ഫാ.ബിജു കുന്നയ്ക്കാട്ട്
സവിശേഷമാംവിധം ദൈവം ഒരിക്കല്‍ കൂടി ഭൂമിയെ തൊടുന്നു. വാഴ്ത്തപ്പെട്ട സി. റാണി മരിയയിലൂടെ. ഇനി മുതല്‍ ആ ജീവിതം സങ്കീര്‍ത്തനമാണ്. പ്രാര്‍ത്ഥിക്കാനും അപദാനങ്ങള്‍ പാടാനുമായി മറ്റു വീരപുണ്യാത്മാക്കളുടെ കൂട്ടത്തിലേയ്ക്ക് സഭ ഒരു നാമം കൂടി ചേര്‍ക്കുന്നു, സി. റാണി മരിയ. നമ്മുടെ ഇടയില്‍ ജനിച്ച്, ജീവിച്ച്, വളര്‍ന്നാണ് അവള്‍ ദൈവത്തിന്റെയും മനുഷ്യരുടെയും സംപ്രീതിക്ക്(ലൂക്കാ 2:52) പാത്രമായതെന്നത് കുറച്ചൊന്നുമല്ല നമ്മെ അഭിമാനിതരാക്കുന്നത്. കേരളത്തില്‍ എറണാകുളം ജില്ലയിലെ പുല്ലുവഴിയില്‍ ജനിച്ച ആ സ്ത്രീരത്നം ഇന്ന് പുണ്യവഴിയിലേയ്ക്കെത്താന്‍ പക്ഷേ, മൂര്‍ച്ചയേറിയ ഒരു കഠാരയുടെ അന്‍പത്തിനാല് കുത്തുകളും നാല്‍പത്തിയൊന്നു വയസ്സുവരെ വിശുദ്ധമായ സന്യാസജീവിതവും ഏറ്റെടുക്കേണ്ടിയിരുന്നു. സകല വിശുദ്ധരേയും തിരുസഭ അനുസ്മരിക്കുന്ന ഈ നവംബര്‍ മാസത്തില്‍ തന്നെ ഇതാ അവള്‍ അള്‍ത്താരവണക്കത്തിന് യോഗ്യയാകുന്നു, രക്തസാക്ഷികളുടെ അത്യുന്നത നിരയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നു.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തിരുസഭയ്ക്ക് ഒരു അത്ഭുത രക്തസാക്ഷിണിയെ കിട്ടി – വി. മരിയാ ഗെരേത്തി (1890-1902). ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇതാ സി. റാണി മരിയയും ഏറെ സാമ്യങ്ങളുണ്ട് ഈ രണ്ടുപേരും തമ്മില്‍. രണ്ടുപേരുടെ പേരുകളിലും ‘മരിയ’ എന്ന നാമം പൊതുവായുണ്ട്. കന്യകകളായിരുന്നു രണ്ടുപേരും. 11-ാം വയസ്സില്‍ രക്തസാക്ഷിണിയായ വി. മരിയാ ഗെരേത്തിയും മരിച്ചത് മൂര്‍ച്ചയുള്ള ഒരു കഠാരയുടെ 14 കുത്തുകളേറ്റ്. 41 വയസ്സുള്ള വി. റാണി മരിയ മരിച്ചത് ഒരു കഠാരയുടെ 54 കുത്തുകളേറ്റ്. ഇരുസംഭവങ്ങളിലും ഘാതകര്‍ ജയിലിലടയ്ക്കപ്പെട്ട് ശിക്ഷിക്കപ്പെട്ടു. രണ്ടു കൊലയാളികളും ജയിലില്‍ കിടക്കവേ തങ്ങളുടെ കൊടുംപാപത്തെക്കുറിച്ച് അനുതപിച്ചു, മാനസാന്തരപ്പെട്ടു. 