രണ്ടു രാഷ്ട്രീയ പ്രമുഖരുടെ നാവിന്റെ പിഴയാണ് ഈ നാളുകളില്‍ കേരളത്തില്‍ സംസാരവിഷയം. അതില്‍ ഒന്നാമത്തേത് ഒരു തമിഴ് സംഘടനയുടെ (പെമ്പിളൈ ഒരുമൈ) പേര് പറയാന്‍ ശ്രമിച്ചതിലെ പിഴവ് കേള്‍വിക്കാരിലാകെ ചിരിപടര്‍ത്തിയെങ്കില്‍ രണ്ടാമത്തേത് ഒരു മന്ത്രിയുടെ നാവിന്റെ ചൂട് ഉദ്യോഗസ്ഥരും നാട്ടുകാരും കേള്‍ക്കേണ്ടി വന്നതിനെക്കുറിച്ചുള്ള വാര്‍ത്തകളായിരുന്നു. അന്താരാഷ്ട്ര തലത്തിലും ഈ കഴിഞ്ഞ ആഴ്ചയില്‍ പലരുടേയും നാവ് കുഴപ്പക്കാരായി മാറി. മൂന്നാം ലോക മഹായുദ്ധത്തിലേക്ക് ലോകം പോകുമോ എന്നു ഭയപ്പെടുന്ന നോര്‍ത്ത് കൊറിയന്‍ അമേരിക്കന്‍ പ്രശ്‌നത്തില്‍ ഇരു രാജ്യങ്ങളുടെയും പ്രസിഡന്റുമാര്‍ ‘എല്ലില്ലാത്ത നാവു’കൊണ്ട് വെല്ലുവിളികളുമായി കളം നിറഞ്ഞു. സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ചെറുപതിപ്പായ കുടുംബങ്ങളിലും പലപ്പോഴും വില്ലനായി മാറുന്നത് നാവിന്റെ ഉപയോഗത്തിലെ ശ്രദ്ധയില്ലായ്മയും സംസാരത്തിലെ പിഴവുകളും തന്നെയാണ്.
”വാക്കുകളെ നിയന്ത്രിക്കുന്നവന് വീണ്ടുവിചാരമുണ്ട്. നീതിമാന്മാരുടെ നാവ് വിശിഷ്ടമായ വെള്ളിയാണ്. അവന്റെ വാക്ക് അനേകരെ പോഷിപ്പിക്കുന്നു” (ബൈബിളിലെ സുഭാഷിതങ്ങളുടെ പുസ്തകം 10ഃ2021). നാവിന്റെ പ്രശ്‌നത്തെപ്പറ്റി പരാതിരപ്പെടുന്ന ശൈലികള്‍ മലയാളത്തില്‍ വളരെയെറേയാണ്; നീളമുള്ള നാക്ക്, കഴുത്തിനുചുറ്റും നാക്ക്, എല്ലില്ലാത്ത നാക്ക്, എന്തും വിളിച്ചുപറയുന്ന നാക്ക്, ബെല്ലും ബ്രേക്കുമില്ലാത്ത നാക്ക്…. നാവിനെക്കുറിച്ചുള്ള പഴികള്‍ക്ക് അവസാനമില്ലാതെ നീളുന്നു. നാവിന്റെ ഉപയോഗം പലര്‍ക്കും അവസാനില്ലാതെ നീളുന്നു. നാവിന്റെ ഉപയോഗം പലര്‍ക്കും അനാവശ്യവിനകള്‍ വരുത്തിവയ്ക്കാറുണ്ടെങ്കിലും ബുദ്ധിയുള്ളവരുടെ ഏറ്റവും സമര്‍ത്ഥമായ ആയുധവും നാവുതന്നെ. ഭോഷന്മാര്‍ നാവിനെ, ശത്രുക്കളെ നേടാനായി ഉപയോഗിക്കുമ്പോള്‍ ജ്ഞാനികള്‍ മിത്രങ്ങളെ നേടുന്നതും ഉയര്‍ച്ച പ്രാപിക്കുന്നതും നാവിന്റെ ശരിയായ ഉപയോഗം കൊണ്ടുകൂടിയാണ്. ‘അധരഫലം ഉപജീവനമാര്‍ഗ്ഗം നേടിക്കൊടുക്കുന്നു. ജീവനെ നശിപ്പിക്കാനും പുലര്‍ത്താനും നാവിന് കഴിയും” (സുഭാഷിതങ്ങള്‍ 18 : 2021). ‘നല്ല വാക്ക്’ ദാനത്തെക്കാള്‍ വിശിഷ്ടമാണെന്ന് പരിശുദ്ധ ഖുറാനും സാക്ഷിക്കുന്നു. (2 : 263).
