കാര്യം വലിപ്പമോ ഉയരമോ ശക്തിയോ അല്ല, മറിച്ച് അറിവിന്റെ ഔന്നത്യമാണ്. വലിപ്പം കൊണ്ടാണ് പ്രാധാന്യം നിര്‍ണ്ണയിക്കപ്പെടുന്നതെങ്കില്‍ ആനയും തിമിംഗലവും മനുഷ്യനെക്കാള്‍ വലുതാണ്. പക്ഷേ, മനുഷ്യന് ഇവയെയെല്ലാം ഇണക്കിയെടുത്ത് ഒരു വടികൊണ്ട് നിയന്ത്രിക്കുന്നു. ഉയരത്തില്‍ ജിറാഫും ശക്തിയില്‍ കാട്ടുപോത്തും വേഗത്തില്‍ ചീറ്റപ്പുലിയും മനുഷ്യനേക്കാള്‍ മേലെയാണ്. എന്നാല്‍ ഇവയെക്കാളൊക്കെ മനുഷ്യനെ ഉന്നതനാക്കുന്നത് അവന് അറിവ് നല്കുന്ന ശക്തിയാണ്.
വിദ്യാധനം ഉപേക്ഷിച്ച് പണത്തിന് പിന്നാലെ പോകുന്നവര്‍ മഹാനായ സോളമന് രാജാവിനെ കണ്ടുപഠിക്കേണ്ടതാണ്. പണവും അധികാരവും അറിവും മുമ്പില്‍ മൂന്ന് വരങ്ങളായി ദൈവം കൊടുത്തിട്ട് ഏതുവേണമെന്ന് ചോദിച്ചപ്പോള്‍ അറിവ് (വിജ്ഞാനം) മതിയെന്ന് പറഞ്ഞ മറുപടിയില്‍ സംപ്രീതനായി എണ്ണിയാലൊടുങ്ങാത്ത പണവും സീമയില്ലാത്ത അധികാരവും നല്കി ദൈവം അദ്ദേഹത്തെ അനുഗ്രഹിച്ചു. പണം മാത്രം ചോദിച്ചിരുന്നെങ്കില്‍ വരങ്ങള്‍ പണത്തില്‍ മാത്രം ഒതുങ്ങിപ്പോയേനെ. പണവും അധികാരവുമുള്ളവര്‍ ജനങ്ങളെ ഭരിക്കുമ്പോള്‍ അറിവുള്ളവര്‍ ഈ അധികാരികളെ ഭരിക്കുന്നു. എത്ര വലിയ ഭരണാധികാരിയും ഒരു വിദഗ്ദ്ധോപദേശത്തിന് അറിവുള്ളവരെയാണല്ലോ സമീപിക്കുന്നത്.
ഒരാള്‍ ദരിദ്രനാണെങ്കിലും അറിവുണ്ടെങ്കില്‍ ധനികനാണ്. അറിവുള്ളവര്‍ അപരിചിതരെ സുഹൃത്തുക്കളാക്കുന്നു. ഏത് ഒറ്റപ്പെട്ട സ്ഥലത്തുപോയിി തനിച്ച് താമസിച്ചാലും അറിവുള്ളവരാണെങ്കില്‍ ജനങ്ങള്‍ തേടി അവിടെയുമെത്തും. അറിവില്ലെങ്കിലോ ഏത് ജനമധ്യത്തില്‍ നിന്നാലും ആരും തിരിച്ചറിയുകയുമില്ല. അറിവില്ലെങ്കില്‍ എത്ര വലിയവനും ചെറിയവനാണ്. ഒരു വലിയ മൃഗത്തെ ഒരു കൂച്ചു വിലങ്ങിലും വടിയിലും നിറുത്താന്‍ മനുഷ്യന് സാധിക്കുന്നെങ്കില്‍ ആനയ്ക്ക് അതിന്റെ ശക്തിയെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടും ആനയെ കൊണ്ടുനടക്കുന്ന ആള്‍ക്ക് തന്റെ കഴിവിനെക്കുറിച്ചുള്ള അറിവുള്ളതുകൊണ്ടുമാണ്. തേനെടുക്കാന്‍ ചെല്ലുന്നവര്‍ക്ക് തേനീച്ചയുടെ കുത്തേല്‍ക്കേണ്ടി വരുമെന്നത് സ്വാഭാവികം. എന്നാല്‍ കുത്ത് ഭയന്ന് പിന്മാറിയാല് തേന്‍ കിട്ടില്ല… ഇങ്ങനെ ചിന്തോദ്ദീപകമായ പല കാര്യങ്ങളും പറഞ്ഞ ആ പിതാവ് തന്റെ മകന് പഠനത്തിന്റെയും അറിവ് നേടലിന്റെയും പ്രാധാന്യം പറഞ്ഞുകൊടുക്കുന്നു.
