ഫാ. ബിജു കുന്നയ്ക്കാട്ട്
മാതാപിതാക്കളുടെ ഏറ്റവും വലിയ അഭിമാനവും ആനന്ദവും ധനവും അവരുടെ നല്ല മക്കളാണ്. ”നീതിമാ൯െറ പിതാവ് അത്യധികം ആഹ്‌ളാദിക്കും, ജ്ഞാനിയായ പുത്രനെ ലഭിച്ചവന്‍ അവനില്‍ സന്തുഷ്ടി കണ്ടെത്തും. നി൯െറ മാതാപിതാക്കള്‍ സന്തുഷ്ടരാകട്ടെ”. (സുഭാഷിതങ്ങള്‍ 23:24-25). മക്കളുടെ മനസറിഞ്ഞ് അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന നിരവധി മാതാപിതാക്കളുള്ള ഇക്കാലത്ത്, പ്രായമായ മാതാപിതാക്കളുടെ മനസറിഞ്ഞ് അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കുകയും അവരെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന മക്കള്‍ ഒരുപക്ഷേ, കുറവായിരിക്കാം. എന്നാലിതാ, ഒരു നല്ല മകനു ചേര്‍ന്ന അതിവിശിഷ്ടമായ പ്രവൃത്തിയിലൂടെ ലോകത്തുള്ള എല്ലാ മക്കള്‍ക്കും അഭിമാനവും മാതൃകയുമായി മാറിയിരിക്കുന്നു ഡേവിസ് ദേവസ്സി ചിറമേല്‍.
അവയവദാനത്തിലൂടെ ലോകത്തി൯െറ മുമ്പില്‍ കാരുണ്യ സുവിശേഷത്തി൯െറ നേര്‍സാക്ഷ്യമായ റവ. ഫാ. ഡേവിസ് ചിറമേലി൯െറ കുടുംബ പേരില്‍ തന്നെ ഉള്ള മറ്റൊരാള്‍ അനുകരണീയ മാതൃകയാകുന്നു. ‘ചെരിപ്പിടാത്ത അപ്പച്ചനെയാണെനിക്കിഷ്ടം’ എന്ന തലക്കെട്ടോടെ ശ്രീ. ഡേവിസ് ദേവസ്സി ചിറമേല്‍ ത൯െറ ഫേസ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്ത കാര്യമാണ് അദ്ദേഹത്തി൯െറ പിതൃവാത്സല്യം വെളിവാക്കിയത്.
ഡേവിസ് ദേവസ്സി ജോലി ചെയ്യുന്ന ബഹറിനിലേയ്ക്ക് ത൯െറ ഒപ്പം താമസിക്കാന്‍ പലതവണ പിതാവിനെ വിളിച്ചെങ്കിലും വന്നില്ല. മാതാവ് പല തവണ വന്നുപോയെങ്കിലും പിതാവ് വരാന്‍ മടിക്കുന്നതി൯െറ കാരണം പിന്നീടാണ് അദ്ദേഹത്തിന് മനസിലായത്: തനി നാട്ടിന്‍പുറത്തെ രീതിയില്‍ മുണ്ടുടുത്ത്, ചെരിപ്പിടാതെ ശീലിച്ച താന്‍, ആഡംബര വസ്ത്രധാരണമുള്ള മറ്റൊരു നാട്ടില്‍ ത൯െറ പതിവുരീതിയില്‍ ചെന്നാല്‍ മകന് അത് കുറച്ചിലായെങ്കിലോ! ഇക്കാര്യമറിഞ്ഞ മകന്‍ പിതാവിനെ പാന്റ്‌സും ഷൂസും ഇടീപ്പിക്കാനല്ല, ത൯െറ വസ്ത്രധാരണരീതി ത൯െറ പിതാവി൯െറതുപോലെയാക്കാനാണ് തീരുമാനിച്ചത്. മക൯െറ തീരുമാനത്തില്‍ മനം നിറഞ്ഞ് ബഹറിനിലേയ്ക്കു പറന്നു, മുണ്ടുടുത്ത് ചെരിപ്പിടാതെ തന്നെ. അപ്പനെപ്പോലെ തന്നെ മകനും!
