ഫാ.ബിജു കുന്നയ്ക്കാട്ട്
അനുദിനം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ആളുകളുടെ ജീവിതവും അഭിരുചികളും മാറിക്കൊണ്ടിരിക്കുന്നു. ഭക്ഷണക്രമങ്ങളും വസ്ത്രധാരണ രീതിയും പരസ്പര ബന്ധങ്ങളിലെ കാഴ്ചപ്പാടുകളുമെല്ലാം. ലോകം മുമ്പോട്ടു പോകുമ്പോള്‍ സ്വാഭാവികമായി ചില മാറ്റങ്ങള്‍ ഉണ്ടാവുക തന്നെ ചെയ്യും. പക്ഷേ ചില മാറ്റങ്ങള്‍ സര്‍വ്വ പരിധികളും കടന്നുപോകുമ്പോള്‍ അതിനെ ‘മോഡേണ്‍ ലൈഫ് സ്‌റ്റൈല്‍’ എന്നുപറഞ്ഞു സമാധാനിക്കാതെ ‘അപകടത്തിലേക്ക് നയിക്കുന്ന വഴി’ എന്നു കൂടി തിരിച്ചറിയേണ്ടതുണ്ട്.
ഫാസ്റ്റ് ഫുഡ് മാത്രം ഭക്ഷണമാക്കുന്നത് അപകടമാണ്. നല്ലതും മാന്യവുമായ വസ്ത്രധാരണരീതി ഉണ്ടായിരുന്നവര്‍ ഏതവസരത്തിലും കീറിപ്പറിഞ്ഞ ജീന്‍സുകളും ഇറുകിപ്പിടിച്ച വസ്ത്രങ്ങളും മാത്രം ധരിച്ച് പൊതുസദസുകളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ആളുകള്‍ മൂക്കത്ത് വിരല്‍ വയ്ക്കും! ‘പണമില്ലാത്തതിന്റെ പേരില്‍ കീറിയ വസ്ത്രം ധരിക്കുന്നവരെ പണമില്ലാത്തതിന്റെ പേരിൽ ദരിദ്രര്‍’ എന്നും പണമുണ്ടായിട്ടും പിഞ്ചിക്കീറിയ വസ്ത്രം ധരിക്കുന്നവരെ ‘സംസ്കാരത്തിന്റെ കാര്യത്തിൽ ദരിദ്രർ’ എന്നും സമൂഹം വിലയിരുത്തും. ഗുരുശിഷ്യ ബന്ധങ്ങള്‍ക്കിടയിലും മാതാപിതാക്കളും മക്കളും തമ്മിലും സ്ത്രീ-പുരുഷ ബന്ധങ്ങള്‍ക്കിടയിലുമൊക്കെ കാഴ്ചപ്പാടുകളില്‍ വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. വിശുദ്ധരുടെ വേഷങ്ങള്‍ കെട്ടി ആത്മീയമായി ആഘോഷിച്ചിരുന്ന ‘ഹാലോവീന്‍ നൈറ്റ്’ പോലുള്ള പല സാമൂഹിക ആഘോഷങ്ങളും ബിസിനസ് തന്ത്രങ്ങളാല്‍ ഹൈജാക്ക് ചെയ്യപ്പെട്ട് വെറുപ്പും അറപ്പും ഉളവാക്കുന്ന തരത്തിലുള്ള കോസ്റ്റ്യൂമുകളിലേയ്ക്ക് മാറിയിരിക്കുന്നു.
ഇത്തരം അപകടകരമായ മാറ്റങ്ങളുടെ ഇരകളാകുന്ന പ്രധാന ഒരു കൂട്ടര്‍ കുട്ടികളാണ്. ശരിയായത് വിവേചിച്ചറിയാന്‍ കെല്‍പ്പില്ലാത്ത ഒരു പ്രായത്തില്‍ ആകര്‍ഷകമായി തോന്നുന്ന എന്തിലേയ്ക്കും കുട്ടികള്‍ ചാടി വീഴും. വെറും പണലാഭത്തിനും വാണിജ്യ നേട്ടത്തിനുമായി ചില തിന്മയായ കാര്യങ്ങളെപ്പോലും ആകര്‍ഷകമായ നന്മയാക്കി കുട്ടികളുടെ മുമ്പില്‍ എത്തിക്കുന്നു. കുട്ടികളറിയാതെ അവരുടെ മനസിനെ കീഴ്പ്പെടുത്തുകയും ബാല്യത്തെ നശിപ്പിക്കുകയും ചെയ്യുന്ന, അപകടകരമായ ചില വീഡിയോ ഗെയിമുകളിലേയ്ക്ക് മാതാപിതാക്കളുടെ അടിയന്തരശ്രദ്ധ പതിയേണ്ടതുണ്ട്. വി. ബൈബിള്‍ പറയുന്നു; ”തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും കരുതുന്നവനു ദുരിതം” (ഏശയ്യാ 5ഃ20).