1950ല്‍ മരിയാ ഗൊരേത്തിയെ വിശുദ്ധയെന്ന് പേരുവിളിക്കുന്ന വത്തിക്കാനിലെ ചടങ്ങില്‍ അവളുടെ മാനസാന്തരപ്പെട്ട ഘാതകന്‍ അലസ്സാന്ദ്രോയും നിറകണ്ണുകളോടെ സന്നിഹിതനായിരുന്നു. ഇന്നലെ നവംബര്‍ 4ന് സി. റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുമ്പോള്‍ ആ പുണ്യകര്‍മ്മം നേരില്‍ കാണാന്‍ അവളുടെ മാനസാന്തരപ്പെട്ട ഘാതകന്‍ സമന്ദര്‍സിങ്ങും ആള്‍ക്കൂട്ടത്തിലുണ്ടായിരുന്നു. മരിയ ഗൊരേത്തി മരിക്കുന്നതിനുമുമ്പ് അവസാനം പറഞ്ഞത് ഞാന്‍ അലസ്സാണ്ടറിനോട് (ഘാതകനോട്) ക്ഷമിക്കുന്നു എന്നായിരുന്നു. യേശുക്രിസ്തുവിന്റെ ഏറ്റവും വലിയ പാഠങ്ങളിലൊന്നും പര്യായവുമായ ‘ക്ഷമ’യെക്കുറിച്ച് പറഞ്ഞുകൊണ്ട് വി. മരിയാ ഗൊരേത്തി മരിച്ചപ്പോള്‍ വാഴ്ത്തപ്പെട്ട സി. റാണി മരിയായുടെ അവസാനത്തെ വാക്കുകള്‍ ”ഈശോയെ….ഈശോയെ….” എന്നതു തന്നെയായിരുന്നു.
കുരിശില്‍ കിടക്കുമ്പോള്‍ പടയാളികളിലൊരാള്‍ മൂര്‍ച്ചയേറിയ കുന്തം കൊണ്ട് കുത്തി മുറിവേല്‍പ്പിച്ചതിനു സമാനമായി വിദ്വേഷത്തിന്റെ കഠാരക്കുത്തുകള്‍ സി. റാണി മരിയയ്ക്കും ഏല്‍ക്കേണ്ടി വന്നു. ഈശോയുടെ നെഞ്ചില്‍ കുത്തിയ മുറിവില്‍ നിന്ന് ഒഴുകിയിറങ്ങിയ രക്തവും ജലവും അതു കുത്തിയവന്റെ കണ്ണിന്റെ അന്ധത മാറ്റിയെന്ന പാരമ്പര്യം പോലെ, സി. റാണി മരിയായുടെ നെഞ്ചിലെ സ്നേഹരക്തം സമന്ദര്‍സിങ്ങിന്റെ വിദ്വേഷത്തിന്റെ അന്ധതയും മായ്ച്ചു കളഞ്ഞിരിക്കുന്നു. ഈശോയും മരിയാ ഗൊരേത്തിയും സി. റാണി മരിയായും മറ്റു രക്തസാക്ഷികളുമെല്ലാം ഭൂമിയിലെ വിശുദ്ധമായ ജീവിതം കൊണ്ടുമാത്രമല്ല, വീരോചിതമായ മരണം കൊണ്ടും ദൈവ പിതാവിനെ മഹത്വപ്പെടുത്തിയവരാണ്. തിരുസഭയുടെ അടിസ്ഥാന പാറയായ വി. പത്രോസിന്റെ മരണത്തെക്കുറിച്ച് ഈശോ സൂചിപ്പിച്ചതുപോലെ തന്നെ; ”ഈശോ ഇതുപറഞ്ഞത് ഏതുവിധമുള്ള മരണത്താല്‍ പത്രോസ് ദൈവത്തെ മഹത്വപ്പെടുത്തും എന്ന് സൂചിപ്പിക്കാനാണ്. (യോഹന്നാന്‍ 21:19). തല കീഴായി കുരിശില്‍ തറയ്ക്കപ്പെട്ട് അതിസ്വാഭാവിക പീഡകളോടെ മരണം വരിച്ച വി. പത്രോസിന്റെ ജീവിതം ദൈവത്തെ മഹത്വപ്പെടുത്തിയെങ്കില്‍ 54 കഠാരക്കുത്തുകളുടെ അവര്‍ണ്ണനീയ സഹനങ്ങള്‍ സ്വീകരിച്ചുള്ള മരണത്തിലൂടെ വാഴ്ത്തപ്പെട്ട സി. റാണി മരിയായും ദൈവത്തെ മഹത്വപ്പെടുത്തിയെന്ന് സഭ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു.