ഈ സംഭവ വിവരണത്തോടും ഫോട്ടോയോടുമൊപ്പം ഡേവിസ് ദേവസ്സി കുറിച്ചിരിക്കുന്ന ഹൃദയസ്പര്‍ശിയായ വരികളിങ്ങനെ: ”അപ്പച്ച൯െറ കൂടെ ഞാനും മുണ്ട് ഉടുത്ത് ചെരിപ്പ് ഇടാതെ ഉണ്ടാകും. ഞാന്‍ ഇന്ന് ആരായിരിക്കുന്നുവോ, അത് ആ പിതാവി൯െറ നഗ്നമായ കാലുകള്‍ കൊണ്ട് കുന്നും മലയും പാടവും പറമ്പും കല്ലും മുള്ളും ചവിട്ടി പൊടിഞ്ഞ രക്തത്തി൯െറ പ്രതിഫലമാണ്. മക്കളുടെ പത്രാസിനനുസരിച്ച് മാതാപിതാക്കളെ കോലം കെട്ടിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ചെരുപ്പ് ഇടാതെ നടക്കുമ്പോള്‍ കാലിന് ഒരു ചെറിയ വേദന ഉണ്ട്. പക്ഷേ, ആ വേദനയ്ക്ക് നല്ലൊരു സുഖം കിട്ടുന്നത് മാതാപിതാക്കള്‍ നമുക്ക് വേണ്ടി അനുഭവിച്ച കഷ്ടതകള്‍ ഓര്‍ക്കുമ്പോള്‍ ആണ്. കുഴിമാടത്തില്‍ പൂക്കള്‍ വയ്ക്കുന്നതിനു പകരം ജീവിച്ചിരിക്കുമ്പോള്‍ മാതാപിതാക്കളുടെ കയ്യില്‍ നമുക്ക് പൂക്കള്‍ കൊടുക്കാം. വാര്‍ദ്ധക്യത്തിലായിരിക്കുന്ന മാതാപിതാക്കളെ ബഹുമാനിക്കേണ്ടതും സംരക്ഷിക്കേണ്ടതും ഓരോ മക്കളുടെയും കടമയും ഉത്തരവാദിത്വവുമാണെന്ന് ഞാന്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു”.
ഇത്രയും നല്ല മനസും സ്‌നേഹവുമുള്ള ഒരു മകനെ കിട്ടിയ ആ മാതാപിതാക്കള്‍ തീര്‍ച്ചയായും ഭാഗ്യം ചെയ്തവര്‍ തന്നെ. പ്രായമാകുന്ന മാതാപിതാക്കള്‍ മക്കളാല്‍ പോലും തിരസ്‌കരിക്കപ്പെട്ട് അനാഥാലയങ്ങളിലേക്കെത്തുന്ന ഈ കാലഘട്ടത്തില്‍ ഇതുവരെ തങ്ങള്‍ക്ക് ഉയരാനും വളരാനും കാരണമായതും ജീവിത വിജയത്തിന്റെ പടവുകള്‍ ചവിട്ടിക്കയറാനുള്ള പടവുകളായതും തങ്ങളുടെ മാതാപിതാക്കളാണെന്ന് ഒരു മക്കളും മറക്കരുത്. മാതാപിതാക്കൾ പലപ്പോഴും അനാഥാലയങ്ങളിൽ എത്തുന്നത് അവരുടെ വീട്ടിൽ അവർക്ക് താമസിക്കാൻ ഇടയില്ലാത്തതുകൊണ്ടല്ല, മറിച്ച് അവരുടെ മക്കളുടെ ‘മനസിൽ’ മാതാപിതാക്കൾക്ക് സ്ഥലമില്ലാത്തതു കൊണ്ടാണ്. ജീവിതം മുമ്പോട്ടു പോകുമ്പോഴും കടന്നുവന്ന വഴികളെ മറക്കരുത്. മുമ്പോട്ട് ഓടിക്കൊണ്ടിരിക്കുന്ന ഏതൊരു വാഹനത്തിനും കടന്നുവന്ന വഴികളെ കാണിച്ചും ഓര്‍മ്മിപ്പിച്ചും തരുന്ന സൈഡ് മിറര്‍ ഉള്ളതുപോലെ. ഈ സൈഡ് മിററും അതിലെ കാഴ്ചകളും അറിയാതെ പോകുന്നത് അപകടത്തില്‍ കൊണ്ടുചെന്നെത്തിക്കും.