കുട്ടികളുടെ വിനോദ ഉപാധികള്‍ കുറേ വര്‍ഷങ്ങള്‍ക്കു മുമ്പുവരെ ഇപ്പോഴത്തേതു പോലെയായിരുന്നില്ല. പക്ഷികളുടെയും മൃഗങ്ങളുടെയും വാഹനങ്ങളുടെയുമൊക്കെ ആകര്‍ഷകമായ രൂപങ്ങള്‍ ചക്രം പിടിപ്പിച്ച കളി വാഹനങ്ങളായും കളിക്കാനുള്ള ഉകരണങ്ങളായുമൊക്കെ ഉണ്ടായിരുന്ന കാലം മാറി. ഇന്നു കൊച്ചുകുട്ടികള്‍ പോലും കളിക്കുന്നത് പറക്കുന്ന വിമാനങ്ങളും ഹെലികോപ്റ്ററുകളും ഡ്രോണുകളും ഒറിജിനല്‍ തോക്കിനെ അനുസ്മരിപ്പിക്കുന്ന മെഷീന്‍ ഗണ്ണുകളും ഒക്കെത്തന്നെ. തത്തയെയും പൂച്ചക്കുട്ടിയെയുമൊക്കെ പാവകളായി കളിച്ചിരുന്ന കാലം മാറി ഇന്നു കൂടുതല്‍ രൗദ്രഭാവമുള്ള തേളുകളുടേയും എട്ടുകാലിയുടെയും ദിനോസറിന്റെയുമൊക്കെ രൂപങ്ങളാണ്. ഇതും കടന്ന് ഈ രൂപങ്ങള്‍ ചലിക്കുന്ന രീതിയിലാക്കി വര്‍ണ്ണക്കഥകള്‍ ചേര്‍ത്ത് ഭാവാനാസൃഷ്ടികളാക്കി കുട്ടികളുടെ മുമ്പിലവതരിപ്പിക്കുന്ന വീഡിയോ ഗെയിമുകളിലേയ്ക്ക് കാലം എത്തിയിരിക്കുന്നു.
വിനോദത്തിന്റെയും ജിജ്ഞാസയുടെയും ‘ത്രില്ലു’ വര്‍ദ്ധിപ്പിക്കുന്ന ചില വീഡിയോ ഗെയിമുകള്‍ അത്യന്തം അപകടകാരികളായി മാറുന്നു എന്ന് പലയിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. 2016-ല്‍ ‘The Telegraph’ മാഗസിന്‍ നടത്തിയ സര്‍വ്വേയില്‍, ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച 10 വീഡിയോ ഗെയിമുകളില്‍ പകുതിയിലേറെയും 2016ല്‍ ഏറ്റവും ഭീകരതയും ക്രൂരതയും നിറഞ്ഞ 10 വീഡിയോ ഗെയിമുകളില്‍ ഇടംപിടിച്ചവ തന്നെയാണ്. ഭീതിതപ്പെടുത്തുന്ന ഏറ്റവും ഒടുവിലത്തെ വാര്‍ത്ത ‘ബ്ലൂവെയില്‍’ എന്ന ഗെയിമിനെക്കുറിച്ചാണ്. റഷ്യയില്‍ ഇതിനോടകം 130 കൗമാരക്കാരുടെ ജീവനെടുത്തു ഈ ഓണ്‍ലൈന്‍ ഗെയിം. അമ്പതു ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഗെയിമില്‍ മത്സരാര്‍ത്ഥിയെ ജീവത്യാഗത്തിന്/ആത്മഹത്യയ്ക്ക് വെല്ലുവിളിക്കുക എന്നതാണ് ഒടുവില്‍ സംഭവിക്കുന്നത്. ഹൊറര്‍ സിനിമ ഒറ്റയ്ക്ക് കാണാനും ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിക്കാനും അത് ഓണ്‍ലൈന്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യാനുമൊക്കെയുള്ള വീരസാഹസിക വെല്ലുവിളികളിലേയ്ക്ക് വീഴിക്കുന്ന അത്യന്തം അപകടം നിറഞ്ഞ ഗെയിമാണിത്.