പലരും സാധാരണ പറയാറുണ്ട്: ”പഠിത്തമൊക്കെ കഴിഞ്ഞ് ഇപ്പോള്‍ ജോലിയാണ്” സത്യത്തില്‍ എപ്പോഴാണ് ഒരാളുടെ പഠനം അവസാനിക്കുന്നത്? അറിവുള്ളവര്‍ പറയുന്നതനുസരിച്ച് എല്ലാ മനുഷ്യരും മരണം വരെ പഠിതാക്കളാണ്. ഓരോ ദിവസത്തില്‍ നിന്നും ഓരോ അനുഭവത്തില്‍നിന്നും എന്നും എന്തെങ്കിലുമൊക്കെ എല്ലാവര്ക്കും പഠിക്കാനുണ്ട്. വിദ്യാഭ്യാസം ഒരു ജോലി നേടാനുള്ള മാര്‍ഗ്ഗമായി മാത്രം കാണാതെ ജീവിതത്തെ രൂപപ്പെടുത്തിയെടുക്കുന്ന നിരന്തര കര്‍മ്മ പദ്ധതിയായിട്ടു വേണം മനസിലാക്കാന്‍. ‘സ്വഭാവശുദ്ധിക്കുതകാത്ത വിദ്യാഭ്യാസം’ സമൂഹത്തിലെ ഏഴ് തിന്മകളില് ഒന്നാണെന്നാണ് മഹാത്മാഗാന്ധി പറയുന്നത്. നമ്മള് കണ്ടുമുട്ടുന്ന ഓരോ മനുഷ്യനും നമ്മെ എന്തെങ്കിലുമൊക്കെ പഠിപ്പിക്കുന്നുണ്ട്. ഒന്നുകില്‍ അവരെപ്പോലെയാകാന്‍, അല്ലെങ്കില്‍ അവരെപ്പോലെ ആകാതിരിക്കാന്‍. ചിലരില്‍ നാമിഷ്ടപ്പെടാത്ത കാര്യങ്ങള്‍ കണ്ടാല്‍ നമ്മുടെ ജീവിതത്തില്‍ നിന്ന് നാമും ഒഴിവാക്കി നിര്‍ത്തേണ്ട കാര്യമാണ് ഇതെന്ന് പഠിക്കുകയാണ്. ‘തന്റെ മുഖം കണ്ണാടിയില്‍ കാണുന്ന മനുഷ്യന് തന്നെത്തന്നെ നോക്കിയിട്ട് കടന്നുപോകുന്നു. താന്‍ എങ്ങനെയിരിക്കുന്നുവെന്ന് ഉടന്‍തന്നെ വിസ്മരിക്കുകയും ചെയ്യുന്നു’ (യാക്കോബ് 1:24). നമ്മുടെ മുമ്പില്‍ വരുന്ന ഓരോ മനുഷ്യനും നമുക്കൊരു കണ്ണാടിയാണ്, നമ്മെത്തന്നെ കാണാനുള്ള കണ്ണാടി. ആ കണ്ണാടിയില്‍ നോക്കി സ്വന്തം കുറവുകള്‍ മനസിലാക്കി തിരുത്തുന്നവനാണ് യഥാര്‍ത്ഥ ജ്ഞാനി. പകരം പലരും കണ്ണാടിയിലെ കുറവിനെക്കുറിച്ച് വാതോരാതെ കുറ്റംപറഞ്ഞുകൊണ്ടിരുന്ന് സ്വന്തം കാര്യം കാണാതെയും തിരുത്താതെയും കടന്നുപോകും.
വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ തന്നെ മാറിക്കൊണ്ടിരിക്കുന്നു. ബുദ്ധിയെയും മനസിനെയും ആലോചനാരീതികളെയും ശരിയായ വഴിയില്‍ കൊണ്ടുവരുന്നതിനായി പരമ്പരാഗതരീതിയില്‍ ഉണ്ടായിരുന്ന പല ശിക്ഷണക്രമങ്ങളും ഇന്ന് എടുത്തുമാറ്റിയിരിക്കുന്നു. അറിവ് നേടലും പറഞ്ഞുകൊടുക്കലും പുസ്തകങ്ങളിലെ അക്ഷരങ്ങളിലുള്ളത് മാത്രമായി ചുരുക്കപ്പെട്ടിരിക്കുന്നു. ഉന്നത മാര്‍ക്കോടെ പഠിച്ചിറങ്ങുന്ന പലരും പ്രായോഗികജീവിത പരീക്ഷകളില്‍ വട്ടപ്പൂജ്യം. പേരിനൊപ്പം ഡിഗ്രികളുടെ നീളം കൂട്ടിയാലും പ്രകൃതിയുടെയും കുടുംബത്തിന്റെയും മാനുഷികബന്ധങ്ങളുടെയും ഭാവമാറ്റം അളക്കാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള അറിവിന്റെ തലം ഇനിയും ഉയര്‍ത്തിപ്പിടിക്കേണ്ടിയിരിക്കുന്നു. ഓരോ സെമസ്റ്ററിലും നിശ്ചിതപണം കൊടുത്തു വാങ്ങിക്കുന്ന ‘മോഡ്യൂളുകള്‍’ മാത്രമായി നമ്മുടെ അറിവിന്റെ കൈമാറ്റം ഒതുങ്ങിപ്പോകാതിരിക്കട്ടെ. അധ്യാപകരില്‍ പലര്‍ക്കും പണ്ടത്തേതുപോലെ ആത്മാര്‍ത്ഥതയില്ലെന്ന് ഒരു സ്കൂളിലെ പ്രഥമാധ്യാപകന്റെ കമന്റ്. ‘മുമ്പിലിരിക്കുന്ന കുഞ്ഞുങ്ങളെ എപ്പോള്‍ സ്വന്തം കുഞ്ഞുങ്ങളായി കാണാന്‍ ഒരു അധ്യാപകന് കഴിയാതെ വരുന്നോ അപ്പോള്‍ അധ്യാപകജോലി അവസാനിപ്പിക്കണ’മെന്നാണ് മഹാനായ കണ്‍ഫ്യൂഷ്യസിന്റെ വാക്കുകള്‍.
കുട്ടികള്‍ക്ക് വിദ്യാലയം അവരുടെ രണ്ടാം വീടാണ്. അധ്യാപകര്‍ രണ്ടാമത്തെ മാതാപിതാക്കളും. വീട്ടില്‍ നിന്നും വിദ്യാലയത്തില്‍ നിന്നും പഠിക്കുന്നതാണ് ഒരാള്‍ സമൂഹത്തില്‍ കാണിക്കുന്നത്. ചുരുക്കത്തില്‍ ഒരാള്‍ക്ക് കിട്ടുന്ന ആത്മീയ, മാനസിക, ബൗദ്ധിക, സാമൂഹിക നേട്ടങ്ങളുടെയെല്ലാം അടിസ്ഥാനം അവന്റെ/അവളുടെ വീടും വിദ്യാലയവുമാണെന്നതില്‍ തര്‍ക്കമില്ല. അത് നല്ലതാണെങ്കിലും മോശമാണെങ്കിലും അതിനുത്തരവാദികള്‍ ഈ ഒന്നാം മാതാപിതാക്കളും രണ്ടാം മാതാപിതാക്കളുമായിരിക്കും. പണ്ട് ലോകം ചിന്തിച്ചിരുന്നത് അധികാരമാണ് ശക്തി (Authority is power) എന്നായിരുന്നു. എന്നാല്‍ പണം അതിനെ വിലകൊടുത്ത് വാങ്ങിയപ്പോള്‍ ആ സമവാക്യം പണമാണ് ശക്തി (Money is Power) എന്നായി മാറി. എന്നാല്‍ ഇന്ന് ലോകം തിരിച്ചറിയുന്നു, ‘അറിവാണ് ശക്തി’ (Knowledge is Power). ഈ അറിവിന്റെ ആരംഭമാകട്ടെ ദൈവഭക്തിയും (പ്രഭാഷകന്‍ 9:10)
പണം ചിലരെ മാത്രം ശക്തരാക്കും, അധികാരം കുറച്ചുപേര്‍ക്ക് മാത്രം ഔന്നത്യം നല്‍കും. എന്നാല്‍ അറിവ് എല്ലാവര്ക്കും ഉന്നതരാകാനുള്ള അവസരം തരുന്നു. അറിവെന്ന യഥാര്‍ത്ഥ ശക്തി നേടാന്‍ എല്ലാവര്ക്കും പ്രത്യേകിച്ച് വിദ്യാഭ്യാസകാലത്തിലൂടെ കടന്നുപോകുന്ന എല്ലാ കുഞ്ഞുമക്കള്‍ക്കും സാധ്യമാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ നന്മയും അനുഗ്രഹവും നിറഞ്ഞ ഒരാഴ്ച സ്നേഹപൂര്‍വം ആശംസിക്കുന്നു.
ഫാ.ബിജു കുന്നയ്ക്കാട്ട്
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ പി.ആര്.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
Very informative message thank you..