വിദേശ ജീവിത സാഹചര്യത്തിലും തിരക്കിലും കഴിയുന്നവരാണെങ്കിലും മുടക്കാതെയുള്ള ഒരു ഫോണ്‍വിളി, അതിലൂടെ സ്‌നേഹം തുളുമ്പുന്ന സംസാരം, സുഖവിവരമന്വേഷിക്കല്‍, സാധ്യമാകുമ്പോഴൊക്കെയുള്ള സന്ദര്‍ശനം ഇതൊക്കെയാണ് മക്കള്‍ മാതാപിതാക്കള്‍ക്കു കൊടുക്കുന്ന ഏറ്റവും വലിയ സമ്മാനങ്ങള്‍. തനിയെ ഭക്ഷണം കഴിക്കാന്‍ വയ്യാത്ത അമ്മയുമായി കല്യാണത്തിനു പോയി പന്തിയില്‍ ആ അമ്മയെ ഒപ്പമിരുത്തി ഭക്ഷണം വാരിക്കൊടുത്ത് ത൯െറ അമ്മയെ സന്തോഷിപ്പിച്ച ഒരു മകളുടെ ചിത്രം ഈ നാളുകളില്‍ വാട്‌സാപ്പില്‍ പ്രചരിച്ചിരുന്നു. വയ്യാത്ത അമ്മയാണ് എന്നുപറഞ്ഞ് വിവാഹത്തിന് കൊണ്ടുപോകാതിരിക്കുകയല്ല ആ മകള്‍ ചെയ്തത്. പരാധീനതകളുടെ ഇക്കരെ നിന്നും നേട്ടങ്ങളുടെ അക്കരയിലേയ്‌ക്കെത്തിക്കാനായി ഒരു പാലം പോലെ ജീവിതം ജീവിച്ചു തീര്‍ക്കുന്നവരാണ് മാതാപിതാക്കള്‍.
‘മാതാപിതാക്കള്‍ക്ക് മക്കളോട് പറയാനുള്ളത്’ എന്ന പേരില്‍ ഈ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു സന്ദേശം എല്ലാ മക്കളെയും ചിന്തിപ്പിക്കേണ്ടതാണ്. അതിങ്ങനെ:
* ഞങ്ങള്‍ക്കു വയസായി എന്നു നിങ്ങള്‍ക്കു തോന്നുമ്പോള്‍ ഞങ്ങളോട് ദയതോന്നി ഞങ്ങളെ മനസിലാക്കാന്‍ ശ്രമിക്കണം
* ഞങ്ങള്‍ക്ക് എന്തെങ്കിലും മറവി പറ്റിയാല്‍ ഞങ്ങളോടു ദേഷ്യപ്പെടാതെ, ബാല്യകാലത്ത് നിങ്ങള്‍ക്ക് സംഭവിച്ച മറവികള്‍ ഞങ്ങള്‍ ക്ഷമിച്ചത് ഓര്‍ത്ത് ഞങ്ങളോട് ദയ കാണിക്കണം.
* ഞങ്ങള്‍ക്ക് വയസായി നടക്കാന്‍ വയ്യാതെയാകുകയാണെങ്കില്‍ നിങ്ങള്‍ ആദ്യമായി പിച്ചവച്ചു നടക്കാന്‍ തുടങ്ങിയത് ഓര്‍മ്മിച്ച് ഞങ്ങളെ സഹായിക്കണം.
* ഞങ്ങള്‍ രോഗികളായാല്‍ നിങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനുവേണ്ടി ഞങ്ങളുടെ ആവശ്യങ്ങള്‍ ഉപേക്ഷിച്ചത് ഓര്‍മ്മിച്ച് നിങ്ങളുടെ പണം ഞങ്ങള്‍ക്കുവേണ്ടി ചിലവാക്കുന്നതില്‍ ഉപേക്ഷ വിചാരിക്കരുത്.