നമ്മുടെ കുഞ്ഞുമക്കള്‍ അപകടത്തില്‍ പെടാതിരിക്കാന്‍ പ്രധാന ശ്രദ്ധ കാണിക്കേണ്ടത് മാതാപിതാക്കള്‍ തന്നെയാണ്. കുട്ടികള്‍ക്കു വീടിനു പുറത്തിറങ്ങി കളിക്കാനോ മറ്റു വിനോദങ്ങളിലേര്‍പ്പെടാനോ ഏറെ സാഹചര്യമില്ലാത്ത യൂറോപ്യന്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ താമസിക്കുന്നവരും നഗരപ്രദേശത്തിന്റെ ചെറിയ ഇടങ്ങളില്‍ ഒതുങ്ങിക്കൂടുന്നവരും മക്കളെ അടക്കിയിരുത്താന്‍ കണ്ടെത്തുന്ന എളുപ്പവഴി മൊബൈല്‍ ഫോണിലോ കമ്പ്യൂട്ടറിലോ അവര്‍ക്കിഷ്ടമുള്ള ഗെയിമുകള്‍ കളിക്കാന്‍ അനുവാദം കൊടുക്കുക എന്നതാണ്. കൂടുതല്‍ സമയം ഗെയിം കളിച്ചാലും വേണ്ടില്ല, വല്ലയിടത്തും അടങ്ങിയൊതുങ്ങി ഇരിക്കുമല്ലോ, ശല്യപ്പെടുത്താന്‍ വരില്ലല്ലോ’ എന്നാണ് ചില രക്ഷിതാക്കളെങ്കിലും കരുതുന്നത്.
ഇനി മുതല്‍ ഇടയ്ക്കിടയ്ക്ക് മാതാപിതാക്കള്‍ ശ്രദ്ധിക്കണം, മക്കള്‍ എന്തു ഗെയിമാണ് കളിച്ചുകൊണ്ടിരിക്കുന്നതെന്ന്. ഒരുമിച്ചുള്ള പ്രാര്‍ത്ഥനയ്ക്കോ ഭക്ഷണത്തിനോ വിളിക്കുമ്പോഴും ‘ഇതു കൂടി കഴിഞ്ഞിട്ടുവരാം’ എന്നുപറയുന്ന മക്കള്‍ ഏറെയാണ്. നല്ല ഗെയിമുകളാണെങ്കില്‍ പോലും അത് അധികമാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇപ്പോള്‍ ഏറെ ജനപ്രീതിയാര്‍ജ്ജിച്ചിരിക്കുന്ന പല ഓണ്‍ലൈന്‍ വീഡിയോ ഗെയിമുകളും പല ഘട്ടങ്ങള്‍ പിന്നിടുന്ന പല ‘സീരിസു’കളായി (ഉദാ: Dark Souls 3, Xcom2, Uncharted 4, Civilization VI, Titan fall 2, Dishonoured 2…) തുടരുന്നവയാണ്. പല എപ്പിസോഡുകളായി തുടരുന്ന ടി വി കണ്ണീര്‍ പരമ്പരകളും തുടര്‍ നോവലുകളും മുതിര്‍ന്നവരെ അപകടകരമായി സ്വാധീനിക്കുമ്പോള്‍, നമ്മുടെ കുട്ടികള്‍ ഭാവിയില്‍ അപകടകാരികളായി മാറിയേക്കാവുന്നത് ഇത്തരം, മനസിനെ താളം തെറ്റിക്കുന്ന അക്രമ, ക്രൂര സ്വഭാവമുള്ള ഓണ്‍ലൈന്‍ വീഡിയോ ഗെയിമുകള്‍ കാണുന്നതു വഴിയായിരിക്കാം. അതുകൊണ്ട് ജാഗ്രതൈ!