ഈ വീരപുത്രിയെ ധ്യാനിക്കുന്നതിനിടയില്‍ കാണാതെ പോകരുതാത്ത മറ്റുചില ജീവിതങ്ങള്‍ കൂടിയുണ്ട്. ആദ്യത്തേത് അവളുടെ ഘാതകന്‍ സമന്ദര്‍സിങ്ങിന്റേതു തന്നെയാണ്. അരും കൊല നടത്തിയതിനുശേഷം മനഃ സാക്ഷിക്കുത്തുണ്ടായപ്പോള്‍ യൂദാസിന്റെ തീരുമാനത്തിലേയ്ക്ക് പോകാതെ, ഇടതുവശത്തെ കള്ളന്റെ വെറുപ്പിലേയ്ക്കും നിരാശയിലേക്കും പോകാതെ, മൂന്നു പ്രാവശ്യം കര്‍ത്താവിനെ തള്ളിപ്പറഞ്ഞിട്ടും പശ്ചാത്താപത്തിന്റെ കണ്ണീരൊഴുക്കിയ പത്രോസിനെപ്പോലെ, അവസാന നിമിഷം സത്യം തിരിച്ചറിഞ്ഞ നല്ല കള്ളനെപ്പോലെ സമന്ദര്‍സിങ്ങും പുതിയ വ്യക്തിയായി. മന:സാക്ഷിക്കുത്ത് തുടങ്ങിയപ്പോള്‍ കുറ്റബോധത്തിന്റെയും അതുകൊണ്ടുചെന്നെത്തിക്കുന്ന സ്വയംനാശത്തിന്റെയും വഴി തിരഞ്ഞെടുക്കുന്ന യൂദാസാകാതെ, പാപബോധത്തിലേക്കും പശ്ചാത്താപത്തിലേക്കും തിരിഞ്ഞ് തിരിച്ചുവരവിന്റെ വഴി കണ്ടെത്തിയ, കര്‍ത്താവിന്റെ കരുണ കണ്ടെത്തിയ പത്രോസിനെപ്പോലെ ഈ സമന്ദര്‍സിങ്ങും ശരിയായ പാപബോധവഴിയേ സഞ്ചരിച്ചു. പശ്ചാത്താപം തിങ്ങിയ ഹൃദയവുമായി ആ സഞ്ചാരം രക്തസാക്ഷിത്വം നടന്ന ഇന്‍ഡോറിന്റെ അതിര്‍ത്തികളും കടന്ന് എറണാകുളത്തെ പുല്ലുവഴിയിലുള്ള സി. റാണി മരിയയുടെ വീട്ടില്‍, അവളുടെ വൃദ്ധരായ മാതാപിതാക്കളുടെ കാല്‍ക്കല്‍ വരെയെത്തി.