മനസിലെ ചിന്തകളുടെ പ്രതിഫലനമാണ് നാവിലൂടെ സംസാരവിഷയമായി പുറത്തുവരുന്നത്. ബോധമനസിലും അബോധ മനസിലും ഉപബോധ മനസിലും കിടക്കുന്ന കാര്യങ്ങള്‍ സംസാരത്തിലൂടെ വെളിപ്പെടുന്നു. നല്ല സംസാരമുണ്ടാവാന്‍ നല്ല ചിന്തകളും ബോധ്യങ്ങളും മനസിലുണ്ടാവുക എന്നതു തന്നെയാണ് പരമപ്രധാനമായ കാര്യം. ”നല്ല വൃക്ഷം നല്ല ഫലം പുറപ്പെടുവിക്കുന്നു. ചീത്ത വൃക്ഷം ചീത്ത ഫലം പുറപ്പെടുവിക്കുന്നു!! (ബൈബിള്‍). മനുഷ്യര്‍ പ്രധാനമായും അവരുടെ ഉള്ളിലുളള ആശയങ്ങള്‍ മറ്റുളളവര്‍ക്ക് കൈമാറുന്നത് സംസാരത്തിലൂടെയും നാവിന്റെ ഉപയോഗത്തിലൂടെയുമാണ്. നല്ല ചിന്തകളും നാവിന്റെ ഉപയോഗവും വഴി മറ്റുള്ളവരിലേയ്ക്ക് നന്മ പ്രസരിപ്പിക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ.
വിവേകപൂര്‍ണ്ണമല്ലാത്ത സംസാരവും നാവിന്റെ ഉപയോഗവും ചിലപ്പോള്‍ വലിയ ദുരന്തങ്ങള്‍ തന്നെ വരുത്തിവയ്ക്കാം. ഭാവി പ്രവചനക്കാരായ രണ്ടുപേര്‍ ഒരിക്കല്‍ ഒരു രാജകൊട്ടാരത്തിലെത്തി. അതില്‍ ഒരാള്‍ രാജാവിനോട് പറഞ്ഞു; ”അങ്ങ് രണ്ട് ആഴ്ചയ്ക്കുള്ളില്‍ മരിക്കും” ഈ അശുഭവാര്‍ത്ത പറഞ്ഞ വ്യക്തിയെ കാരാഗൃഹത്തിലിടാന്‍ രാജാവ് ഉത്തരവിട്ടു. എന്നാല്‍ ബുദ്ധിമാനായ രണ്ടാമത്തെയാള്‍ രാജാവിനോട് പറഞ്ഞു; രണ്ടാഴ്ചകള്‍ കഴിയുമ്പോള്‍ അങ്ങയുടെ പുത്രന്‍ പുതിയ രാജാവായി ഈ രാജ്യത്തിന്റെ ഭരണമേറ്റെടുക്കും” . ആഹ്‌ളാദകരമായ ഈ വാര്‍ത്ത പറഞ്ഞയാള്‍ക്ക് കൈനിറയെ സ്വര്‍ണനാണയങ്ങള്‍ കൊടുക്കാനും രാജാവ് കല്‍പിച്ചു. എന്നാല്‍ സത്യം എന്താണ്? ഇവര്‍ രണ്ടുപേരും പറഞ്ഞകാര്യം ഒന്നുതന്നെ: രാജാവ് മരിക്കും, അതിനുശേഷം മകന്‍ ഭരണം ഏറ്റെടുക്കും. വിവേകപൂര്‍ണമായി നാവിനെ ഉപയോഗിച്ചവന് സമ്മാനങ്ങളും സാഹചര്യങ്ങള്‍ക്കനുസരിച്ച് നാവിനെ ഉപയോഗിക്കാതിരുന്നവന് ശിക്ഷയും കിട്ടി.സാഹചര്യത്തിനു ചേരാത്ത അനാവശ്യ ആവേശമാണ് പലര്‍ക്കും നാവിന്റെ ഉപയോഗത്തില്‍ വിനയാകുന്നത്. ആവേശത്തില്‍ സ്വയം മറന്ന്, ചിന്തിക്കാതെ സംസാരിക്കുമ്പോള്‍ നാവ് അപകടം ക്ഷണിച്ചുവരുത്തും. പല്ല് ഒരിക്കല്‍ നാവിനോട് പറഞ്ഞു. ‘ഞാന്‍ ശക്തമായ ഒരു കടി തന്നാല്‍ നീ മുറിഞ്ഞു രണ്ടു കഷണമാവും’ അതിനു നാവ് മറുപടി ഇങ്ങനെ പറഞ്ഞു. ഞാന്‍ ഒന്നു മനസുവച്ചാല്‍ നിങ്ങള്‍ 32 പേരെയും അടിച്ചുതാഴെയിടിക്കാന്‍ എനിക്കാവും’ . ഓരോരുത്തരും തങ്ങളുടെ ജീവിതാവസ്ഥയ്ക്കനുസരിച്ച് തങ്ങളുടെ നാവിന്റെ ഉപയോഗത്തില്‍ മാന്യത പാലിക്കണം. അമിതാവേശവും അതേ തുടര്‍ന്നുള്ള സംസാരവും പലരെയും അപകടത്തില്‍ കൊണ്ടു ചെന്നെത്തിച്ചിട്ടുണ്ട്. ”വാക്കുകള്‍ ഏറുമ്പോള്‍ തെറ്റു വര്‍ദ്ധിക്കുന്നു’ (സുഭാഷിതങ്ങള്‍ 10ഃ19)