* ഞങ്ങളെ നിങ്ങളില്‍ നിന്ന് അകറ്റുന്നതിനു മുമ്പ് ആ ദിവസം ഓര്‍മ്മിക്കണം, ചെറുപ്പത്തില്‍ ഞങ്ങളെ കുറച്ചുസമയം കാണാതിരുന്നപ്പോള്‍, നി൯െറ കണ്ണുനീര്‍ ഞങ്ങളെ കാണുവോളം നിലച്ചിരുന്നില്ല.
ഓരോ മാതാപിതാക്കളും തങ്ങളുടെ മക്കളോടു പറയാനാഗ്രഹിക്കുന്ന കാര്യങ്ങളാണിത്, പ്രത്യേകിച്ച് പ്രായമായവര്‍. മാതാപിതാക്കളെ ‘ഭൂമിയിലെ കാണപ്പെട്ട ദൈവങ്ങളുടെ’ സ്ഥാനത്തു കാണുന്ന, ബഹുമാനിക്കുന്ന മക്കള്‍ക്ക് ഐശ്വര്യവും സമൃദ്ധിയും കൈവരും. ”മകനേ നി൯െറ പിതാവി൯െറ പ്രബോധനം ചെവിക്കൊള്ളുക, മാതാവി൯െറ ഉപദേശം നിരസിക്കരുത്”. (സുഭാഷിതങ്ങള്‍ 1:8) ദൈവം നല്‍കിയ പത്തു കല്പനകളില്‍ ആദ്യ മൂന്ന് എണ്ണം ദൈവത്തോടു ബന്ധപ്പെട്ടു നില്‍ക്കുന്നതാണെങ്കില്‍ അവസാന ആറ് എണ്ണം മനുഷ്യനുമായി ഉണ്ടാകേണ്ട ബന്ധത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ഈ രണ്ടു വിഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന കണ്ണിപോലെ നാലാം പ്രമാണം ദൈവം നല്‍കിയിരിക്കുന്നു: ”മാതാപിതാക്കളെ ബഹുമാനിക്കണം.” അര്‍ത്ഥവത്താണിത്: കാരണം ദൈവദാനമായ ജീവനെ ഒരു മനുഷ്യരൂപത്തിലാക്കി ഈ ഭൂമിയിലേയ്‌ക്കെത്തിക്കുന്ന സുപ്രധാന കണ്ണിയാണ് മാതാപിതാക്കള്‍.
“ഭൂമിയില്‍ നീ ദീര്‍ഘകാലം ജീവിക്കേണ്ടതിന് നി൯െറ അപ്പനേയും അമ്മയേയും ബഹുമാനിക്കുക” (പുറപ്പാട് 20:12) എന്നതാണ് ദൈവം മനുഷ്യന് നല്‍കി വാഗ്ദാനത്തോടു കൂടിയ ആദ്യ കല്പന. ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ പിതാവ്, ഈശോയുടെ വളര്‍ത്തുപിതാവായ മാര്‍ യൗസേപ്പു പിതാവി൯െറ തിരുനാള്‍ ലോകമെങ്ങും അനുസ്മരിക്കുന്ന ഈ പുണ്യദിനത്തില്‍, അദ്ദേഹത്തി൯െറ മധ്യസ്ഥം എല്ലാ മാതാപിതാക്കള്‍ക്കുമായി പ്രാര്‍ത്ഥിക്കാം. ”ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പേ, തിരുക്കുടുംബത്തി൯െറ എത്രയും വിവേകമുള്ള കാവല്‍ക്കാരാ, അങ്ങയുടെ മക്കളെ കാത്തുകൊള്ളണമേ. അങ്ങുന്നൊരിക്കല്‍ ഉണ്ണീശോയെ മരണകരമായ അപകടത്തില്‍ നിന്നു സംരക്ഷിച്ചതുപോലെ ഞങ്ങളെയും കാത്തുകൊള്ളണമേ”.
അനുഗ്രഹം നിറഞ്ഞ നോമ്പുകാലത്തി൯െറ മറ്റൊരാഴ്ച സ്‌നേഹപൂര്‍വ്വം ആശംസിക്കുന്നു.
സ്നേഹപൂര്‍വ്വം ഫാ. ബിജു കുന്നയ്ക്കാട്ട്
ഞായറാഴ്ചയുടെ സങ്കീർത്തനം -38
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.