വാഴ്ത്തപ്പെട്ട സി. റാണി മരിയായുടെ കുടുംബാംഗങ്ങളാണ് രണ്ടാമത്തെ കൂട്ടര്‍. ഫ്രാന്‍സിസ്‌കന്‍ സന്യാസ സഭയില്‍ തന്നെ അംഗമായ അനുജത്തി സി. സെല്‍മി പോള്‍, റാണി മരിയയുടെ വൃദ്ധരായ മാതാപിതാക്കള്‍, സഹോദരങ്ങള്‍ തുടങ്ങിയവര്‍ അവളുടെ ഘാതകനോട് പ്രകടിപ്പിച്ച ക്ഷമയും കരുണയും സി. റാണി മരിയ ജീവിതം കൊണ്ടും മരണം കൊണ്ടു പറഞ്ഞ സുവിശേഷത്തിനേക്കാളും വലിയ സാക്ഷ്യമാണ്. ജന്മം നല്‍കി വളര്‍ത്തി വലുതാക്കിയ സ്വന്തം മകളെ നിഷ്ഠൂരമായി കൊല ചെയ്തയാള്‍ കണ്‍മുമ്പില്‍ നില്‍ക്കുമ്പോഴും പ്രതികാരം ചെയ്യാതിരിക്കാനും ശാപവാക്കുകള്‍ അവന്റെമേല്‍ ചൊരിയാതിരിക്കാനും തയ്യാറായി എന്നുമാത്രമല്ല, അവനോടു ഹൃദയപൂര്‍വ്വം ക്ഷമിക്കാനും തലയില്‍ കൈവച്ച് അനുഗ്രഹിക്കാനും നീ ഞങ്ങളുടെ മകനെപ്പോലെയാണ് എന്നുപറയാനും ആ മാതാപിതാക്കള്‍ക്ക് സാധിച്ചതാണ് ഈ നൂറ്റാണ്ടില്‍ സുവിശേഷത്തിന്റെ ഏറ്റവും മികച്ച പ്രഘോഷണവും വ്യാഖ്യാനവുമായി മാറിയത്. സി. റാണി മരിയയുടെ സഹോദരി സി. സെല്‍മി പോള്‍ ഒരു രക്ഷാബന്ധന്‍ ദിനത്തില്‍ സമന്ദര്‍സിങ്ങിന്റെ കയ്യില്‍ രാഖി കെട്ടി നീ എന്റെ സഹോദരനാണെന്ന് പറഞ്ഞതും സമാനതകളില്ലാത്ത സുവിശേഷ സാക്ഷ്യമായി.
സന്ന്യാസ ജീവിതത്തിനു സ്വയം സമര്‍പ്പിച്ച സി. സെല്‍മി പോള്‍ താന്‍ പരിശീലനകാലത്ത് ആഴത്തില്‍ പഠിച്ചതും മനസിലാക്കിയതുമായ ക്രിസ്തു സ്നേഹം പ്രായോഗിക തലത്തിലേയ്ക്ക് കൊണ്ടു വന്നത് ഒരു പരിധി വരെ മനസിലാക്കാന്‍ നമുക്ക് സാധിക്കുമെങ്കിലും വലിയ പഠിപ്പോ ലോകപരിചയമോ ദൈവീക കാര്യങ്ങളില്‍ ആഴമായ അറിവോ ഇല്ലാത്ത പഴയ തലമുറയില്‍പ്പെട്ട താരതമ്യേന ചെറിയ മനസിന്റെ ഉടമകളായേക്കാവുന്ന ആ മാതാപിതാക്കള്‍ തന്റെ മകളുടെ കൊലയാളികളോടു കാണിച്ച ദയാവായ്പ് സത്യത്തില്‍ ലോകത്തെ അമ്പരപ്പിച്ചു കളഞ്ഞു. ആ വൃദ്ധമാതാപിതാക്കള്‍ ലോകത്തോടു പറഞ്ഞ വലിയ ദൈവസാക്ഷ്യമിതാണ്: ”ഞങ്ങളുടെ മകള്‍ ഞങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവളായിരുന്നു. പക്ഷേ, അവളെ ഞങ്ങള്‍ക്ക് നല്‍കിയ ദൈവവും ആ ദൈവത്തിന്റെ കല്‍പനകളും ഞങ്ങള്‍ക്ക് മകളേക്കാളും പ്രധാനപ്പെട്ടതാണ്, അതുകൊണ്ട് ഞങ്ങള്‍ ഇവനോട് ക്ഷമിക്കുന്നു. നഷ്ടപ്പെട്ട മകളുടെ സ്ഥാനത്ത് ഇവനെ മകനായി സ്വീകരിക്കുന്നു’. ഇവിടെ കാല്‍വരിയിലെ ഒരു രംഗം ഇങ്ങനെ പുനര്‍വ്യാഖ്യാനിക്കപ്പെട്ടു; സ്വര്‍ഗ്ഗത്തിലിരുന്ന് സി. റാണി മരിയാ മാതാപിതാക്കളോടു പറഞ്ഞു, ‘ഇതാ നിങ്ങളുടെ മകന്‍ ‘ അപ്പോള്‍ മുതല്‍ അവര്‍ അവനെ സ്വന്തം മകനായി അവരുടെ ഭവനത്തില്‍ സ്വീകരിച്ചു. (യോഹന്നാന്‍ 19:27).