നാവിന്റെ ശ്രദ്ധയില്ലാത്ത ഉപയോഗം പലരുടെയും മനസില്‍ ഉണങ്ങാത്ത മുറിവുകളും സൃഷ്ടിക്കാറുണ്ട്. ശരീരത്തില്‍ ഒരു മുറിവ് ഉണ്ടായാല്‍ കുറെ കഴിയുമ്പോള്‍ അത് ഉണങ്ങും. എന്നാല്‍ മുറിപ്പെടുത്തുന്ന വാക്കുകള്‍ കൊണ്ട് മുറിയുന്ന ഹൃദയത്തിലെ പരിക്കുകള്‍ പലപ്പോഴും ഉണങ്ങാതിരിക്കുന്നു എന്നുപറയുന്നത് എത്ര ശരിയാണ്‍ പറഞ്ഞ വാക്കും എറിഞ്ഞ കല്ലും തിരിച്ചുപിടിക്കാനാവില്ലെന്ന് പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍ എത്ര വലുതാണ്‍ ഇഷ്ടക്കേടും വെറുപ്പുമുള്ള മനസില്‍ നിന്നു പുറപ്പെടുന്ന വാക്കുകള്‍ക്ക് മൂര്‍ച്ച കൂടുതലും ശബ്ദം അധികവുമായിരിക്കും. ഒരിക്കല്‍ ഒരു ശിഷ്യന്‍ ബുദ്ധനോടു ചോദിച്ചു. എന്തുകൊണ്ടാണ് ദേഷ്യപ്പെടുമ്പോള്‍ ആളുകള്‍ ഉച്ചത്തില്‍ സംസാരിക്കുന്നത്? ബുദ്ധന്‍ മറുപടി പറഞ്ഞു; ” അവര്‍ അടുത്താണിരിക്കുന്നതെങ്കിലും അവരുടെ മനസ്സുകള്‍ വളരെ അകലെയാണ്. അകലെയുള്ള മനസിനെ എത്തിപ്പിടിക്കാന്‍ വേണ്ടിയാണ് അവര്‍ ശബ്ദം ഉയര്‍ത്തി സംസാരിക്കുന്നത്, ” അതു സത്യമാണെന്നതു കൊണ്ടല്ലേ, അതിന്റെ മറുവശത്ത് ഏറ്റവും സ്‌നേഹിക്കുന്ന രണ്ടുപേര്‍ കണ്ണില്‍ കണ്ണില്‍ നോക്കി പരസ്പരം ഇരിക്കുമ്പോള്‍, അവരുടെ ഹൃദയങ്ങളും കണ്ണുകളും പരസ്പരം സംസാരിക്കുന്നു, നാവ് ഒന്നും പറയേണ്ടി വരുന്നുമില്ല!
മറ്റു പല കാര്യങ്ങളിലുമെന്നതുപോലെ നാവിന്റെ ഉപയോഗത്തിലും ഇളം തലമുറയ്ക്ക് മാതൃകയാകേണ്ടത് മുതിര്‍ന്നവര്‍ തന്നെയാണ്. പ്രത്യേകിച്ച് മാതാപിതാക്കളും സമൂഹത്തില്‍ പ്രത്യേക സ്ഥാനങ്ങളില്‍ ആദരിക്കപ്പെടുന്നവരും. തന്റെ കുട്ടിയില്‍ നിന്ന് പ്രതീക്ഷിക്കാത്ത വാക്കുകള്‍ ചേര്‍ത്തുള്ള സംസാരത്തെക്കുറിച്ച് ഭാര്യയോടു പറഞ്ഞപ്പോള്‍, ‘കുട്ടിയുടെ മുമ്പില്‍വച്ച് രാഷ്ട്രീയ വാര്‍ത്തകളും പ്രസ്താവനകളും ചര്‍ച്ചകളും കേള്‍ക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു എന്ന ഭാര്യയുടെ കമന്റ് ഫലിതരസത്തിനപ്പുറം നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. ”ആശാനക്ഷരമൊന്നു പിഴച്ചാല്‍ അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്’ എന്ന പഴമൊഴിയില്‍ തീരെ പതിരില്ല.