എട്ടുവയസ്സു മുതലുള്ളവരെയാണ് ഈ ഗെയിമുകള്‍ പ്രധാനമായി ഉന്നംവയ്ക്കുന്നത്. കൂടുതല്‍ ഗെയിമുകളും 13 വയസ്സിനു മുകളിലുള്ള കുട്ടികളെ ഉദ്ദേശിച്ചാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. അവരുടെ ഈ ചെറുപ്രായത്തില്‍ നായക പരിവേഷമുള്ള വ്യക്തികളായി പ്രത്യക്ഷപ്പെടുന്നവര്‍ മെഷീന്‍ ഗണ്‍ ഉപയോഗിച്ച് എല്ലാം തകര്‍ക്കുന്നവരും അമിത വേഗതയില്‍ വാഹനം ഓടിക്കുന്നവരും അമാനുഷിക കാര്യങ്ങള്‍ ചെയ്യുന്നവരുമൊക്കെയാണ്. ഹൊറര്‍ സിനിമകളും പേടിപ്പിക്കുന്ന ദൃശ്യങ്ങളുള്ള വീഡിയോ ഗെയിമുകളുമൊക്കെ കളിക്കുന്ന കുട്ടികള്‍, ഉറക്കത്തില്‍ പേടിപ്പെടുത്തുന്ന ഭീകര സ്വപ്നങ്ങള്‍ കണ്ട് ഞെട്ടിയുണരുന്നതും പഠനത്തില്‍ പിന്നോട്ടു പോകുന്നതും വീട്ടിലുള്ളവരോടും സുഹൃത്തുക്കളോടുമൊക്കെ മാന്യമല്ലാതെ പെരുമാറുന്നതുമൊക്കെ മാതാപിതാക്കള്‍ ആശങ്കയോടെ പങ്കുവയ്ക്കാറുണ്ട്.
ആധുനികതയുടെയും നഗരവത്കരണത്തിന്റെയുമൊക്കെ സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് തങ്ങളുടെ കുട്ടികളില്‍ നിന്ന് വീഡിയോ ഗെയിമുകള്‍ അപ്പാടെ മാറ്റി നിര്‍ത്താനാവില്ല എന്നതു സത്യം തന്നെ. പക്ഷേ, ഉത്തരവാദിത്വപൂര്‍ണമായ ഒരു മേല്‍നോട്ടം കുട്ടികളുടെ മേല്‍ കൊടുക്കാന്‍ പറ്റും, പറ്റണം. അല്ലെങ്കില്‍ കുട്ടികള്‍ കൈവിട്ടു പോയിട്ടോ, വലിയ അപകടങ്ങളില്‍ ചെന്നു ചാടിയിട്ടോ വിലപിച്ചിട്ടെന്തു കാര്യം? ഭീകര സിനിമകളിലും ആനിമേഷന്‍ ചിത്രങ്ങളും കണ്ടു പരിചയിച്ചപോലെ, മുമ്പിലുള്ള പ്രശ്നത്തെ മറികടക്കാന്‍ ഉടനടി തോക്കെടുത്തു വെടിവെയ്ക്കുന്ന, ക്രൂര കൃത്യങ്ങള്‍ ചെയ്യുന്ന കാഴ്ചപ്പാടുകളിലേയ്ക്ക് നമ്മുടെ പുതുതലമുറ വളരാതിരിക്കാന്‍ കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കളോടൊപ്പം മുതിര്‍ന്ന എല്ലാവര്‍ക്കും ജാഗ്രത പുലര്‍ത്താനാവണം.
അല്പസമയം കിട്ടിയാല്‍ മൊബൈലിലേയ്ക്കോ കമ്പ്യൂട്ടറിലേയ്ക്കോ ഓടുന്നതിനു പകരം മാതാപിതാക്കളുടെ അരികിലേയ്ക്ക വരാനും സന്തോഷത്തോടെ സമയം ചിലവഴിക്കാനും സാധിക്കുന്ന വിധത്തില്‍, മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകട്ടെയെന്നും നമ്മുടെ കുടുംബാന്തരീക്ഷം അതിനനുസരിച്ച് മാറട്ടെയെന്നുമുള്ള പ്രാര്‍ത്ഥനയോടെ,
നന്മനിറഞ്ഞ ഒരാഴ്ച സ്നേഹപൂര്‍വ്വം ആശംസിക്കുന്നു. ഫാ. ബിജു കുന്നയ്ക്കാട്ട്.
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
Leave a Reply