സമന്ദര്‍സിങ്ങിന്റെ മാനസാന്തരത്തിനും കുടുംബാംഗങ്ങളുടെ ക്ഷമ നല്‍കലിനുമൊക്കെ കാരണക്കാരനായ ഒരു വൈദികനെക്കൂടി പ്രത്യേകം ഓര്‍മ്മിക്കേണ്ടതുണ്ട്. മധ്യപ്രദേശില്‍ സ്വാമി സദാനന്ദ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന (സ്വാമിയച്ചന്‍) റവ. ഫാ. മൈക്കിള്‍ പുറാട്ടുകര സി.എം.ഐ വൈദികന്‍. 21 വര്‍ഷത്തെ തടവുശിക്ഷ വിധിക്കപ്പെട്ട് ഇന്‍ഡോര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന സമന്ദര്‍സിങ്ങിനെ പലതവണ സന്ദര്‍ശിച്ച്, ‘പശ്ചാത്തപിച്ച് നന്മ ചെയ്താല്‍ ക്ഷമിക്കുന്നവനാണ് ദൈവ’മെന്ന സ്വാമിയച്ചന്റെ വാക്കുകളാണ് ആ കൊടുംകുറ്റവാളിയില്‍ മാനസാന്തരവഴി തുറന്നത്. ആദ്യമൊന്നും ആ വന്ദ്യ വൈദികന്റെ നല്ല വാക്കുകള്‍ക്ക് ചെവികൊടുക്കാതിരുന്നെങ്കിലും ആ പുരോഹിതന്റെ സാന്നിധ്യത്തിലൂടെയും വാക്കുകളിലൂടെയും ദൈവം ആ പാപിയുടെ ഹൃദയത്തെ തൊട്ടു. തുടര്‍ന്നുണ്ടായതെല്ലാം ചരിത്രം. സ്വര്‍ഗ്ഗത്തിലിരുന്ന് സി. റാണി മരിയായുടെ പ്രാര്‍ത്ഥനയും സി. സെല്‍മിയുടെയും കുടുംബാംഗങ്ങളുടെയും സ്നേഹപ്രകടനവും അതുവരെ സമന്ദര്‍ മനസില്‍ സൂക്ഷിച്ചിരുന്ന എല്ലാ ദുഷ്ടവിചാരങ്ങളുടെയും മുകളിലുള്ള ഒരു സ്നേഹമായി അനുഭവിച്ചു, അത് അവനില്‍ ഒരു പുതിയ മനുഷ്യനെ സൃഷ്ടിച്ചു.