നാവിന്റെ നിയന്ത്രണവും സംസാരത്തിന്റെ മാന്യതയും പഠിച്ചുതുടങ്ങേണ്ടത് സ്വന്തം വീടുകളില്‍ നിന്നു തന്നെയാണ്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ കലഹങ്ങളിലും വെറുപ്പിന്റെ അവസരങ്ങളിലും ഉപയോഗിക്കുന്ന മാന്യതയില്ലാത്ത, വിലകുറഞ്ഞ, സഭ്യമല്ലാത്ത പദപ്രയോഗങ്ങളും ശൈലികളും ഇതുകണ്ടുകൊണ്ടുനില്‍ക്കുന്ന കുഞ്ഞുങ്ങളുടെ മനസില്‍ ചെലുത്തുന്ന തെറ്റായ സ്വാധീനം പ്രതീക്ഷിക്കുന്നതിനും അപ്പുറത്താണ്. നല്ല സംസാരവും നല്ല വാക്കുകളും മാത്രം നമ്മുടെ കുടുംബങ്ങളിലും പൊതുരംഗങ്ങളിലും ഉണ്ടാകട്ടെ.
വി. ബൈബിളില്‍ മറിയത്തിന്റെ ഭര്‍ത്താവായ ജോസഫ് ഓര്‍മ്മിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ നിശബ്ദതയുടെ പേരില്‍ കൂടിയാണ്. ഒരു വാക്കുപോലും അദ്ദേഹം പറഞ്ഞത് ബൈബിളില്‍ രേഖപ്പെടുത്തിയിട്ടില്ല. തന്റെ വിചാരണയുടെ സമയത്ത് പല അവസരങ്ങളിലും ഈശോയും മൗനം പാലിച്ചതായി സുവിശേഷങ്ങള്‍ പറയുന്നു. മൗനം പാലിക്കുന്നതും നാവിനെ നിയന്ത്രിക്കുന്നതും ആവശ്യത്തിനുമാത്രം സംസാരിക്കുന്നതും ശ്രേഷ്ഠതയുടെ ലക്ഷണം കൂടിയാണ്. ഉള്ളില്‍ ഒന്നുമില്ലാത്തവര്‍ എപ്പോഴും ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കും. ആത്മീയതയും അഗാധ അറിവുമുള്ളവര്‍ കുറച്ചുമാത്രം സംസാരിക്കും. ഭാരതീയ ഋഷിവര്യന്മാരെ മുനിമാര്‍ എന്ന് വിളിച്ചിരുന്നു. ‘മുനി’ എന്ന വാക്ക് ഉത്ഭവിക്കുന്നത് ‘മൗനം’ എന്നതില്‍ നിന്നത്രേ!. ഓളങ്ങളും ഓളപ്പാടുകളുമുള്ള കടല്‍ത്തീരത്തിന് ആഴമില്ല. എന്നാല്‍ വലിയ മത്സ്യങ്ങളും പവിഴപ്പുറ്റുകളുമുള്ള കടലിന്റെ ആഴമുള്ള ഭാഗത്തിലെ ഉപരിതലം ഒച്ചപ്പാടില്ലാതെ ശാന്തമായിരിക്കും.”സംസാരത്തില്‍ തെറ്റുവരുത്താത്ത ഏവനും പൂര്‍ണനാണെന്ന്” (യാക്കോബ് 3ഃ2) ബൈബിള്‍ സാക്ഷിക്കുന്നു. ”ജീവിതത്തെ സ്‌നേഹിക്കുകയും നല്ല ദിനങ്ങള്‍ കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന വന്‍ തിന്മയില്‍ നിന്നു തന്റെ നാവിനെയും വ്യാജം പറയുന്നതില്‍ നിന്ന് തന്റെ അധരത്തെയും നിയന്ത്രിക്കട്ടെ”. (1 പത്രോസ് 3ഃ10).
നന്മനിറഞ്ഞ ഒരാഴ്ച സ്‌നേഹപൂര്‍വ്വം ആശംസിക്കുന്നു. ഫാ. ബിജു കുന്നയ്ക്കാട്ട്
Leave a Reply