വിശുദ്ധ പദവിയിലേക്ക് സഭ ഉയര്‍ത്തുന്നവരുടെ വിശുദ്ധ ജീവിതത്തിന് ദൈവം നല്‍കുന്ന ഔദ്യോഗിക അടയാളങ്ങളായി അവര്‍ വഴി നടക്കുന്ന അതി സ്വാഭാവിക രോഗസൗഖ്യങ്ങളും അത്ഭുതങ്ങളും ഒരു പ്രധാന കാര്യമായി പരിഗണിക്കാറുണ്ട്. എന്നാല്‍ രക്തസാക്ഷികളെ വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തുമ്പോള്‍ ഇത്തരം അത്ഭുതങ്ങള്‍ക്കായി സഭ കാത്തുനില്‍ക്കാറില്ല. സ്വന്തം രക്തം ചിന്തി ജീവന്‍ കൊടുക്കുന്നതിനേക്കാള്‍ വലിയ സ്നേഹപ്രകടനമില്ല (യോഹ 15:13) എന്ന സുവിശേഷ വചനത്തിന്റെ കാഴ്ചപ്പാടിലാണിത്. രക്തസാക്ഷിണിയായ റാണി മരിയയായുടെ കാര്യത്തിലും സഭ അത്ഭുതങ്ങള്‍ക്ക് കാത്തുനില്‍ക്കുന്നില്ല. എങ്കിലും, ഇതിനോടകം എത്രയോ അത്ഭുതങ്ങള്‍ നടന്നുകഴിഞ്ഞു. ഒരു കൊടുംപാപി (സമന്ദര്‍സിങ്ങ്)യുടെ മാനസാന്തരം, കാന്‍സര്‍ രോഗബാധിതയായി മരണം പ്രതീക്ഷിച്ചിരുന്ന സ്വന്തം സഹോദരി സി. സെല്‍മി പോളിന്റെ പരിപൂര്‍ണസൗഖ്യം, മാതാപിതാക്കള്‍ നല്‍കിയ ക്ഷമാദാനം, ചെറുതും വലുതുമായ മറ്റനേകം അത്ഭുതങ്ങളും.
തിരുസഭയുടെ സാമൂഹിക ബോധത്തിന്റെ പ്രതിഫലനം കൂടിയാണ് സി. റാണി മരിയായുടെ ത്യാഗോജ്ജ്വല പ്രവര്‍ത്തനങ്ങളും വീരോചിത മരണവും. ജന്മിത്വത്തിന്റെ മേല്‍ക്കോയ്മയില്‍ നിന്ന് പാവപ്പെട്ടവരെ രക്ഷിക്കാനും സി. റാണി മരിയാ നടത്തിയ പ്രവര്‍ത്തനങ്ങളാണ് അവളുടെ രക്തസാക്ഷിത്വത്തിലൂടെപ്പോലും ഫലം കണ്ടത്. പുറം ലോകം അറിയാതെയും മനസിലാക്കാതെയും ‘മാനവസേവ മാധവസേവ’യായിക്കണ്ട് സാമൂഹിക ഉദ്ധാരണം നിശബ്ദമായി നടത്തിക്കൊണ്ടിരിക്കുന്ന സഭയുടെ മുഖം സി. റാണി മരിയയിലൂടെ ഒരിക്കല്‍ കൂടി വെളിച്ചത്തു വന്നിരിക്കുന്നു. തങ്ങളുടെ സേവനമേഖലയ്ക്ക് സ്വയം സമര്‍പ്പിച്ചിരിക്കുന്ന ആയിരക്കണക്കായ വൈദികര്‍ക്കും സന്നാസികള്‍ക്കും പുത്തന്‍ ഉണര്‍വ്വാണ് സി. റാണി മരിയായുടെ രക്തസാക്ഷിത്വവും അവളുടെ ‘വാഴ്ത്തപ്പെട്ട പദവി’ പ്രഖ്യാപനവും നല്‍കുന്നത്. സ്ത്രീത്വത്തിന്റെ ആദരം കൂടിയാണ് ഈ വാഴ്ത്തപ്പെടലില്‍ കാണുന്നത്. സ്ത്രീ അബലയാണെന്ന ധാരണകള്‍ക്കുള്ള തിരുത്താണ് സി. മരിയായുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളും അതില്‍ അവര്‍ക്കു നേരിടേണ്ടിവന്ന എതിര്‍പ്പുകളും ധീരരക്തസാക്ഷിത്വവും. എതിര്‍പ്പുകളില്‍ തളരാതെ ഇന്നവള്‍ യഥാര്‍ത്ഥ ധൈര്യശാലിയും വിജയിയും ആയിരിക്കുന്നു.
ഫ്രാന്‍സിസ്‌കന്‍ ക്ലാര സഭയില്‍ കേരളത്തില്‍ നിന്ന് വി. അല്‍ഫോന്‍സാമ്മയ്ക്ക് ശേഷം ഒരു സ്ത്രീരത്നം കൂടി ‘വിശുദ്ധ’പദവിയോടടുക്കുന്നു. സി. റാണി മരിയായുടെ ജീവിതവും മരണവും ദൈവത്തെയും മനുഷ്യരേയും ആകര്‍ഷിച്ചു. ”ഞാന്‍ ഭൂമിയില്‍ നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരേയും എന്നിലേക്കാകര്‍ഷിക്കും” (യോഹന്നാന്‍ 12: 32). ഇന്ന് അവളുടെ വാഴ്ത്തപ്പെടലില്‍ ഈ വാക്കുകള്‍ അന്വര്‍ത്ഥമായിരിക്കുന്നു. ചിലരുടെ മരണങ്ങള്‍ അങ്ങനെയാണ്. ശരീരം മണ്ണിലേയ്ക്ക് മറഞ്ഞാലും ഓര്‍മ്മകള്‍ കൂടുതല്‍ ദീപ്തമായി മനസില്‍ തുടരുകതന്നെ ചെയ്യും. ”ജനം മുഴുവന്‍ നശിക്കാതിരിക്കാന്‍ അവര്‍ക്കുവേണ്ടി ഒരു മനുഷ്യന്‍ മരിക്കുന്നത് നല്ലതാണെന്ന്” (യോഹന്നാന്‍ 11:50) ദൈവം കണ്ടു. ഇന്ന് ആ മരണത്തിലൂടെ ഒരു ജനം രക്ഷിക്കപ്പെട്ടിരിക്കുന്നു, ഈശോ അറിയപ്പെട്ടിരിക്കുന്നു, സുവിശേഷം പ്രസംഗിക്കപ്പെട്ടിരിക്കുന്നു. ആ വിശുദ്ധ മരണത്തിലൂടെ 22 വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ വാഴ്ത്തപ്പെട്ടവള്‍ തന്റെ ജീവിതത്തിലേയ്ക്കും ദൈവത്തിലേയ്ക്കും അനേകരെ ആകര്‍ഷിക്കുന്നു.
ഈ വാഴ്ത്തപ്പെടലിലൂടെ സി. റാണി മരിയാ ഒരു പുണ്യ സങ്കീര്‍ത്തനമായി മാറിയിരിക്കുന്നു, പ്രാര്‍ത്ഥനയ്ക്കും മാതൃകയ്ക്കുമായി ഒരു വിശുദ്ധ സങ്കീര്‍ത്തനം. വിശുദ്ധ പദവി പ്രഖ്യാപനത്തില്‍ അവള്‍ ഒരു സ്തോത്രഗീതമായി (ലൂക്കാ 1:46-55) മാറും. ആ പുണ്യദിനത്തിനായി പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കാം. വാഴ്ത്തപ്പെട്ടവളേ, നിന്നെയോര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു, നിന്റെ മാതൃക പുണരാനാഗ്രഹിക്കുന്നു. ഞങ്ങളും വിശുദ്ധരായിത്തീരാന്‍ നീ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കേണമേ’.
പുണ്യറാണിയായ വാ. റാണി മരിയായുടെ സ്വര്‍ഗ്ഗീയ മാധ്യസ്ഥ്യം പ്രാര്‍ത്ഥിച്ചും നന്മനിറഞ്ഞ ഒരാഴ്ച സ്നേഹപൂര്‍വ്വം ആശംസിച്ചും ഫാ. ബിജു കുന്നയ്ക്കാട്ട്
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
Leave a Reply